തിരുവനന്തപുരം : സില്‍വര്‍ ലൈനായി സിപിഎമ്മും പിണറായി സര്‍ക്കാരും വാദിക്കുമ്പോഴും പദ്ധതി നടത്തിപ്പിന്റെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. കെ റെയില്‍ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള നിരക്കും പദ്ധതിയുടെ വരുമാനം കണക്കാക്കുന്നതിനായി തയ്യാറാക്കിയ നിരക്കും തമ്മില്‍ വലിയ വ്യത്യാസമുള്ളതായാണ് ഡിപിആറില്‍ പറയുന്നത്.
പദ്ധതിയുടെ വരുമാനം ഉയര്‍ത്തിക്കാണിക്കാന്‍ കുറഞ്ഞനിരക്കില്‍ വര്‍ധനവരുത്തി മറ്റൊരു കണക്ക് ഉണ്ടാക്കുകയാണെന്നും ഇതില്‍ സംശയം ഉയരുന്നുണ്ട്. ഗതാഗതപദ്ധതിയുടെ യാത്രാവരുമാനം കണക്കാക്കാന്‍ ഉപയോഗിച്ച കുറഞ്ഞനിരക്ക് തന്നെയാകണം ആ പദ്ധതിയുടെ യഥാര്‍ത്ഥ യാത്രാക്കൂലിയും. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ ഇത് രണ്ടിലും രണ്ട് നിരക്കാണ് കാണിക്കുന്നത്. സിസ്ട്ര തയ്യാറാക്കിയ വിശദപഠനരേഖയിലാണ് ഇത്തരത്തില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
കിലോമീറ്ററിന് 2.75 രൂപ നിരക്കിലാണ് കുറഞ്ഞ യാത്രക്കൂലി കണക്കാക്കിയത്. ഇതുപ്രകാരം കെ റെയിലിന് 1602 കോടിയാണ് വാര്‍ഷികവരുമാനം കണക്കാക്കുന്നത്. എന്നാല്‍ വരുമാനക്കണക്ക് പ്രത്യേകമായി പറയുന്നിടത്ത് കുറഞ്ഞ യാത്രക്കൂലി കിലോമീറ്ററിന് 3.91 രൂപയാണ്. ഇതുപ്രകാരം വരുമാനം 2276 കോടി ലഭിക്കും. 42 ശതമാനം വര്‍ധനയാണ് കുറഞ്ഞനിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇത് 2025-26ല്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുശേഷം കുറഞ്ഞ യാത്രക്കൂലി 3.58 രൂപ നിരക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. വരുമാനം 2451 കോടിയും. വരുമാനക്കണക്കിന്റെ പ്രത്യേകഭാഗത്ത് കുറഞ്ഞ യാത്രക്കൂലി ഈ സമയത്ത് 6.58 രൂപയാക്കി നിശ്ചയിച്ചു. വരുമാനം 4504 കോടിയാക്കി ഉയര്‍ത്തി.
2041-42ല്‍ കുറഞ്ഞനിരക്ക് 7.20 രൂപയും വരുമാനം 6926 കോടിയുമാണ്. എന്നാല്‍, വരുമാനം മാത്രം വിലയിരുത്തുന്ന ഭാഗത്ത് കുറഞ്ഞനിരക്ക് 10.77 രൂപയും വരുമാനം 10,361 കോടിയും കാണിക്കുന്നു. ഇത്തരത്തില്‍ കണക്കുകളിലുണ്ടായ വ്യത്യാസം ബോധപൂര്‍വമല്ലെങ്കില്‍ ഇതും തിരുത്തേണ്ടിവരും.
അതേസമയം പദ്ധതിക്കായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരമെന്ന വാഗ്ദാനവുമായി സിപിഎം പ്രവര്‍ത്തകര്‍. ദേശീയ പാത വികസനത്തിനായി ഭൂമിവിട്ടുനല്‍കിയവര്‍ക്ക് പോലും നാലിരട്ടി കിട്ടിയിട്ടില്ലെന്നിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയാകും അടിസ്ഥാനം. നഗരത്തില്‍ നിന്ന് 10 കിമീ ദൂരത്തെങ്കില്‍ ഇരട്ടിയിലധികം വില.ഗ്രാമങ്ങളിലേക്ക് പോകും തോറും വില കൂടും. ഇങ്ങനെയാണ് ഇവര്‍ വാദിക്കുന്നത്.
2013ലെ കേന്ദ്ര ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ചാണ് എല്ലാ വികസന പദ്ധതികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. ഈ നിയമ പ്രകാരം സമീപകാലത്ത് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ദേശീയ പാത വികസനത്തിനായിരുന്നു. ഉയര്‍ന്ന ഭൂമിവിലയുളള ദേശീയ പാതയോരത്ത് പോലും ഭൂമിക്ക് നാലിരട്ട് പോയിട്ട് രണ്ടിരട്ടി പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നിരിക്കെ കെ റെയിലിനെങ്ങനെ നാലിരട്ടി നല്‍കാനാകുമെന്നതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: