ജയ്പൂര്‍: ഹിന്ദു പുതുവത്സരം ആഘോഷിച്ചുകൊണ്ടുള്ള മോട്ടോര്‍സൈക്കിള്‍ റാലിയ്‌ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് രാജസ്ഥാനിലെ കരോലിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് കരോലി സ്ഥിതിചെയ്യുന്നത്.
അക്രമം തടയുന്നതിന്റെ ഭാഗമായി 36പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി ക്രമസമാധാനച്ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാറിയ പറഞ്ഞു. അക്രമം ഒഴിവാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്.അപവാദപ്രചരണം തടയാന്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു.
സംഘര്‍ഷബാധിത പ്രദേശത്തിന്റെ വീഡിയോ
നവസംവത്സര റാലി മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹത്വാര ബസാറിലൂടെ കടന്നുപോകുമ്പോഴാണ് റാലിയ്‌ക്ക് നേരെ കല്ലേറുണ്ടായത്. ഇതേ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമികള്‍ മൂന്ന് ബൈക്കുകളും ഏതാനും കടകളും കത്തിച്ചു. ഹിന്ദു പുതുവത്സരത്തിന്റെ ആദ്യദിനം നവവത്സരമായി കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. അക്രമങ്ങളില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കുണ്ട്. ചികിത്സയില്‍ കഴിയുന്ന ചിലരുടെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളമുണ്ടെന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്തിനാല്‍ ജില്ലാഭരണകൂടവും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നില്ല.
ഗവര്‍ണര്‍ കല്‍രാജ് മിശ്രയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിജിപി എം.എല്‍. ലാതറും പരസ്പരം ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 50 ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ഏകദേശം 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണനരാഷ്‌ട്രീയമാണ് ഇതിന് കാരണം. ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലിയെ ആക്രമിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.’- അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ മാനസികാവസ്ഥ രാജസ്ഥാനില്‍ വളരാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വസുന്ധര രാജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: