കൊച്ചി: മിസ് കേരള ഉള്‍പ്പെടെയുള്ള രണ്ട് മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലും നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാമര്‍ശങ്ങള്‍. രണ്ട് മോഡലുകളോടും ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടത് റോയാണ് ആവശ്യപ്പെട്ടതെന്നും ഇത് ദുരുദ്ദേശ്യത്തോടെയാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായ അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്.
കോഴിക്കോട്ടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഢിപ്പിച്ചുവെന്ന മറ്റൊരു കേസില്‍ കഴിഞ്ഞ ദിവസമാണ് റോയ് വയലാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെയാണ് രണ്ട് മോഡലുകളുടെ മരണത്തില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ റോയ്ക്ക് ചുറ്റും വല മുറുകുകയാണ്.
മോഡലുകളുടെ അപകടമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വാഹനമോടിച്ച അബ്ദുറഹ്മാനാണ് കേസിലെ ഒന്നാം പ്രതി. റോയ് വയലാട്ടിന്റെ സഹായി സൈജു തങ്കച്ചന് രണ്ടാം പ്രതിയാണ്. റോയ് വയലാട്ട് ഉള്‍പ്പെടെ എട്ടുപേരാണ് കേസിലെ പ്രതികൾ. തെളിവ് നശിപ്പിച്ചതിന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികൾ.
പ്രതികളിൽ ഒരാളായ സൈജു തങ്കച്ചന് അമിത വേഗതയിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്മാൻ മദ്യലഹരിയിലായിരുന്നു എന്നതും വാഹനാപകടത്തിന് കാരണമായി.
കൂടാതെ, സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2021 നവംബർ ഒന്നിനാണ് മോഡലുകൾ കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അബ്ദുറഹ്മാനാണ് അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്.
ഫോർട്ട് കൊച്ചിയിലുള്ള റോയ് വയലാട്ടിന്റെ നമ്പര്‍ 18 ഹോട്ടലിൽ നിന്നും മടങ്ങവേയാണ് അപകടമുണ്ടായത്. ഈ അപകടത്തില്‍ മാധ്യമങ്ങളുള്‍പ്പെടെ ദുരൂഹതയുള്ളതായി ആരോപിച്ചിരുന്നു. അന്നത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ഹോട്ടലില്‍ നിശാപാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്കി ലൈംഗികചൂഷണം ചെയ്യുന്നത് റോയ് വയലാട്ടും സൈജുവും പതിവാക്കിയിരുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: