അങ്ങനെ പണിമുടക്കെന്ന സാമൂഹികോത്സവം ആറാട്ടോടെ സമാപിച്ചു. അതിന്റെ നേട്ടവും കോട്ടവും എത്ര ചര്‍ച്ച ചെയ്താലും കൃത്യമായ തീയതി ഇല്ലാതെ മേപ്പടി ഉത്സവം വരുമെന്നതത്രേ പ്രത്യേകത. അഖിലേന്ത്യാ പണിമുടക്കായാലും അഖിലലോക പണിമുടക്കായാലും അത് ദൈവത്തിന്റെ നാട്ടില്‍ മാത്രമേ നിറപ്പൊലിമയോടെ നടക്കുകയുള്ളൂ എന്നത് വേറെ കാര്യം.
കാര്യങ്ങള്‍ തന്റെ രീതിയില്‍ കാണുന്ന കേളപ്പേട്ടന് പണിമുടക്കിനെക്കുറിച്ച് വ്യാഖ്യാനിച്ചത് ഇങ്ങനെ: ‘പണിയില്ലാത്തവര്‍ പണിയുള്ളവന്റെ പണിമുടക്കി പണിയുണ്ടാക്കുന്ന ഏര്‍പ്പാടാ’ണ് പണിമുടക്ക്. കൊവിഡ് കാലത്ത് എങ്ങനെയെങ്കിലും ഒരു പണി കിട്ടിയാല്‍ കഞ്ഞി കുടിക്കാന്‍ കഴിയുമായിരുന്നു എന്നു കരുതി പ്രാര്‍ത്ഥിച്ചു നടന്നവര്‍ കാലം അത്യാവശ്യം മാറിയതോടെ ഉള്ള പണി നിര്‍ത്തിവച്ച് അര്‍മാദിക്കുന്ന സ്ഥിതിയായി. പണിമുടക്ക് കോലാഹലത്തിനിടയില്‍ ‘ആ കൊവിഡ് കാലമായിരുന്നു നല്ലതെന്ന്’ മനമുരുകി പറയുന്നവര്‍ നാട്ടിലെമ്പാടുമുണ്ടായിരുന്നു. എന്തിനായിരുന്നു ഈ പണിമുടക്കെന്ന ചോദ്യത്തിന് ആഗോള സമ്പദ് വ്യവസ്ഥയുടെ കാണാച്ചരടുകള്‍ അഴിക്കാനാണ് നേതാക്കള്‍ മത്സരിച്ചത്. മഹാമാരിയില്‍ നിന്ന് പതിയെപ്പതിയെ തല നിവര്‍ത്തി വരുമ്പോള്‍ കമ്പിപ്പാര കൊണ്ട് മൂര്‍ധാവില്‍ അടിയേറ്റ പ്രതീതിയാണ് എവിടെയും. പേര് അഖിലേന്ത്യ പണിമുടക്ക് എന്നാണെങ്കിലും കേരളമെന്ന ഠാ വട്ടത്തു മാത്രമുള്ള ചുറ്റിക്കളിയായിരുന്നു ഇതെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ മനസ്സിലാക്കാനായി എന്നൊരു വശമുണ്ട്. ഒരര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പണിമുടക്ക് എന്നു പറയാം.
ഭാരതപ്പുഴ കേരളത്തിന്റെ മാത്രമായ പുഴയാണെങ്കിലും പേരില്‍ ഭാരതം എന്ന് കേള്‍ക്കുമ്പോള്‍ ഒരഖിലേന്ത്യാ ചുവ ഉണ്ടല്ലോ. അതേപോലെയാണ് അഖിലേന്ത്യാ പണിമുടക്കും. അന്നന്നത്തെ അന്നത്തിനു വേണ്ടി പെടാപ്പാട് പെടുന്ന പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞ് സത്ത് ഊറ്റിയെടുക്കുന്ന ഒരു സംവിധാനമായി ഈ പണിമുടക്ക് അധപ്പതിച്ചു. ജനങ്ങളെ പരമാവധി ഉപദ്രവിക്കാന്‍ ഔദ്യോഗികമായി കൊണ്ടുവന്ന പീഡനോപകരണമായി പണിമുടക്ക് മാറിയിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണ്.
കേന്ദ്രസര്‍ക്കാരിനെ ‘വരച്ച വരയില്‍ നിര്‍ത്താന്‍’ മുള്ളു മുരട് മൂര്‍ഖന്‍ പാമ്പുവരെയുള്ള കക്ഷികള്‍ ഒന്നിച്ചു നടത്തിയ പൊറാട്ടുനാടകം കൊണ്ട് എന്തു നേട്ടമുണ്ടായി എന്ന് തലയില്‍ ആളു താമസമുള്ള നേതൃമ്മന്യന്മാര്‍ ഒന്ന് ആലോചിക്കുന്നത് നന്ന്.
ഒരുഭാഗത്ത് കെ റെയിലിന്റെ പേരില്‍ പോലീസ്- മാഫിയാ ഗുണ്ടായിസം. അതിന്പിന്‍പാട്ടുമായി പണിമുടക്കിന്റെ പേരില്‍ നാട്ടിലങ്ങിങ്ങോളം വേതാള വേട്ടയാടല്‍. പണിമുടക്ക് സമാധാനപരമായിരിക്കുമെന്ന് ഉറപ്പു കൊടുത്ത നേതാക്കന്മാരുടെ നാട്ടില്‍ പോലും പൊതുജനങ്ങള്‍ വ്യാപകമായി മര്‍ദ്ദനത്തിനും കയ്യേറ്റത്തിനും വിധേയരായി.കേരളത്തിലെ ഏതോ കോണിലെ രാമനെയും കല്യാണിയേയും കൈയേറ്റം ചെയ്യുക വഴി കേന്ദ്ര സര്‍ക്കാരിന് എന്തു സന്ദേശമാണ് ഇവര്‍ കൊടുത്തത്. രോഗികളുമായി പോയ വാഹനം തല്ലിത്തകര്‍ത്തും സ്വന്തം ഓട്ടോയില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ കുടുംബത്തെ മര്‍ദിച്ചവശരാക്കിയും പണിമുടക്കിന്റെ വിജയം ആഘോഷിച്ചവര്‍ വാസ്തവത്തില്‍ മനുഷ്യര്‍ തന്നെയോ എന്ന് സ്വയം ചിന്തിക്കേണ്ടതല്ലേ? ഈ മനുഷ്യരുടെയും നല്ല ജീവിതത്തിന് വേണ്ടിയാണ് പണിമുടക്കെന്നാണല്ലോ കൊട്ടിഘോഷിക്കുന്നത്.
എല്ലാം നഷ്ടപ്പെട്ടവന് ദൈവം തുണ എന്നു പറഞ്ഞതു പോലെ കോടതിയാണ് ശക്തമായി രംഗത്തു വന്നത്. ജനാധിപത്യം എന്നത് ഏകാധിപത്യമായി മാറിയ ഇന്നത്തെ അന്തരീക്ഷത്തില്‍ ജുഡീഷ്യറി കൂടി ഇല്ലായിരുന്നെങ്കില്‍ ബ്രിട്ടീഷുകാരുടെ അടിമകളായി കഴിഞ്ഞ അതേ അനുഭവം ഉണ്ടാവുമായിരുന്നു. 48 മണിക്കൂറിലെ പണിമുടക്കാഭാസം കോടതി കര്‍ക്കശ നിലപാടെടുത്തതോടെ അല്പം അയഞ്ഞത് ജനങ്ങള്‍ക്ക് നല്കിയ സമാധാനം ചില്ലറയല്ല. കോടതിയുടെ ജനാധിപത്യ സംസ്കാരത്തെ അംഗീകരിക്കാന്‍ കഴിയാത്ത നേതാക്കള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രംഗത്തുവന്ന നേതാക്കള്‍ ഏതു സംസ്കാരത്തെയാണ് ഉള്‍ക്കൊണ്ടത് എന്ന ചോദ്യം ശേഷിക്കുന്നു. തൊഴിലാളികളുടെ പണിമുടക്കവകാശം ചോദ്യം ചെയ്യാനാവില്ല എന്നു ധാര്‍ഷ്ട്യപ്പെടുന്ന നേതാക്കള്‍ എന്തുകൊണ്ടാണ് സാധാരണ പ്രജയുടെ അവകാശത്തെ മാനിക്കാത്തത്? അതല്ല സാധാരണ പ്രജയ്ക്ക് ഒരു അവകാശവും ഇല്ലെന്നാണോ? വേണമെങ്കില്‍ കൊടി പിടിച്ചോ, അല്ലെങ്കില്‍ മുദ്രാവാക്യം വിളിച്ചോ എന്നാണോ? അവസരവാദത്തിന്റെ കെട്ടുകാഴ്ച നടത്തി സ്വന്തം കുടുംബത്തിനും സന്തതി പരമ്പരകള്‍ക്കും കുന്നോളം കൂട്ടി വെക്കാന്‍ നോക്കുന്നവര്‍ ഒന്നറിയണം. നിങ്ങളുടെ കൊള്ളയും മധ്യസ്ഥപ്പണിയും ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. അരച്ചായയ്ക്ക് വകതേടി സ്റ്റേഷനറിക്കട തുറന്നവനെ അടിച്ചു വശംകെടുത്തുമ്പോള്‍ കുത്തക മുതലാളിയുടെ കൂറ്റന്‍ മാളുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത് കാണുന്നില്ല. പാര്‍ട്ടിപ്പരിപാടിക്ക് പന്തല്‍ കെട്ടുന്നത് കാണുന്നില്ല. സാധാരണക്കാരന്റെ ജീവന് അവന്റെ മാത്രമാണ്. മറ്റുള്ളവരുടേത് അങ്ങനെയല്ല. നമുക്കു മനസ്സിലാകാത്ത ഈ വാദമാവുമോ വൈരുദ്ധ്യാത്മക ഭൗതികവാദം. അതോ തിരിച്ചോ?
വാദങ്ങളും വാദഗതികളും എന്തായാലും പലരും കാത്തിരിക്കുകയാണ് മേപ്പടി മഹോത്സവത്തിന്. തീയതി മാത്രമേ അറിയേണ്ടതുള്ളൂ. ഒരാഘോഷത്തിന്റെ പൊട്ടും പൊടിയുമായി അങ്ങനെ പോകാം. അടുത്ത ആഘോഷത്തിലേക്ക് അത്ര ദീര്‍ഘസമയം ഉണ്ടാവാന്‍ തരമില്ല. കാത്തിരുന്നാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: