തിരുവനന്തപുരം: ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനുള്ള ആശയരൂപീകരണത്തിന് സഹായകരമാകുന്ന സെമിനാറില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കിയ നേതൃത്വത്തിനെതിരായ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ സംവാദകന്‍ ശ്രീജിത് പണിക്കരുടെ കമന്റ്.
ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി എന്നതടക്കമായിരുന്നു റിയാസിന്റെ പോസ്റ്റ്. ഈ പോസ്റ്റിലാണ് ” എനിയ്‌ക്കുള്ള ‘വിലക്ക്’ നീക്കി സിപിഎം പ്രതിനിധികള്‍ എന്നോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ഞാനും താത്പര്യപ്പെടുന്നു സഖാവേ” എന്ന കമന്റുമായി ശ്രീജിത് രംഗത്തെത്തിയത്. ഒരു മണിക്കൂറില്‍ റിയാസിന്റെ പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്കാണ് ശ്രീജിത്തിന് ലഭിച്ചത്.
റിയാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-
ഈ ‘വിലക്ക്’ കോൺഗ്രസിന് ചേർന്നതോ?
കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗ്ഗീയ ശക്തികൾ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിപിഐ എമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്.
രാഷ്‌ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു.
11 ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരാണ് . ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്‌ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകള്‍ സിപിഐ (എം) പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ബിജെപി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി.?
സംഘപരിവാർ രാഷ്‌ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്.?
സിപിഐ(എം) സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാൽ പങ്കെടുക്കാൻ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.
അപ്പോൾ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോൺഗ്രസ്സ് എന്താണ് ഉന്നം വെക്കുന്നത്?
കേരളത്തിൽ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബിജെപിയിലെയും യുഡിഎഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബിജെപിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ഈ യുഡിഎഫ് നേതാക്കള്‍ മാറിയോ.?
ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല.?
ഒരു കാര്യം അസന്ദിഗ്‌ദ്ധമായി പറയാം, ബിജെപിക്കെതിരെ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തിൽനിന്ന് വിലക്കാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: