കണ്ണൂര്‍ : നന്ദിഗ്രാമില്‍ നേരിട്ട തിരിച്ചടി പാര്‍ട്ടിക്ക് മുമ്പിലുണ്ട്. അതുകൊണ്ട് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇതുസംബന്ധിച്ച് ജനങ്ങളെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുതെന്നും സിപിഎം ബംഗാള്‍ ഘടകം. പദ്ധതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഘടകം വിഷയം കേന്ദ്ര നേതൃത്വം കേരളത്തിന് ബോധ്യപ്പെടുത്തി കൊടുക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടികോണ്‍ഗ്രസില്‍ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രതിപാദിച്ചിരുന്നു. ഇതുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി പോലെ നന്ദി ഗ്രാം പാഠമാക്കാന്‍ ബംഗാള്‍ ഘടകം കേരളത്തോട് ആവശ്യപ്പെടുകയായിരുന്നു. ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിയാകും, വിശദമായി പഠനം നടത്തിയശേഷം ജനങ്ങളില്‍ ബോധവത്കരണം നടത്തിയ ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാന്‍ പാടൊള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ബംഗാള്‍ ഘടകം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളഘടകം പൂര്‍ണമായും ഇതിനെ പിന്തുണയ്ക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. സാമൂഹികാഘാത പഠനം പുറത്തുവന്നതിനുശേഷം പ്രതികരിക്കാമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.
അതേസമയം എന്നാല്‍ ഭൂമിക്ക് ഇരട്ടി വിലയുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച് ഏത് വിധേനയും പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാ സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: