കോട്ടയം : കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനിടെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗം. സ്ത്രീകളെ പോലീസ് വലിച്ചിഴച്ച് നീക്കി. പ്രതിഷേധം കടുത്തതോടെ സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായത്.
മനുഷ്യശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീര്‍ത്ത് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമരക്കാര്‍ പറഞ്ഞു. മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
പിന്നീട് കെ റെയില്‍ ഉദ്യോഗസ്ഥര്‍ അടയാള കല്ലും പോലീസ് സന്നാഹമായി തിരിച്ചെത്തി. കെ റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങുകയും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ കെ റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ പോലീസിന് നേരെ പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയത്. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പോലീസ് പറഞ്ഞു.
പ്രതിഷേധം ഉണ്ടായെങ്കിലും അത് വകവെക്കാതെ കെ റെയില്‍ സര്‍വ്വേക്കല്ലിട്ടശേഷമാണ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും പോയത്. കോട്ടയം ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും.
എന്നാല്‍ ജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും മറ്റും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പ്രതിഷേധത്തിലെത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞു. തീവ്രവാദികളോട് എന്ന രീതിയിലാണ് പോലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്. ജീവിതം നഷ്ടപ്പെട്ടു നില്‍ക്കുന്നവരാണ് ഞങ്ങള്‍. പോലീസ് നീതികേടാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: