വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് രണ്‍ബീര്‍- ആല്യ വിവാഹ തീയതി പുറത്തുവിട്ട് ഭട്ട് കുടുംബം. ഏപ്രില്‍ 14 ന് മുംബൈയില്‍ വെച്ച് രണ്‍ബീര്‍ കപൂറും ആല്യ ഭട്ടും വിവാഹിതരാകും. ബാന്ദ്രയിലെ രണ്‍ബീറിന്റെ വീട്ടിലാകും വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങ് 13ന് നടക്കുമെന്നും ആല്യയുടെ പിതാവിന്റെ സഹോദരന് റോബിന് ഭട്ട് പറഞ്ഞു.
2017 ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്. 2018 ല്‍ നടന്ന സോനം കപൂറിന്റെ വിവാഹ ചടങ്ങില്‍ ഒരുമിച്ച് എത്തിയതോടെ ഊഹാപോഹങ്ങള്‍ ഒഴിഞ്ഞ് ചിത്രം വ്യക്തമായി. ശേഷം ഒരു അഭിമുഖത്തില്‍ തങ്ങള്‍ ഡേറ്റിങ്ങിലാണെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇസ്റ്റാഗ്രാം അക്കൗണ്ടുകളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. 2020ല്‍തന്നെ ഇരുവരും വിവാഹം കഴിക്കുമെന്ന് രണ്‍ബീര്‍ വ്യക്തമാക്കിയെങ്കിലും കൊവിഡ് സാഹചര്യം കാരണം വിവാഹം നീണ്ടുപോകുകയായിരുന്നു.
പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നുമാണ് പ്രണയം ആരംഭിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 09 ന് പുറത്തിറങ്ങും.
39 കാരനായ രണ്‍ബീര്‍ താരദമ്പതികളായ റിഷി കപൂറിന്റേയും നീതു സിംഗിന്റേയും മകനാണ്. 2007ല്‍ പുറത്തിറങ്ങിയ സാവരിയായാണ് ആദ്യ ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ സഞ്ചു ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
29 കാരിയായ ആല്യ ഭട്ട് ബ്രിട്ടീഷ് പൗരയാണ്. സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ്. 1999ല്‍ പുറത്തിറങ്ങിയ സംഘര്‍ഷ് എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് ആല്യ ആദ്യമായി സ്ക്രീനില്‍ എത്തുന്നത്. 2012 ല്‍ പുറത്തിറക്കിയ കരണ്‍ജോഹര്‍ സിനിമ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നായികയായി അരങ്ങേറ്റം. രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: