ഡോ. സന്തോഷ് മാത്യു
പാകിസ്ഥാന് എന്ന ഉറുദു വാക്കിന്റെ അര്‍ഥം പരിശുദ്ധി എന്നാണ്. എന്നാല്‍ പരിശുദ്ധമായ കാര്യങ്ങളല്ല അവിടുന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. താത്ക്കാലിക പ്രധാനമന്ത്രി ഇമ്രാന് ഖാനും സൈന്യവും രണ്ടു വഴിക്ക് നീങ്ങുകയാണ്. ഇമ്രാന്റെ ഘടക കക്ഷികള്‍ അദ്ദേഹത്തെ കൈവിട്ടു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പിന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ഇമ്രാന് ഖാന്റെ ശിപാര്‍ശ പ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
അവിശ്വാസ പ്രമേയം അവതരിപ്പിച്ചശേഷം അതില്‍ വോട്ടെടുപ്പിന് നില്‍ക്കാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യുന്നതും ആ ശിപാര്‍ശ പ്രസിഡന്റ് സ്വീകരിക്കുന്നതും നല്ല കീഴ്വഴക്കമല്ല. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തന്റെ മുന്നണിയിലെ മുഖ്യ ഘടക കക്ഷിയായ എംക്യുഎംപി പിന്തുണച്ചതിനൊപ്പം സ്വന്തം കക്ഷിയായ പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയില്‍ നിന്ന് ഒട്ടേറെപ്പേര്‍ കൂറുമാറുകയും ചെയ്തതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇമ്രാന് ഖാന് ‘ഫൗള്‍’ കളിച്ചത്. പാകിസ്ഥാനില്‍ 2018ല്‍ ഇമ്രാന് ഖാനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് സൈന്യമാണ്. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ വിജ്ഞാപനമടക്കം സുപ്രീംകോടതിയുടെ പരിശോധനയിലായ സാഹചര്യത്തില്‍ ഇക്കാര്യവും അനിശ്ചിതത്വത്തിലായി.
കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒരു മുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ്. പേര് നിര്‍ദേശിക്കാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി ആവശ്യപ്പെട്ട പ്രകാരമാണിത്. ഭരണഘടനയുടെ 224 എ (4) അനുച്ഛേദം അനുസരിച്ച് കാവല്‍ പ്രധാനമന്ത്രിയെ നിയമിക്കുന്നതുവരെ ഇമ്രാന് ഖാന് പ്രധാനമന്ത്രിയായി തുടരുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു.
എന്തായാലും പാക് രാഷ്ട്രീയത്തില്‍ സുപ്രീം കോടതിയും സൈന്യവും വീണ്ടും നിര്‍ണായകമായി. മുമ്പ് ജനറല്‍ പര്‍വേസ് മുഷറഫിന്റെയും, അഞ്ചുവര്‍ഷം മുമ്പ് ഷഹബാസിന്റെ ജ്യേഷ്ഠന് നവാസ് ഷെറീഫിന്റെയും പതനത്തില്‍ സുപ്രീംകോടതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ സൈന്യത്തോളം മുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധാനവുമില്ല. 75 വര്‍ഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം ഭരിച്ചത് സൈന്യമാണ്. അത്തരത്തില്‍ നേരിട്ടുള്ള സൈനികവാഴ്ചയോ അല്ലെങ്കില്‍ സൈന്യം തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ഭരിക്കുന്ന ‘ജനാധിപത്യ’ സംവിധാനം തന്നെയായിരിക്കുമോ പാകിസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
(പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: