ഇസ്ലാമബാദ് : പാക് സൈന്യത്തിന്റെ ദുര്‍ബലതകള്‍ മുഴുവന്‍ വെളിവാകുന്ന സംഭവമായിരുന്നു പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ബലൂചിസ്ഥാനില്‍ നടന്നത്. ബലൂചിസ്ഥാന്‍ മേഖലയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്റെ നിറയെ യാത്രക്കാരുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്സ്പ്രസാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര് മി തട്ടിയെടുത്തത്. അന്നേരം തീവണ്ടിയില്‍ 400ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ചാവേറുകളാണ് തട്ടിക്കൊണ്ടുപോയ തീവണ്ടിയുടെ കാവല്‍ ഏറ്റെടുത്തത്. നിരവധി പാക് സൈനികരെയും ഇവര്‍ ബന്ദികളാക്കിയിരുന്നു. സ്വതവേ ക്വെറ്റ ഭാഗത്തേക്കുള്ള തീവണ്ടിയില്‍ പാക് സൈനികര്‍ പതിവായി യാത്ര ചെയ്യാറുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ 190 ബന്ദികളെ മോചിതരാക്കുകയും തീവണ്ടിയെ തീവ്രവാദികളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തെങ്കിലും അതിന് പാക് സൈന്യത്തിന് വലിയ വിലകൊടുക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബലൂച് ആര്‍മി ചാവേറുകള്‍ പൊട്ടിത്തെറിച്ചതോടെ 30 ഓളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പറയുന്നു.
മണിക്കൂറുകളോളം ട്രെയിനിലെ യാത്രക്കാരെ ബന്ദികളാക്കുകയും ട്രെയിന്‍ പിടിച്ചുവെയ്ക്കുകയും ചെയ്തപ്പോള്‍ ഒന്നും ചെയ്യാനാവാതെ പാക് സൈന്യം അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോയിരുന്നു. നിറയെ തുരങ്കപാതകളുള്ള ഒരു പ്രദേശമാണ് യാത്രാതീവണ്ടി തട്ടിയെടുക്കാന്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര് മി തെരഞ്ഞെടുത്തത്. അതിനാല്‍ പാക് സൈന്യത്തിന് എളുപ്പത്തില്‍ പ്രത്യാക്രമണം നടത്താനോ ബന്ദികളായവരെ മോചിപ്പിക്കാനോ കഴിയാത്ത സ്ഥിതിയായി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വൈറലായതോടെയാണ് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ബന്ദികളെയും തീവണ്ടിയെയും മോചിപ്പിക്കാന്‍ പാക് സേന ഒരുമ്പെട്ടിറങ്ങിയത്.
ക്വെറ്റയിലേക്ക് പാകിസ്ഥാന് അയച്ചത് 200 ശവപ്പെട്ടികള്‍
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ അവകാശവാദം ശരിവെയ്ക്കുന്ന ഒട്ടേറെ സൂചനകള്‍ ലഭിക്കുന്നുണ്ട്. സംഭവം നടന്ന ക്വെറ്റയിലേക്ക് പാക് സര്‍ക്കാര്‍ 200 ശവപ്പെട്ടികള്‍ അയച്ചുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൂടുതല്‍ ശവപ്പെട്ടികള്‍ തയ്യാറാക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്. അതിനര്‍ത്ഥം പാക് സര്‍ക്കാര്‍ പുറത്തുവിട്ട മരണക്കണക്ക് തീര്‍ത്തും വ്യാജമാണെന്നാണ്.
എന്നാല്‍ പാക് സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം മുഴുവന്‍ പാളിപ്പോയിരുന്നു. നാല് സൈനികരും 21 ബന്ദികളും മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്ഥാന് അവകാശപ്പെടുന്നതെങ്കിലും 50 ബന്ദികളെയും നിരവധി സൈനികരെയും കൊന്നുവെന്നാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നത്. പാകിസ്ഥാന് സര്‍ക്കാര്‍ 200 ശവപ്പെട്ടികള്‍ അയച്ചുവെങ്കില്‍ അതിനര്‍ത്ഥം പാക് സര്‍ക്കാര്‍ പുറത്തുവിട്ട മരണക്കണക്ക് തീര്‍ത്തും വ്യാജമാണെന്നാണ്. ബലൂചിസ്ഥാന്‍ ആര്‍മി പറയുന്നത് 50 ബന്ദികളെ കൊന്നു എന്നാണെങ്കില്‍ ബാക്കി കൊല്ലപ്പെട്ട 150 പേര് പാക് പട്ടാളക്കാരാണോ? എന്ന ചോദ്യവും ഉയരുന്നു. എന്തയാലും തെക്ക് പടിഞ്ഞാറന്‍ ബലൂച് മേഖലയില്‍ പാകിസ്ഥാന് സേന ദുര്‍ബലമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
പാക് സൈന്യത്തെ ആക്രമിക്കുന്ന ബലൂചിസ്ഥാന്‍ ആര്‍മിയുടെ വീഡിയോ പുറത്ത്
എന്തായാലും പാക് സേനയുടെ ദുര്‍ബലതകള്‍ മുഴുവന്‍ വെളിച്ചത്താക്കുന്ന ആക്രമണമായിരുന്നു ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പാക് സൈന്യത്തെ തന്റേടത്തോടെ ആക്രമിക്കുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ കരുത്ത് തുറന്നുകാട്ടുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാക് സൈന്യത്തിന് ഭാവിയില്‍ വലിയ വെല്ലുവിളിയാകാന്‍ പോവുകയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന വ്യക്തമായ സൂചനയാണ് ഈ സംഭവം നല്‍കുന്നത്.
ആദ്യമൊക്കെ ചാവേര്‍ സ്ഫോടനങ്ങള്‍ മാത്രം നടത്തിയിരുന്ന നിലയില്‍ നിന്നും ഒരു യാത്രാ തീവണ്ടി തട്ടിയെടുത്ത് നിരവധി യാത്രക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കുകയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച പാക്സേനയ്ക്ക് വന്‍ നാശനഷ്ടം വിതയ്ക്കുകയും ചെയ്തത് വഴി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ പേടിപ്പിക്കുന്ന ശക്തിയായി വളര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: