മുണ്ടക്കയം: മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പിലേക്ക് വരുന്ന വാഹനങ്ങള്‍ അനധികൃതമായി ദേശീയ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്റെ വശങ്ങളില് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പൈങ്ങനായിക്ക് സമീപം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
വിദേശ മദ്യശാലയില്‍ നിന്ന് അമിതവേഗത്തില്‍ ദേശീയപാതയിലേക്ക് വാഹനങ്ങള്‍ ഇറങ്ങി വരുന്നതു മൂലം അപകടങ്ങളും പതിവാണ്. ഒരാഴ്ചക്കിടയില്‍ എട്ടും, ഒന്‍പതും അപകടമാണ് മേഖലയില്‍ സംഭവിക്കാറുള്ളത്.
ദേശീയപാതയോരത്ത് സമീപം വിദേശമദ്യ ഷോപ്പ് പ്രവര്‍ത്തിക്കുന്നതിന് മുന്‍കാലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാം ആയവുവന്നതോടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹന പാര്‍ക്കിങ്. ഒട്ടുമിക്ക ശനിയാഴ്ചകളിലും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്.
പകല്‍ സമയത്ത് മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കാറുണ്ടെങ്കിലും, ഇത് എല്ലാ സമയങ്ങളിലും സാധ്യമാകില്ല. പൊതുഅവധി ദിവസത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ പൈങ്ങനാ പാലം മുതല്‍ വൈഎംസിഎ ജങ്ഷന് വരെ ഗതാഗതകുരുക്ക് നീളം.
പാതയോരത്തെ അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കുവാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: