ചാത്തന്നൂര്‍: സിപിഎം-സിപിഐ പോര് ചിറക്കര പഞ്ചായത്തില്‍ ഭരണ സ്തംഭനം. ഭരണകക്ഷിയിലെ പ്രധാന രണ്ട് കക്ഷികളായ സിപിഎമ്മും സിപിഐയും ഉന്നയിക്കുന്ന പരസ്പരം അഴിമതി ആരോപണങ്ങളാണ് കാരണം.
പരസ്പരം ഉന്നയിച്ച അഴിമതി ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. വെള്ളം പൂര്‍ണ്ണമായും വറ്റാത്ത പോളച്ചിറ ഏലായില്‍ ഭൂമിയുള്ള കര്‍ഷകരെ ഒഴിവാക്കി കുട്ടനാട്ടില്‍ നിന്ന് ബിനാമികളെ കൊണ്ടുവന്നു കൃഷി ചെയ്യുന്നതിന്റെ മറവില്‍ ലക്ഷകണക്കിന് രൂപ സബ്സിഡിയും ഇന്‍ഷുറന്‍സും തട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
അഞ്ചേക്കര്‍ വീതം 80 ആളുകളുടെ പേരില്‍ 400 ഏക്കറില്‍ കൃഷി ചെയ്യുന്നതായാണ് പഞ്ചായത്തും കൃഷിവകുപ്പ് അധികൃതരും പറയുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ സമയബന്ധിതമായി വെള്ളം വറ്റിച്ച് കൃഷി ചെയ്തപ്പോഴും 250 ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തിയ സിപിഎം, പഞ്ചായത്ത് പ്രസിഡന്റിനും ജി.എസ്. ജയലാല്‍ എംഎല്‍എയ്ക്കും എതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയാണ്.
എല്‍എല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം മുടക്കി ആശാസ്ത്രീയമായി പോളച്ചിറയില്‍ പമ്പ്സെറ്റ് സ്ഥാപിച്ചതിലൂടെ നടത്തിയ അഴിമതിയും ചിറക്കര പിഎച്ച്സി ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നതിന് ചുമതലയുണ്ടായിരുന്ന എംഎല്‍എയുടെ ഗ്രൂപ്പുകാരിയും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണും ഇന്നത്തെ പ്രസിഡന്റുമായ സുശീലദേവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അഴിമതിയും പരിസ്ഥിതി ലോല പ്രദേശമായ പോളച്ചിറയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍.
ജി.എസ്. ജയലാല്‍ എംഎല്‍എയ്ക്ക് എതിരെയും സിപിഐ നേതാക്കള്‍ക്കെതിരെയും ശക്തമായ നിലപാടുമായി സിപിഎം ചിറക്കര, നെടുങ്ങോലം ലോക്കല്‍ കമ്മിറ്റികള്‍ മുന്നിലുണ്ട്. സിപിഎം ഏരിയ കമ്മിറ്റി നിലപാട് വ്യക്തമാക്കാനോ ഇടതുമുന്നണി വിളിച്ച് ചര്‍ച്ച ചെയ്യാനോ തയ്യാറായിട്ടില്ല. ഇതിനിടയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം തുടരാനുള്ള നീക്കമാണ് സിപിഐ ഭാഗത്ത് നിന്നുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: