തിരുവനന്തപുരം: സംസ്ഥാന റെസ്ലിംഗ് അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച ഗ്രാന്റ് തുക വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയില്‍ കേരള സംസ്ഥാന റെസ്ലിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലുമായ വി.എന്‍. പ്രസൂദിനെതിരെ കോടതി കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തത്. അസോസിയേഷന് സെക്രട്ടറിയായിരുന്ന എസ്. അനില്‍ വാസവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
2017 വരെ അസോസിയേഷന് സെക്രട്ടറിയായിരുന്ന പ്രസൂദും പ്രസിഡന്റ് ആയിരുന്ന ജി. വര്‍ഗീസും 2017 ആഗസ്റ്റ് 15 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ നാലുവര്‍ഷക്കാലത്തേക്ക് സെക്രട്ടറിയായി അനില്വാസനും പ്രസിഡന്റായി പ്രസൂദും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 30 വര്‍ഷമായി അസോസിയേഷന് സെക്രട്ടറി പദവിയില്‍ തുടര്‍ന്നിരുന്ന പ്രസൂദ് പുതിയ സെക്രട്ടറിക്ക് മിനിറ്റ്സ് ബുക്ക്, ക്യാഷ് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ കൈമാറിയില്ല. തുടര്‍ന്ന് അനില്‍ വാസവന് സെക്രട്ടറിയായിരിക്കുമ്പോള്‍ അനില്‍ വാസവന് അറിയാതെ മുന്‍ പ്രസിഡന്റായിരുന്ന വര്‍ഗീസിന്റെ ഒപ്പു ഉപയോഗിച്ച് താന്‍ സെക്രട്ടറിയാണെന്ന് കാട്ടി പ്രസൂദ് രണ്ടു ചെക്കുകളിലായി 2,10,000 രൂപ പിന്വലിക്കുകയായിരുന്നുവത്രെ. ഇതിനെതിരെ നല്കിയ പരാതിയിലാണ് കോടതി കേസെടുത്തത്. വിശ്വാസവഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനുമുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അസോസിയേഷന് കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നു ഗ്രാന്റ് ഇനത്തിലും കായികതാരങ്ങളില്‍ നിന്നു എന്‍ട്രി ഫീസിനത്തിലും ലഭിക്കുന്ന തുക വര്‍ഷങ്ങളായി വ്യാജ കണക്ക് എഴുതിയ ശേഷം പ്രസൂദ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയാണ് ചെയ്തിരുന്നതെന്ന് അനില്‍ വാസവന് ആരോപിച്ചിരുന്നു. സ്വന്തമായി തുക അഡ്വാന്‍സ് ചെയ്തതായി പുസ്തകത്തില്‍ എഴുതി രേഖയുണ്ടാക്കി സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ഗ്രാന്റ് ലഭിക്കുമ്പോള്‍ എഴുതിയെടുക്കുകയാണ് പ്രസൂദിന്റെ പതിവെന്നും അനില്‍ വാസവന്റെ പരാതിയില്‍ പറയുന്നു. കായിക നിയമപ്രകാരം മൂന്നു ടേം മാത്രമാണ് ഒരാള്‍ക്ക് പ്രധാനപദവികളായ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്തിരിക്കാന്‍ സാധിക്കുകയെന്നും എന്നാല്‍ പ്രസൂദ് 32 വര്‍ഷത്തിലധികമായി പ്രധാന പദവികളില്‍ തുടരുകയാണെന്നും പറയുന്നു.
ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് അനില്‍ വാസവനെ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരായ കേസ് മുന്‍സിഫ് കോടതിയിലുണ്ട്. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ജില്ലാ റെസ്ലിംഗ് അസോസിയേഷന് ട്രഷററായിരുന്ന സന്തോഷ്കുമാര്‍ നല്കിയ കേസും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: