ഭോപാല്‍: മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയില്‍ 28കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ സംഘത്തിലെ പ്രധാനി ഷദബ് ഉസ്മാനിയുടെ വീട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വീട് ഇടിച്ച് നിരത്തിയത്.
ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ ശൈലി പിന്തുടരുകയാണ് ഇക്കാര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്. ഗുണ്ടകള്‍ക്കും മറ്റ് ക്രിമിനലുകള്‍ക്കും മുഖം നോക്കാതെ നടപടിയെടുത്താണ് യോഗി ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ഇഷ്ടനാതാവായി മാറിയത്. ഇതേ പാതയിലൂടെ ജനഹൃദയത്തിലെത്താനാണ് ശിവരാജ് ചൗഹാന്റെയും ശ്രമം.
ഷദബ് ഉസ്മാനിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രാജേഷ് സിങ്ങ്, സോനു ജോര്‍ജ്ജ് എന്നിവരാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചു. ഈ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രധാനപ്രതിയുടെ വീട് ഇടിച്ചു നിരത്താന്‍ ഉത്തരവിട്ടത്. ലോക്കല്‍ പൊലീസ് ജില്ലാ ഭരണകൂടഉദ്യോഗസ്ഥരും രണ്ട് ബുള്‍ഡോസറുകളുമായി ഉസ്മാനിയുടെ ഷഹ്ദോള്‍ ജല്ലിയിലെ ജാവര പ്രദേശത്തെ വീട്ടിലെത്തി, വീട് ഇടിച്ച് നിരത്തുകയായിരുന്നു.
ജില്ല കലക്ടര്‍ വന്ദന വദ്യ പറയുന്നു: ‘കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ഇന്ന് ഇടിച്ചുനിരത്തി. മറ്റ് രണ്ട് പ്രതികള്‍ വാടകവീട്ടില്‍ കഴിയുന്നവരാണ്.’.
വാസ്തവത്തില്‍ സ്ത്രീയുമായി ഒന്നരവര്‍ഷത്തോളം ഉസ്മാനി പ്രണയത്തിലായിരുന്നു. ശനിയാഴ്ച യുവതിയെ ഷദോളില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ക്ഷീരസാഗര്‍ പ്രദേശത്തേക്ക് പിക്നിക്കിനായി കൊണ്ടുപോയി. ‘ക്ഷീര്‍സാഗറിലെത്തിയപ്പോള്‍ ഉസ്മാനി രണ്ട് സുഹൃത്തുക്കളെയും വിളിച്ച് വരുത്തി. ഇവരെല്ലാവരും മദ്യം കഴിച്ചു. പിന്നീട് മൂന്ന് പേരും മാറി മാറി യുവതിയെ ബലാത്സംഗം ചെയ്തു. യുവതിക്ക് നിര്‍ബന്ധിച്ച് വിഷാംശമടങ്ങിയ പദാര്‍ത്ഥം നല്‍കിയത് പിന്നീട് ആശുപത്രിയില്‍ വെച്ചുള്ള അവരുടെ മരണത്തിന് കാരണമായി’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
യുവതിയെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം ഉസ്മാനിയും സുഹൃത്തുക്കളും രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ കേസ് അമിതമദ്യപാനം മൂലമുള്ള അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമിച്ചു. കുറ്റവാളികളില്‍ ഒരാള്‍ അമിതമദ്യപാനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവതിയുടെ വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തു.
കുറ്റവാളികളുടെ മനസ്സില്‍ ഭയമുണ്ടാക്കാനാണ് വീട് ഇടിച്ച് നിരത്തുന്നതുപോലെയുള്ള ഗുരുതരമായ ശിക്ഷാവിധികള്‍ ശിവരാജ് ചൗഹാന് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി നടപ്പാക്കുന്ന അതേ ശൈലിയാണ് ശിവരാജ് ചൗഹാനും നടപ്പാക്കുന്നത്. 2017ല്‍ ബിജെപി സര്‍ക്കാര്‍ യോഗിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രമസമാധാന നില മോശം നിലയിലായിരുന്നു. പിന്നീട് ഇത്തരം ബുള്‍ഡോസര്‍ നടപടികളിലൂടെയും കുറ്റവാളികളെ വെടിവെച്ച് കൊന്നുമാണ് യോഗി ആദിത്യനാഥ് മെച്ചപ്പെട്ട ക്രമസമാധാന നില കൈവരുത്തിയത്.
അടുത്തയിടെ മധ്യപ്രദേശിലെ റെയ്സന് ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ വീടുകളും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. മറ്റൊരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൊഹ്സിന്‍, റിയാസ്, സെവാജ് എന്നീ പ്രതികളുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയിരുന്നു. ഇതോടെ ശിവാരാജ് ചൗഹാനെ ബുള്‍ഡോസര്‍ മാമ എന്ന വിളിപ്പേരിട്ടിരിക്കുകയാണ് മാധ്യമങ്ങള്‍. ബുള്‍ഡോസര്‍ ബാബ എന്ന പേരാണ് ഉത്തര്‍പ്രദേശിലെ യോഗിക്ക് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: