തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. ശമ്പളം ഇല്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യാന്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിലാണ് കോടിയേരിയുടെ ഈ പ്രസ്താവന.
സമരം സര്‍ക്കാര്‍ സ്പോണ്‍സേഡ് അല്ല. ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡയസ്നോണ്‍ പ്രഖ്യാപിച്ചത്. കോടതി ഉത്തരവ് ദേശീയ പണിമുടക്കിനെ മാത്രമല്ല ബാധിക്കുക, ഇത് നാളെ സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളവര്‍ദ്ധനവിന്റെ പ്രശ്നം വന്നാലും ആനുകൂല്യങ്ങളുടെ പ്രശ്നം വന്നാലും പണിമുടക്കാനുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശം ഇല്ലാതെയാവുകയാണെന്ന് കോടിയേരി പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഉത്തരവുകള്‍ വരുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാവണം. ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അംഗീകാരത്തോടെയായിരുന്നുവോ. പണി മുടക്ക് ദിവസം നമുക്ക് ശമ്പളമുണ്ടാകില്ല എന്ന ബോധത്തിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലല്ല. പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കേണ്ടതില്ല. സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: