ബെംഗളൂരു: ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.
തെക്കന്‍ കര്‍ണ്ണാടകയിലെ ഉപ്പിനംഗഡി ഗവ. പിയു കോളെജിലാണ് സംഭവം. ഈയിടെ വന്ന ഹൈക്കോടതി വിധിയില്‍ മതപരമായ വേഷങ്ങള്‍ കോളെജിലും സ്‌കൂളിലും വിലക്കിയിരുന്നു. പകരം യൂണിഫോം ധരിച്ചുവരണമെന്നതായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കോളെജിലെ വസ്ത്രധാരണത്തിന് വിരുദ്ധമായി ഹിജാബ് ധരിച്ച് കോളെജില്‍ പരീക്ഷയ്‌ക്കെത്തി. ഹൈക്കോടതി വിധി ലംഘിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പിയു കോളെജിലെ ഡപ്യൂട്ടി ഡയറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ഊരാന്‍ തയ്യാറായില്ല. ഇതോടെ കോളെജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചി്ല്ല.
ഇതോടെ ഏകദേശം 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പുറത്ത് കാത്ത് നിന്ന മുസ്ലിങ്ങള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച് മുദ്രാവാക്യം മുഴക്കി. ചില പ്രാദേശിക മുസ്ലിം നേതാക്കള്‍ പെണ്‍കുട്ടികളെ ഹിജാബ് ഊരി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയായിരുന്നു. 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ലെന്ന് പിയു കോളെജ് പ്രിന്‍സിപ്പല്‍ സുധീര്‍ കുമാര്‍ പറഞ്ഞു. ഹിജാബ് മതചാരണത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഹിജാബ് നിരോധിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിദ്യാലയങ്ങളില്‍, സ്‌കൂളായാലും കോളെജായാലും, യൂണിഫോം വസ്ത്രധാരണം നിര്‍ബന്ധമാക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ അധികൃതരുടെ അവകാശമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചാണ് എത്തിയത്. കര്‍ണ്ണാടകയിലെ സ്‌കൂള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് തലയില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഹിജാബ് നിരോധനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
റായ്ചൂരിലെ ഒരു ഉര്‍ദു സ്‌കൂളിലെ മുസ്ലിം അധ്യാപിക തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ തൊപ്പി എടുത്തുമാറ്റുന്ന വീഡിയോയും വൈറലായി.
എന്താണ് ഹിജാബ് വിവാദം?
ജനവരിയിലാണ് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ ഒരു കോളെജില്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് കര്‍ണ്ണാടകയിലുടനീളം ഹിജാബിന്റെ പേരില്‍ കോളെജുകളില്‍ സംഘര്‍ഷമുണ്ടായി. ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബിനെ ഉപരോധിക്കാന്‍ ഇതിനിടെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് എത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായി.
ഒടുവില്‍ ഹിജാബ് മതാചരണത്തിന്റെ അവശ്യഘടകമല്ലെന്നും മതേതരമായ യൂണിഫോം നിര്‍ബന്ധമാക്കാന്‍ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു. ഇപ്പോള്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ഹിജാബ് വിഷയം കത്തിച്ച് നിര്‍ത്തി സംഘടനകള്‍
ദക്ഷിണ കര്‍ണ്ണാടകയില്‍ കാമ്പസ് ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ് ഈ വിഷയം കത്തിച്ച് നിര്‍ത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് കാമ്പസ് ഫ്രണ്ട്. ഈയിടെ ദക്ഷിണ കര്‍ണ്ണാടകത്തിലെ പല കോളെജുകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഈ സമരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മതമൗലികവല്‍ക്കരണം ശക്തമായി നടക്കുന്നതായി കര്‍ണ്ണാടക സര്‍ക്കാരിലെ ചില മന്ത്രിമാര്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: