പണിമുടക്കു കാലത്തെ മാധ്യമ ഭാഷയ്ക്ക് ചില പൊതു രീതികളുണ്ട്. ഓരോ വാക്കിന്റെയും പ്രയോഗത്തിന്റെയും ആവര്‍ത്തനങ്ങളാണ് പണിമുടക്കു വാര്‍ത്തകളെ പലപ്പോഴും ‘രസകര’മാക്കുന്നത്.
ചിലര്‍ പണിമുടക്കില്‍ ‘പങ്കെടുക്കും.’ ചിലര്‍ പണിമുടക്കിനോട് ‘ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.’ ഐക്യദാര്‍ഢ്യ പ്രകടനമെന്നാല്‍ സന്ദര്‍ഭമനുസരിച്ച് വെറും പ്രഖ്യാപനമോ പങ്കാളിത്തമോ ആകാം.
പണിമുടക്കു വിജയിച്ചാല്‍ ‘ജനജീവിതം സ്തംഭി’ക്കും. ‘ജീവിതം സ്തംഭിച്ചു’ എന്നെഴുതിയാല്‍ പക്ഷിമൃഗാദികളുടെ ജീവിതമാണോ എന്നും സംശയിച്ചേക്കാമല്ലോ! അതുകൊണ്ടാവാം പണിമുടക്കുകാരും ലേഖകരും ‘ജീവിത’ത്തിനു മുന്നില്‍ ‘ജന’ചേര്‍ക്കാന്‍ മറക്കാത്തത്.
ചിലപ്പോള്‍ ‘ജന’ത്തിന്റെ സ്ഥാനത്ത് ‘സാധാരണ’ കാണാം. ‘സാധാരണ ജീവിതവും’ ‘സാധാരണക്കാരുടെ ജീവിതവും’ സ്തംഭിക്കാറുണ്ട്. ഒരു പണിമുടക്കിലും സാധാരണക്കാരല്ലാത്തവരുടെ ജീവിതം സ്തംഭിക്കാറില്ലാത്തതിനാലാവാം ഈ പ്രയോഗങ്ങള്‍ സാധാരണമായത്.
‘സ്തംഭന’ത്തിനൊപ്പം തന്നെ നില്ക്കും ‘നിശ്ചലം.’ ‘കേരളം നിശ്ചലം,’ ‘ജില്ല നിശ്ചലം’ ‘മലയോരങ്ങള്‍ നിശ്ചലം’ തുടങ്ങിയ തലക്കെട്ടുകള്‍ ഇത്തവണയും കണ്ടു. ‘നിശ്ചലം’ എന്നു കാണുമ്പോള്‍ത്തന്നെ ചിലര്‍ ഹൃദയമിടിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ചിട്ടുണ്ടാവാം!
പണിമുടക്ക് ചിലപ്പോള്‍ ‘ഹര്‍ത്താലാ’യോ ‘ബന്ദാ’യോ മാറാം. ചില പണിമുടക്കുകള്‍ ഹര്‍ത്താലോ ബന്ദോ ആയി മാറുന്നത് ‘അക്ഷരാര്ത്ഥ’ത്തില്‍ മാത്രമാണ്. ഹര്‍ത്താലിനോ ബന്ദിനോ ‘സമാന’മാകുന്ന പണിമുടക്കുകളുമുണ്ട്. ‘ഐതിഹാസികമായ,’ ‘ചരിത്രമായ’ ‘ചരിത്രം സൃഷ്ടിച്ച,’ ‘ചരിത്രം രചിച്ച’ എന്നീ പഴഞ്ചരക്കുകളെയും ഇത്തവണ ‘പണിമുടക്കി’നു മുന്നില്‍ കണ്ടു.
പണിമുടക്കു ദിവസം റോഡുകള്‍ ‘നിരത്തു’കളാകും. വണ്ടികളെല്ലാം അന്ന് ‘വാഹന’ങ്ങളാണ്, ഓട്ടമെന്നാല്‍ ‘നിരത്തിലിറങ്ങ’ലും. കടകള്‍ക്കും കമ്പോളങ്ങള്‍ക്കും അന്ന് സ്വതന്ത്രമായ നിലനില്‍പ്പില്ല. ‘കടകമ്പോളങ്ങള്‍’ ഒന്നിച്ചേ നില്ക്കൂ. കട അടഞ്ഞാലോ അടഞ്ഞിരുന്നാലോ പോരാ, ‘അടഞ്ഞുകിടക്കുക’തന്നെ വേണം!
‘വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു’
ഇതാണ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുവരുന്ന തലക്കെട്ട്!
‘വണ്ടികള്‍ ഓടിയില്ല
കടകള്‍ തുറന്നില്ല’
എന്ന് ആരെങ്കിലും ഒന്നെഴുതിക്കണ്ടെങ്കില്!
‘സ്തംഭന’ത്തെയും ‘നിശ്ചല’ത്തെയും കടത്തിവെട്ടുന്ന ഒരു കിടിലന്‍ പ്രയോഗം ഇത്തവണ എത്തിയിട്ടുണ്ട്- ‘ഗര്‍ജ്ജനം.’
‘ഇന്ത്യ ഗര്‍ജ്ജിച്ചു’ എന്ന തലക്കെട്ടു കണ്ട ഉടന്‍ പലരും പത്രം വായന മതിയാക്കി മാളങ്ങളില്‍ ഒളിച്ചുകാണും! ‘സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും’ എന്നപോലെ ‘ഗര്ജ്ജിപ്പിക്കും ഗര്ജ്ജിപ്പിക്കും’ എന്ന മുദ്രാവാക്യവും അടുത്ത പണിമുടക്കുകാലത്ത് മുഴങ്ങിയേക്കാം.
ഇന്ത്യ ‘അലറി’, കേരളം ‘ചിന്നം വിളിച്ചു’, മലയോരമാകെ ‘മുരണ്ടു’ തുടങ്ങിയ തലക്കെട്ടുകളും പ്രതീക്ഷിക്കാം!
പിന്കുറിപ്പ്:
അടുത്ത പണിമുടക്ക് കഴിഞ്ഞ്
കൊടുക്കാവുന്ന ഒരു തലക്കെട്ട്.
”ഇന്ത്യ വെന്റിലേറ്ററില്‍”
(പകര്‍പ്പവകാശം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: