കൊച്ചി : മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങി. നിരക്ക് വര്‍ധന അംഗീകരിച്ച് നാലര മാസത്തോളം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. ഇനി ചര്‍ച്ചയ്ക്കില്ലെന്നും നിരക്ക് വര്‍ധന നടപ്പിലാക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
കുറഞ്ഞനിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ആറുരൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ 10 പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. 7000 സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സ്വകാര്യ ബസുടമകള്‍ക്ക് ബദലായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ലാത്തത് തിരിച്ചടിയായി.
ആവശ്യങ്ങളുന്നയിച്ച് നാലുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതുകൊണ്ടാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് ബസ്സുടമകള്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ ഒമ്പതിന് സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 10 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ബസ്നിരക്ക് വര്‍ധനയും തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. നവംബര്‍ 10-ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ധനയ്ക്ക് അനുമതിയും നല്കി.
എന്നിട്ടും നിരക്ക് കൂട്ടാന്‍ നടപടിയായിട്ടില്ല. സംസ്ഥാന ബജറ്റിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു ഇളവുകളുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി വി.ഐ. പ്രദീപ്, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ്, ജില്ലാ പ്രസിഡന്റ് കൃഷ്ണകിഷോര്‍ എന്നിവര്‍ അറിയിച്ചു.
അതേസമയം ബസ്, ഓട്ടോ, ടാക്സി ചാര്‍ജ് വര്‍ധന ഇടതുമുന്നണി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും. ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്താനാണു ധാരണ. കിലോമീറ്റര്‍ നിരക്കിലും വര്‍ധനയുണ്ടാകും. ഓട്ടോയുടെ മിനിമം ചാര്‍ജ് 30 രൂപയും കിലോമീറ്റര്‍ നിരക്ക് 15 രൂപയുമാക്കി ഉയര്‍ത്താനും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: