തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും മോശപ്രകടനം കാഴ്ചവയ്ക്കുന്നത് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. സ്ഥലംമാറ്റവും കോടതി വ്യവഹാരങ്ങളും അടക്കമുള്ള ഭരണപരമായ കാര്യങ്ങളില്‍ ആരോഗ്യവകുപ്പിന് കടുത്ത അനാസ്ഥയെന്നും വിലയിരുത്തല്‍. വകുപ്പ് തലവന്മാരുടെ സംസ്ഥാനതല യോഗത്തിലാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസിന്റെ വിമര്‍ശനം. ഇതിനെതുടര്‍ന്ന് ആരോഗ്യവകുപ്പിന് കീഴിലെ വിവധ വിഭാഗങ്ങളിലെ മേധാവികള്‍ക്ക് ആരോഗ്യ സെക്രട്ടറി രാജന് ഖോബ്രഗഡേ കത്തയച്ചു.
ട്രാന്‍സ്ഫറുകള്‍, പ്രൊബേഷന്‍ ഡിക്ലറേഷന്‍, സ്ഥാനക്കയറ്റം, അച്ചടക്കനടപടികള്‍, സിനിയോരിറ്റി ലിസ്റ്റ്, പെന്ഷന് സംബന്ധിച്ച വിഷയങ്ങള്‍, ലീവ് സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ ഗുരുതരവീഴ്ചകളുണ്ടായി എന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തലെന്ന് കത്തില്‍ പറയുന്നു. കോടതി കേസുകളിലും വിധികളിലും സമയബന്ധിതമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. 30-40 വര്‍ഷം മുമ്പുള്ള കേസുകള്‍ ഇപ്പോഴും വലിച്ചിഴക്കുന്നു. അവധി സംബന്ധിച്ച് 1980 മുതല്‍ നടക്കുന്ന കേസ്, നിയവിരുദ്ധമായ പിരിച്ചുവിടല്‍ എന്നിവയടക്കം നിരവധി കേസുകള്‍ ഇത്തരത്തിലുണ്ട്. കോടതിയലക്ഷ്യ കേസുകള്‍ ക്ഷണിച്ചുവരുത്തുന്നു, കൃത്യമായി നോക്കാത്തതിനാല്‍ കേസുകള്‍ തോറ്റ് വലിയതുക നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു, തുടങ്ങി വലിയ വീഴ്ചകളാണ് ഉണ്ടാകുന്നത്.
നിയസഭാ കമ്മിറ്റികള്‍, വിവിധ കമ്മീഷനുകള്‍, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൃത്യമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഹെല്‍ത്ത് ഡയറക്ടറേറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും ഇ ഓഫീസ് സംവിധാനം, ജനസൗഹൃദ ഓഫീസുകള്‍ എന്നിവ നടപ്പിലാക്കുന്നതിലും ഏറെ പിന്നിലാണെന്ന രൂക്ഷവിമര്‍ശനവും കത്തിലുണ്ട്. ചീഫ് സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങളില്‍ എത്രയും പരിഹാരം ഉണ്ടാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിര്‍ദ്ദേശം. വീഴ്ചകളുണ്ടായ വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അയ്യായിരത്തോളം ഫയലുകള്‍ കാണാതായതും മരണക്കണക്കുകള്‍ മറച്ച് വച്ചതും ഏറെ വിവാദമായിരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ഗ്രേഡ് പേ, റേഷ്യോ പ്രമോഷന്, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെ തുടര്‍ന്ന് കെജിഎംഒഎ കൊവിഡിന്റെ ഒന്നാം തരംഗം മുതല്‍ സമരത്തിലാണ്. ഇതുവരെ പ്രശ്നപരിഹാരം കാണാനായിട്ടില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന തെറ്റായ ഉത്തരം നിയമസഭയില്‍ ആരോഗ്യമന്ത്രിക്ക് തയാറാക്കി നല്കിയതും വിവാദമായിരുന്നു. ആരോഗ്യത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ചീഫ്സെക്രട്ടറിയുടെ വിമര്‍ശനമെന്നാണ് വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം പുറത്തായതോടെ ന്യായീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വകുപ്പുതല നിര്‍ദേശങ്ങശങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അതിനെ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുകയാണെന്നുമാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: