കൊൽത്ത: ആറ് സ്ത്രീകളേയും രണ്ട് കുട്ടികളെയും തീയിട്ട് കൊന്ന ബിർഭൂം കൂട്ടക്കൊല ബംഗാളിലെ ക്രമസമാധാന സംവിധാനം തകര്‍ന്നതിന്റെ സൂചനയെന്ന് ബിജെപി റിപ്പോര്‍ട്ട്.
നേരത്തെ തൃണമൂല്‍ പഞ്ചായത്ത് നേതാവ് ബഡു ഷേഖിനെ വധിച്ചതിനുള്ള പ്രതികാരമായാണ് ബഡു ഷേഖിന്റെ ഗുണ്ടകള്‍ ബിര്‍ഭൂമിലെ ബോഗ്തുയില്‍ തൃണമൂല്‍ കുടുംബത്തില്‍പ്പെട്ട ആറ് സ്ത്രീകളെയും രണ്ട് കുട്ടികളെയും വീട് പുറത്ത് നിന്ന് പൂട്ടിയിട്ട ശേഷം വീടിനുള്ളിലിട്ട് മര്‍ദ്ദനത്തിന് ശേഷം തീയിട്ട് കൊന്നത്. ഇത് ബിര്‍ഭൂം പ്രദേശത്ത് തൃണമൂല്‍ അനുഗ്രഹാശിസ്സുകളോടെ അരങ്ങേറുന്ന പണം തട്ടിപ്പറിക്കല്‍ സംഘങ്ങളുടെ പരസ്പര ശത്രുതയുടെ ഭാഗമാണെന്നും ബിജെപി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തി.
സംഭവം നടന്ന ബിര്‍ഭൂമിലെ ബോഗ്തുയില്‍ ബിജെപി അന്വേഷണ സമിതി അംഗങ്ങൾ നേരിട്ട് സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാര്‍ പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു.
നാല് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരും ബംഗാളിലെ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറും ഉള്‍പ്പെട്ട ബിജെപി സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ബുധനാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്ക് കൈമാറി. പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ, രാജ്യസഭാ എംപിയും മുൻ ഉത്തർപ്രദേശ് ഡിജിപിയുമായ ബ്രജ്‌ലാൽ, ലോക്‌സഭാ എംപിയും മുൻ മുംബൈ പോലീസ് കമ്മീഷ്ണറുമായ സത്യപാൽ സിംഗ്, രാജ്യസഭാ എംപിയും മുൻ ഐപിഎസ് ഓഫീസറുമായ രാമമൂർത്തി, മുൻ ഐപിഎസ് ഓഫീസറും ബിജെപി വക്താവുമായ ഭാരതി ഘോഷ് എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്.
ഈ കേസ് ഇപ്പോള്‍ സിബി ഐ അന്വേഷിച്ച് വരികയാണ്. കല്‍ക്കത്ത ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്‌ക്ക് വിട്ടത്. ബിര്‍ഭൂം കൂട്ടക്കൊലയുടെ സത്യാവസ്ഥ പുറത്തുവരാന്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണം അനുവദിച്ചത് വിധി പ്രസ്താവിച്ചത്. എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്ത, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: