കെ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ വസ്തുതകള്‍ മറച്ചുപിടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കപടനാടകത്തിലെ രംഗങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അവകാശപ്പെട്ട കാര്യങ്ങള്‍ ഉത്തരവാദിത്വബോധമുള്ള ഒരു ഭരണാധികാരിയില്‍നിന്ന് പ്രതീക്ഷിക്കുന്നതായിരുന്നില്ല. കേരളത്തിന് വിനാശകരമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ടെക്നോക്രാറ്റുകളും സാമൂഹ്യചിന്തകരും ഒരേ സ്വരത്തില്‍ വേണ്ടെന്നു പറയുന്ന ഒരു പദ്ധതിക്കെതിരെ കടുത്ത ജനരോഷമുയരുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി മോദിയുമായി വളരെ തിടുക്കത്തില്‍ ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. സ്വാഭാവികമായി അത് അനുവദിക്കുകയും ചെയ്തു. കേരളത്തിന്റെ സമഗ്രപുരോഗതിക്കുതകുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം തന്നെ അനുവദിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ അനുകൂല നിലപാടുണ്ടായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നും, വികസനനായകനായ ഒരു പ്രധാനമന്ത്രി ഇതിന് പച്ചക്കൊടി കാട്ടുമെന്നുമുള്ള ധാരണ സൃഷ്ടിക്കാനുള്ള നാടകമാണ് ദല്‍ഹിയിലെ അനുചരന്മാരുടെ സഹായത്തോടെ മുഖ്യമന്ത്രി പിണറായി ആസൂത്രണം ചെയ്തത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഈ നാടകം എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു. നാണക്കേടു മറയ്ക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രിയും കൂട്ടരും ആകെ വലഞ്ഞുപോയി.
കേരളത്തിന് പല നിലയ്ക്കും വിനാശകരമായ സില്‍വര്‍ലൈന്‍ പദ്ധതി പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തിയും തരംതാണ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും വിജയിപ്പിച്ചെടുക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കരുതുന്നത്. കെ റെയില്‍ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായതിനാല്‍ കൂടിക്കാഴ്ചയിലൂടെ പ്രധാനമന്ത്രിയില്‍നിന്ന് അനുകൂല തീരുമാനം സംഘടിപ്പിച്ചെടുക്കാമെന്ന ലക്ഷ്യമാണ് പിണറായിക്കുണ്ടായിരുന്നത്. പ്രധാനമന്ത്രിയില്‍നിന്ന് അനുകൂലമായ ഒരു പ്രതികരണമെങ്കിലുമുണ്ടായാല്‍ അതുവച്ച് മുതലെടുക്കാനായിരുന്നു തന്ത്രം. എന്നാല്‍ പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് അതിനോടുള്ള എതിര്‍പ്പിന്റെ വ്യാപ്തിയെക്കുറിച്ചും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവണം പദ്ധതിയെ അനുകൂലിച്ച് ഒരു വാക്കുപോലും പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. എന്നിട്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടെന്നും, അനുകൂല പ്രതികരണമായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് പറയാനുള്ളത് പ്രധാനമന്ത്രി കേട്ടിട്ടുണ്ടാവും. രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയ്ക്ക് മോദിയുടെ രീതിയുമതാണ്. പക്ഷേ ഒരു കൂടിക്കാഴ്ച നടത്തി തങ്ങള്‍ക്ക് ആവശ്യമുള്ള അനുവാദം മോദിയില്‍നിന്ന് വാങ്ങിക്കൊണ്ടുപോവാമെന്ന് ഒരു മുഖ്യമന്ത്രിയും ചിന്തിക്കില്ല. അങ്ങനെ നിന്നുകൊടുക്കുന്നയാളല്ല മോദി. പിണറായിക്ക് അത് അറിയാതെ പോയിട്ടുണ്ടെങ്കില്‍, ദല്‍ഹിയിലെ പാര്‍ട്ടി വിധേയന്മാര് ഇങ്ങനെ ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറ്റാരുടെയും കുഴപ്പമല്ലല്ലോ.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് കേന്ദ്രം നല്‍കിയിട്ടുള്ളത്. അത് പദ്ധതി തുടങ്ങാനുള്ള അനുമതിയല്ലെന്ന് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുപോലുമറിയാം. എന്നിട്ടും ജനങ്ങളുടെ സാമാധ്യബോധത്തെ വെല്ലുവിളിച്ചുകൊണ്ട് പദ്ധതിക്ക് കേന്ദ്ര അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്തത്. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചത് ഈ കള്ളപ്രചാരണം പൊളിച്ചടുക്കുന്നതായിരുന്നു. ഇതിന് മറയിടാന്‍കൂടിയാണ് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. അതാണിപ്പോള്‍ ഒരു പ്രഹരമായിരിക്കുന്നത്. റെയില്‍വേമന്ത്രിയോട് സംസാരിക്കാമെന്നു മാത്രമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞത്. പദ്ധതിക്ക് നിരവധി പ്രശ്നങ്ങളുണ്ടെന്നും, ജനങ്ങളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കാണുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രിയുമായുള്ള പിണറായിയുടെ കൂടിക്കാഴ്ചയ്ക്കുശേഷം റെയില്‍വെമന്ത്രി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെയില്‍വേമന്ത്രിയുമുണ്ടായിരുന്നു എന്നതുകൂടി അറിയുമ്പോള്‍ ചിത്രം വ്യക്തമാണ്. കെ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കൊന്നും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പദ്ധതിയെ ബിജെപി നഖശിഖാന്തം എതിര്‍ക്കുകയുമാണ്. എന്നിട്ടും പ്രധാനമന്ത്രി മോദിയും കേന്ദ്രസര്‍ക്കാരും പദ്ധതിക്ക് അനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി. ആരെതിര്‍ത്താലും എന്തു വിലകൊടുത്തും താന്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നിറുകയിലാണ് അടിയേറ്റിരിക്കുന്നത്. കേന്ദ്രത്തിന്റെ അന്തിമ അനുമതി കിട്ടിയശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കി തന്ത്രത്തില്‍ അനുമതി സംഘടിപ്പിച്ചെടുക്കാമെന്ന വ്യാമോഹം ഇനിയെങ്കിലും മുഖ്യമന്ത്രി ഉപേക്ഷിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: