കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന് ബി. രാമന്‍പിള്ളയ്ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്കി. നേരത്തെ നല്കിയ പരാതിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. രാമന്‍പിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വീണ്ടും ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.
പുതിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടികള്‍ തുടങ്ങി. സീനിയര്‍ അഭിഭാഷകനായ ബി. രാമന്‍പിള്ള, അഡ്വ. ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റിയെന്നും പരാതിയില്‍ പറയുന്നു. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം. നേരത്തെ നല്കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു. പരാതിയില്‍ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് കെ.എന്‍ അനില്‍കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: