ഇരുപത്തിയൊന്ന് ദിവ്യാംഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമ (സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്) സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ പൂര്‍ണരൂപം
1. നിലവില്‍ ദിവ്യാംഗര്‍ക്ക് നല്കി വരുന്ന പെന്ഷന് തുക അപര്യാപ്തമായതിനാല്‍ അത് 3,000 രൂപയായി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കേരളത്തില്‍ ഒമ്പതാം പദ്ധതി മുതല്‍ ജനകീയാസൂത്രണ പദ്ധതി പ്രവര്‍ത്തനം നടന്നുവരുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും മറ്റുവകുപ്പുകളും നടപ്പിലാക്കി വരുന്ന പ്രൊജക്ടുകളുടെ നിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ വരുമാനപരിധിയില്‍ തട്ടി ലഭിക്കാതെ പോകുന്ന അവസ്ഥയാണ്.
ഒമ്പതാം പദ്ധതി, പതിനാലാം പദ്ധതി കാലയളവില്‍ നടപ്പിലായിട്ടും വരുമാന പരിധിയില്‍ പ്രത്യേക പരിഗണന ലഭിച്ചിട്ടില്ല. അതിനാല്‍ ദിവ്യാംഗരുടെ മുഴുവന്‍ ആനുകൂല്യങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് ഈ വിഭാഗത്തിന്റെ വരുമാന പരിധി ഇരട്ടിയായി ഉയര്‍ത്താന്‍ വേണ്ട മേല്‍ നടപടികള്‍ സര്‍ക്കാര്‍ തലത്തിലുണ്ടാവണം.
ദിവ്യാംഗര്‍ക്ക് അവരുടെ മാസവരുമാനം, വീടിന്റെ വിസ്തൃതി, സ്വന്തമായ നാല് ചക്രവാഹനം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കണം. സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ നല്കുന്ന നാല് ചക്രവാഹനങ്ങളുടെ ഉടമസ്ഥരായ ദിവ്യാംഗര്‍ പോലും ബിപിഎല്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യം നിലനില്ക്കുന്നു.
2. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 2.21 ശതമാനം ദിവ്യാംഗരാണ്. എന്നാല്‍ രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ പലതിലും ദിവ്യാംഗരുടെ പ്രാതിനിധ്യം ഇല്ല. നിയമനിര്‍മാണ സഭകളില്‍ ദിവ്യാംഗരായ അംഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും പരിഹാരം കാണാനും സാധിക്കും. അതിനാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ദിവ്യാംഗരായ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.
3 ദിവ്യാംഗരായവരുടെ സൗകര്യത്തിനായി സെക്രട്ടേറിയേറ്റ്, സിവില്‍ സ്റ്റേഷന്, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ദിവ്യാംഗ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ആംഗ്യഭാഷാ പരിജ്ഞാനമുള്ളവരെ നിയമിക്കണം.
4. ആര്‍പിഡബ്ല്യുഡി ആക്ട്-2016, 41-ാം വകുപ്പ് നിര്‍ദ്ദേശിക്കും പ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റും ദിവ്യാംഗ സൗഹൃദമാക്കുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സ്ഥലങ്ങളില്‍ ദിവ്യാംഗരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചിട്ടുള്ള ശുചിമുറികളോ വിശ്രമമുറികളോ മറ്റു സൗകര്യങ്ങളോ പൂര്‍ണ്ണമായി ലഭ്യമാക്കിയിട്ടില്ല. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നാളിതുവരെയായി ദിവ്യാംഗ സൗഹൃദമാക്കിയിട്ടില്ല. ചക്രക്കസേരയുടെ സഹായത്തോടെ സഞ്ചരിക്കുന്ന വ്യക്തികള്‍ക്ക് പരസഹായം കൂടാതെ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി യാത്ര ചെയ്യാന്‍ സാധിക്കുന്ന സാഹചര്യം ഇനിയും സാധ്യമായിട്ടില്ല. അതിനാല്‍ ബസ്സുകളുടെ ഡോറില്‍ എയര്‍ ലിഫ്റ്റിങ് സംവിധാനം സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. വിമാനയാത്ര ചെയ്യുന്ന ദിവ്യാംഗര്‍ക്ക് സുരക്ഷാ പരിശോധന മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ക്ക് പ്രത്യേക സുരക്ഷാ പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കണം. പ്രധാന ജങ്ഷനുകളില്‍ ദിവ്യാംഗ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കണം.
5 സംസ്ഥാനത്തെ പല പൊതുസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് ദിവ്യാംഗര്‍ക്ക് അപ്രാപ്യമായ കെട്ടിടങ്ങളിലാണ്. ജനങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കായി സന്ദര്‍ശിക്കേണ്ടി വരുന്ന ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, പോലീസ് സ്റ്റേഷനുകള്‍, കോടതികള്‍, ബാങ്കുകള്‍ തുടങ്ങിയവയും ദിവ്യാംഗ സൗഹൃദമാക്കുന്നതിലും കാര്യമായ പുരോഗതിയില്ല. വ്യവസായസ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളും ദിവ്യാംഗ സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
6. ദിവ്യാംഗരുടെ ക്ഷേമത്തിനായി നിര്‍മിക്കപ്പെട്ട നിയമങ്ങളും അവര്‍ക്ക് നിയമം മൂലം ഉറപ്പാക്കിയിട്ടുള്ള അവകാശങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലന പരിപാടികളില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ പോലീസ്, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ന്യായാധിപന്മാര് തുടങ്ങിയവര്‍ക്കുള്ള പരിശീലന പരിപാടികളിലും ദിവ്യാംഗരുടെ അവകാശങ്ങളും സംരക്ഷണവും പാഠ്യവിഷയമാക്കുന്നത് അവരുടെ ക്ഷേമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് പ്രയോജനപ്പെടും. സര്‍ക്കാര്‍ ജീവനക്കാരുടെ വകുപ്പുതല പരീക്ഷകളിലും ആര്‍പിഡബ്ല്യുഡി ആക്ട് പാഠ്യവിഷയമായി ഉള്‍പ്പെടുത്തേണ്ടതാണ്.
7. സംസ്ഥാനത്തെ ദിവ്യാംഗരായവരുടെ വിശദവിവരങ്ങള്‍ കൃത്യമായി ശേഖരിക്കേണ്ടത് ക്ഷേമപദ്ധതികളുടെ ഫലപ്രദമായ രൂപീകരണത്തിനും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനും അത്യാവശ്യമാണ്. ദിവ്യാംഗര്‍ക്കുവേണ്ടി പ്രത്യേകമായി സെന്‍സസ് നടപ്പിലാക്കുന്നത് പ്രയോജനപ്രദമായിരിക്കും.
8. ദിവ്യാംഗര്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ യഥാസമയം ആസൂത്രണ സമിതി, വികസന സമിതി എന്നിവയില്‍ ദിവ്യാംഗരുടെ പ്രാതിനിധ്യം ഉറപ്പാക്കണം.
9 ദിവ്യാംഗരായ നിരവധി പേര് വിവിധ തരത്തിലുള്ള തെറാപ്പി ചികിത്സകള്‍ക്ക് വിധേയരായി ജീവിക്കുന്നവരാണ്. പ്രത്യേകിച്ചും കുട്ടികള്‍. സ്വകാര്യ സ്ഥാപനങ്ങള്‍ തെറാപ്പിക്കള്ക്കായി വലിയ ഫീസാണ് ഈടാക്കുന്നത്. പണച്ചെലവ് താങ്ങാനാവാത്തതിനാല്‍ പലരും ചികിത്സ നടത്താനാവാതെ ബുദ്ധിമുട്ടുന്നു. താലൂക്ക് തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തെറാപ്പി സെന്ററുകള്‍ സ്ഥാപിക്കുന്നത് ആശ്വാസകരമായിരിക്കും. സ്വകാര്യ തെറാപ്പി സെന്ററുകള്‍ ചുമത്തുന്ന ഫീസില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണം.
10 ദിവ്യാംഗരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇന്ധന സബ്സിഡി ഏര്‍പ്പെടുത്തുന്നത് ദിവ്യാംഗരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് സഹായകരമായിരിക്കും.
11 കാഴ്ചവൈകല്യമുള്ളവര്‍ക്ക് White caneന്റെ സഹായത്തോടെ നടക്കുന്നതിന് നടപ്പാതയില്‍ പ്രത്യേക ടൈലുകള്‍ വിരിക്കുകയും ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ വഴിയോരക്കച്ചവടക്കാര്‍ കൈയേറാതിരിക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം.
12 ഭിന്നശേഷി കായിക, സാംസ്കാരിക മേളകള്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഫലപ്രദമായി നടപ്പാക്കണം.
13. വൈകല്യം ബാധിച്ചവരുടെ ചികിത്സാ ചെലവ് താങ്ങാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ സംസ്ഥാനത്ത് നിരവധിയാണ്. മാതാപിതാക്കള്‍ക്ക് കൂടി ചികിത്സ ആവശ്യമായി വരുമ്പോള്‍ ആ കുടുംബത്തിന്റെ സ്ഥിതി ഗുരുതരമാകുന്നു. ഈ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക ചികിത്സാ പദ്ധതിയോ പ്രത്യേത ഇന്‍ഷൂറന്‍സ് പരിരക്ഷയോ നടപ്പിലാക്കേണ്ടതാണ്.
14 സാമൂഹ്യനീതി വകുപ്പ് ദിവ്യാംഗ വിഭാഗത്തിന് അനുയോജ്യമായി കണ്ടെത്തിയ പൊതുവിഭാഗ തസ്തികകള്‍ക്ക് നാല് ശതമാനം ഭിന്നശേഷി സംവംരണം അനുവദിച്ചുകൊണ്ടുള്ള സാമൂഹ്യനീതി(ഡി) വകുപ്പിന്റെ 25-08-2020 ലെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച 49 കാറ്റഗറിയിലെ ഒഴിവുള്ള മുഴുവന്‍ തസ്തികകളിലും എത്രയും വേഗം നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: