ഷാങ്ഹായി: ഇതുവരെ സീറോ കോവിഡ് എന്ന കര്‍ശന ലക്ഷ്യം നിലനിര്‍ത്തിയിരുന്ന ചൈന ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദത്തിന് മുന്നില്‍ മുട്ടുകുത്തുന്നു. കഴിഞ്ഞ ഒരു മാസമായി രോഗം പടര്‍ന്ന് പിടിക്കുകയാണ്. ചൈനയുടെ സാമ്പത്തികകേന്ദ്രമായ ഷാങ്ഹായില്‍ കര്‍ശന ലോക്ഡൗണിലും വീട്ടില്‍ അടച്ചിട്ടിരിക്കാനുള്ള നിര്‍ദേശത്തിലും ജനങ്ങള്‍ അമര്‍ഷം പ്രകടിപ്പിക്കുകയാണ്.
ഷാങ്ഹായിയുടെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന അടച്ചിടല്‍ ഇപ്പോള്‍ കിഴക്കന്‍ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഇതോടെ 2.6 കോട ജനങ്ങളാണ് ഈ നഗരത്തില്‍ ലോക്ഡൗണിന്റെ ഭാരം അനുഭവിക്കുന്നത്. എന്തായാലും കോവിഡ് പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രണാധീനമായാല്‍ മാത്രമേ ലോക്ഡൗണില്‍ ഇളവുണ്ടാകൂ. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പോലെ ചൈന വളര്‍ത്തിയെടുത്ത ലുജിയാസൂയി നഗരം പാടെ അടച്ചിട്ടിരിക്കുകയാണ്. ടെസ് ലയുടെ പ്ലാന്റും ഫോക്സ് വാഗണ്‍ സെയ്ക് മോട്ടോഴ്സുമായി ആരംഭിച്ച സംയുക്തസംരംഭവും എല്ലാം ഇവിടെയാണ്. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവാകുന്ന കേസുകളില്‍ ലോകത്തിലെ നാലെണ്ണത്തില്‍ മൂന്നെണ്ണവും ഇപ്പോള്‍ ചൈനയിലാണ്. ഇവിടെ വീടുകളില്‍ നിന്നും കോവിഡ് ടെസ്റ്റിന് മാത്രമാണ് ആളുകളെ പുറത്തുവിടുന്നത്. ഷാങ്ഹായി ഓട്ടോ ഷോ പോലുള്ള വലിയ പരിപാടികള്‍ നടത്തുന്ന ഷാങ്ഹായിലെ ഇന്റര്‍നാഷണല്‍ എക്സ്പോ സെന്റര്‍ ഇപ്പോള്‍ കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന ക്വാറന്റൈന് കേന്ദ്രമാക്കി മാറ്റി. ഒമിക്രോണിന്റെ ബിഎ2 ഉപവകഭേദമാണ് പടരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ദിവസേന 32,000 പേര്‍ക്ക് വരെ രോഗം ബാധിച്ചിരുന്നു. ഇപ്പോള്‍ കേസുകള്‍ കുറഞ്ഞുവരുന്നു.ഫാക്ടറികള്‍ പൂട്ടിയിടേണ്ടി വന്നത് വലിയ നഷ്ടത്തിന് കാരണമാക്കിയിരിക്കുകയാണ്. തൊഴിലാളികളെ ലേ ഓഫ് ചെയ്യുന്നതും പതിവായിരിക്കുന്നു.
കോവിഡ് ടെസ്റ്റിന് ഹാജരായില്ലെങ്കില്‍ ആളുകളെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന രീതിയാണവിടെ. വീഡിയോ കാണാം:
അതേ സമയം ഞെട്ടിപ്പിക്കുന്നതാണ് ഹോങ്കോങിലെ മരണനിരക്ക്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് പണം വാങ്ങി വാക്സിന് വിറ്റഴിച്ച് പേരെടുത്തെങ്കിലും ചൈനയുടെ ഉള്ളിലെ വാക്സിന് വിതരണത്തിലെ വീഴ്ചകളും വിമര്‍ശന വിധേയമാകുന്നു. ഇപ്പോഴും 80ല്‍ കൂടുതല്‍ പ്രായമുള്ളവരില്‍ 25 ശതമാനം മാത്രമാണ് വാക്സിന് നല്‍കിയിട്ടുള്ളത്. ഇത് മൂലം മരിക്കുന്നവരില്‍ 70 ശതമാനം പേരും 80ല്‍ കൂടുതല്‍ പ്രായമുള്ളവരാണെന്ന് കണക്കുകള്‍.
മരണസംഖ്യയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഒരാഴ്ചയായി 10 ലക്ഷം പേരില്‍ 35 പേര് എന്ന തോതിലാണ് ഹോങ്കാങ്ങില്‍ ദിവസേന മരണം സംഭവിക്കുന്നതെന്ന് പറയുന്നു. ചൈനയിലെ മറ്റൊരു പ്രദേശത്തും ഇത്രയും ഉയര്‍ന്ന തോതില്‍ മരണം രേഖപ്പെടുത്തുന്നില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നപ്പോഴും പത്ത് ലക്ഷം പേരില്‍ മൂന്ന് പേര് വീതം മാത്രമാണ് മരിച്ചിരുന്നത്. കോവിഡ് മരണത്തിന് പേര് കേട്ട ബ്രസീലില്‍ പോലും പത്ത് ലക്ഷം പേരില്‍ 14 പേര് വീതമാണ് ദിവസേന മരിച്ചിരുന്നത്.
ഷാങ്ഹായില്‍ ദിവസേന ആയിരക്കണക്കിന് പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. വെള്ളിയാഴ്ച മാത്രം 7,300 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതുവരെ രാജ്യത്തെ ‘സീറോ കോവിഡ്’ എന്ന രീതിയില്‍ കൊണ്ടുനടന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഇത് വലിയ വെല്ലുവിളിയായാണ് ഈ സാഹചര്യത്തെ കാണുന്നത്.
ചൈനയിലെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായി അടച്ചിടില്ലെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഘട്ടംഘട്ടമായുള്ള അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാങ്ഹായിലെ പുഡോംഗ് പ്രദേശത്ത് നാല് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏറെ ജനസാന്ദ്രതയുള്ള പുക്സി മേഖലയില്‍ വീട്ടിനുള്ളില്‍ അടച്ചിരിക്കാനാണ് നിര്‍ദേശം. ഇത് രണ്ട് പ്രദേശങ്ങളിലുമുള്ള ജനങ്ങളില്‍ വലിയ രോഷം സൃഷ്ടിച്ചിരിക്കുകയാണ്.
ഭക്ഷണക്ഷാമത്തെപ്പറ്റി ഷാങ്ഹായി സ്വദേശികള്‍ ഓണ്‍ലൈനില്‍ പരാതി പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, അനന്തമായി വീടിനുള്ളില്‍ അടച്ച് ജീവിക്കുന്നതില്‍ അസ്വസ്ഥതയും അവര്‍ പ്രകടിപ്പിച്ചു തുടങ്ങിയതായി പറയുന്നു. ‘ഇത് നഗരത്തിലാകെയുള്ള ഒരു ലോക് ഡൗണ്‍ പോലെ തോന്നുന്നു. പുഡോഗ് നഗരത്തിലെ തെരുവുകളിലെല്ലാം ലോക്ഡൗണ്‍ തന്നെ’ -ഒരു ചൈനീസ് പൗരന് വെയ്ബോ എന്ന ചൈനയിലെ സമൂഹമാധ്യമത്തില്‍ ്ലോക്ഡൗണിനോടുള്ള അസ്വസ്ഥത പ്രകടിപ്പിച്ചു.
ഈ കടുത്ത നിയന്ത്രണങ്ങള്‍ കാരണം ഭ്രാന്തമായി ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു. ഇത് പലപ്പോഴും ആവശ്യക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്ത സ്ഥിതിയുണ്ടാക്കി. ഓണ്‍ലൈനില്‍ പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയാണ്. വളരെ മോശം രീതിയിലാണ് ഷാങ്ഹായില്‍ ലോക്ഡൗണ്‍ നടത്തിയതെന്നും പലരും വെയ്ബോയില് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: