ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. രാത്രി 10 മണിയോടെ എത്തിയ കാട്ടാന വീടിന്റെ ജനല്‍ കുത്തിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചു. ഏഴാം ബ്ലോക്കിലെ താമസക്കാരായ കുമാരന്‍-ഓമന ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്ന വീടാണ് ആക്രമിച്ചത്. ചെങ്കായത്തോട് കോളനിയില്‍ നിന്നും ഫാമില്‍ താമസമാക്കിയ രാജുവിന്റേതാണ് ഈ വീട്.
രാജു മക്കളുടെ പഠനാര്‍ത്ഥം മാസങ്ങളായി കോളനിയിലേക്ക് താമസം മാറിയിരുന്നു. ഇവരുടെ ബന്ധുക്കളാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിച്ചു വരുന്ന കുമാരനും ഓമനയും. ഞായറാഴ്ച ആനയെത്തുന്ന സമയത്ത് കുമാരനും-ഓമനയും സമീപത്തെ വീട്ടില്‍ ടിവി കാണാന്‍ പോയിരുന്നു. ടിവി കണ്ടു സമയം വൈകിയതിനാല്‍ അവിടെത്തന്നെ ഉറങ്ങി. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് ആന തകര്‍ത്തനിലയില്‍ കാണുന്നത്.
നിരവധി വീടുകളുള്ള മേഖലയില്‍ കാട്ടാനയിറങ്ങി വീട് തകര്‍ത്തത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഫാമിനും ഇവിടുത്തെ പുനരധിവാസമേഖലയിലെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. നിത്യമെന്നോണം വനപാലകര്‍ ഇവയെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അവ വീണ്ടും ഫാമിലേക്ക് പ്രവേശിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവയെ പ്രതിയോരോധിക്കാനുള്ള സംവിധാനം എന്ന നിലയില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതെല്ലാം കടലാസ്സിലൊതുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: