ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ, ആണ്‍കുട്ടികള്‍ സ്കൂളില്‍ നിസ്കാരത്തൊപ്പി ധരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം റായ്ച്ചൂരിലെ സ്കൂളുകളിലാണ് ചില വിദ്യാര്‍ഥികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് നിസ്കാര തൊപ്പി ധരിച്ചെത്തിയത്.
റായ്ച്ചൂരിലെ ഉറുദു സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ അധികൃതര്‍ തടഞ്ഞു. ക്ലാസ് മുറിയില്‍ പ്രവേശിക്കും മുമ്പ് വിദ്യാര്‍ഥികളോട് തൊപ്പി ഊരി മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇതിനെ ചോദ്യം ചെയ്യുകയും അധ്യാപകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അധ്യാപകര്‍ എതിര്‍ത്തതോടെയാണ് വിദ്യാര്‍ഥികള്‍ തൊപ്പി മാറ്റി ക്ലാസുകളില്‍ കയറാന്‍ തയ്യാറായത്.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ ആചാരമല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിന് ശേഷവും നിരവധി പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. ഇവരെ സ്കൂള്‍ അധികൃതര്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഹിജാബ് അഴിപ്പിച്ചാണ് ക്ലാസുകളില്‍ കയറ്റുന്നത്. എന്നാല്‍ ഹിജാബ് മാറ്റില്ലെന്ന വാശിയില്‍ നിരവധി വിദ്യാര്‍ഥിനികള്‍ തിരിച്ച് വീട്ടില്‍ പോകുന്നുണ്ട്. ഇവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് മുസ്ലീം ആണ്‍കുട്ടികളും ക്ലാസുകളില്‍ കയറുന്നില്ല. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി പ്രീ-യൂണിവേഴ്സിറ്റി കോളജില്‍ ഹിജാബ് വിധി ചോദ്യം ചെയ്തെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പ്രിപ്പറേറ്ററി പരീക്ഷ എഴുതാനെത്തിയ ഇവര്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. മറ്റുകുട്ടികള്‍ സ്കൂളിനകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും കോളജ് മാനേജ്മെന്റും ചേര്‍ന്ന് വിദ്യാര്‍ഥികളെ കാമ്പസില്‍ നിന്ന് മാറ്റുകയായിരുന്നു. പരീക്ഷ ബഹിഷ്കരിച്ച പെണ്‍കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: