മൂന്നാര്‍: കെഎസ്ഇബി അനധികൃതമായി പാട്ടത്തിന് നല്‍കിയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പ് എന്‍ഒസി നിഷേധിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
മൂന്നാറിലെ തന്നെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ് സ്ഥലം പാട്ടത്തിനെടുത്തത്. എന്നാല്‍ പ്രത്യേക നിയമ പരിരക്ഷയുള്ള സ്ഥലത്ത് ജില്ലാ കളക്ടറുടെ എന്‍ഒസി പോലും വാങ്ങാതെ നിര്‍മാണം നടത്തുകയായിരുന്നു. എന്‍ഒസി ഇല്ലാതെ നടത്തിയ നിര്‍മാണം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ലംഘനമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
പള്ളിവാസല്‍ പദ്ധതിയുടെ ഭാഗമായ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക് ഡാമിന് സമീപമാണ് ഹൈഡല്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ ആകെയുള്ള 18 ഏക്കറില്‍ 4.5 ഏക്കറാണ് മൂന്നാര്‍ സഹ. ബാങ്കിന് കൈമാറിയത്. വലിയ തോതില്‍ നിര്‍മാണങ്ങള്‍ ആരംഭിച്ചതോടെ വിഷയം ഹൈക്കോടതി കയറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായ ആര്‍. രാജാം റാമിന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെടുന്നത്.
അതീവ സുരക്ഷാ മേഖലയ്‌ക്കൊപ്പം നിര്‍മാണ നിരോധനമുള്ള വില്ലേജില്‍ തണ്ണീര്‍ത്തടമടക്കം നികത്തിയാണ് നിര്‍മാണം നടത്തിയത്. ഇതിനായി സഹ. ബാങ്ക് ഉപകരാറും നല്‍കിയിരുന്നു. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. നിര്‍ദിഷ്ട പള്ളിവാസല്‍ പ്രോജക്ടിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ആരംഭിക്കുന്നതും ഇതിന് സമീപത്ത് നിന്നാണ്.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ല കളക്ടറും സര്‍ക്കാരിന് കത്ത് നല്‍കി. പരാതിക്കാരനെയും ബാങ്കിനെയും കേട്ട ശേഷമാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് എ. ജയതിലക് ഉത്തരവിറക്കിയത്. ഇതോടെ ജില്ലയില്‍ അനധികൃതമായി കെഎസ്ഇബി പാട്ടത്തിന് കൈമാറിയ സ്ഥലങ്ങള്‍ തിരിച്ച് പിടിക്കാനുള്ള നടപടിയും ഊര്‍ജിതമാക്കുകയാണ് റവന്യൂ വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: