ലണ്ടന്‍: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കാന്‍ ജൈവ, രാസ ആയുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. എന്താണ് ഈ ജൈവ, രാസ ആയുധങ്ങള്‍?
രാസായുധങ്ങള്‍
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രാസവസ്തുക്കളോ വിഷാംശമോ വമിപ്പിക്കുന്ന ആയുധങ്ങളെയാണ് രാസായുധങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ തരത്തില്‍പ്പെട്ട രാസായുധങ്ങള്‍ ഉണ്ട്:
1. ശ്വാസകോശത്തെയോ ശ്വസനപ്രക്രിയയെയോ ആക്രമിക്കുന്ന ഫോസ്ജീന്‍ എന്ന ശ്വാസംമുട്ടിക്കുന്ന ഏജന്‍റിനെ പുറത്തുവിടുന്ന ആയുധങ്ങള്‍.
2. തൊലി പൊള്ളിക്കുന്ന, ആളുകളെ അന്ധരാക്കുന്ന മസ്റ്റാര്‍ഡ് ഗ്യാസ് പുറത്തുവിടുന്ന രാസായുധങ്ങള്‍.
3. ശരീരത്തിലെ മാംസപേശികളിലേക്ക് തലച്ചോറിന്റെ സന്ദേശങ്ങളെ അയയ്‌ക്കുന്നതില്‍ ഇടപെടുന്ന നെര്‍വ് ഏജന്‍റുകളെ പുറത്തുവിടുന്ന രാസായുധങ്ങള്‍. നെര്‍വ് ഏജന്‍റിന്റെ ഒരു തുള്ളി പോലും ശരീരത്തിന്റെ താളം തെറ്റിക്കും.
മേല്‍പ്പറഞ്ഞ വിവിധ തരം രാസ വസ്തുക്കള്‍ ബോംബുകളിലും മിസ്സൈലുകളിലും ഷെല്ലുകളിലും ഉപയോഗിക്കും. നേരത്തെ ഒന്നാം ലോകമഹായുദ്ധത്തില്‍ ഈ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ 1980ല്‍ രാസായുധങ്ങള്‍ ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ സിറിയന്‍ സര്‍ക്കാര്‍ വിമത ശക്തികള്‍ക്കെതിരെയും രാസായുധങ്ങള്‍ പ്രയോഗിച്ചു.
എന്താണ് ജൈവായുധങ്ങള്‍?
എബോള പോലുള്ള ആപല്‍ക്കരമായ രോഗാണുക്കളെയാണ് ആയുധമായി ഉപയോഗിക്കുക എന്നതാണ് ജൈവായുധം ചെയ്യുന്നത്. രോഗാണുക്കളെ ആയുധങ്ങളായി ഉപയോഗിക്കുക എന്നത് പുതിയ യുദ്ധരീതിയാണ്. റഷ്യയ്‌ക്ക് ഒരു വലിയ ജൈവായുധ പദ്ധതി തന്നെയുണ്ട്. ബയോപ്രിപറാറ്റ് എന്ന ഏജന്‍സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആയുധമാക്കി ഉപയോഗിക്കുന്ന ആന്ത്രാക്‌സ്, സ്മാള്‍ പോക്‌സ്, മറ്റ് രോഗങ്ങള്‍ എന്നിവ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തെക്കന്‍ റഷ്യയിലെ ജീവിച്ചിരിക്കുന്ന കുരങ്ങന്മാരിലാണ് അത് ആദ്യം റഷ്യ പരീക്ഷിച്ചത്. ആന്ത്രാക്‌സ് പോലുള്ള രോഗാണുക്കളെ വഹിക്കുന്ന സൂക്ഷമബീജകോശങ്ങളെ ദീര്‍ഘദൂര, ഭൂഖണ്ഡാന്തര മിസൈലുകളുടെ പോര്‍മുനകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. മിസൈലുകള്‍ പൊട്ടിത്തെറിക്കുന്നതോടെ ഈ രോഗാണുക്കളും അന്തരീക്ഷത്തില്‍ പരക്കും അത് ശ്വസിക്കുന്നവരോ അതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരോ രോഗികളായി മാറും.
വവ്വാലുകളെ ജൈവാധുയമാക്കി ഉപയോഗിക്കാനുള്ള സാധ്യത തേടി അമേരിക്ക ഉക്രൈനില്‍ ഗവേഷണം നടത്തിയെന്ന് റഷ്യ
അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു. വെള്ളിയാഴ്ച റഷ്യയുടെറഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസിന്റെ ഔദ്യോഗിക രഹസ്യരേഖകളില്‍ നിന്നാണ് ഈ വിവരങ്ങളെന്നും റഷ്യ വെളിപ്പെടുത്തി. ഉക്രൈനിലെ കീവ്, ഖാര്‍കീവ്, ഒഡേസ മേഖലയിലെ ലാബുകളിലാണ് ഗവേഷണം നടന്നിരുന്നതെന്നും ഇവിടുത്തെ രേഖകള്‍ റഷ്യയിലെ പട്ടാളം പിടിച്ചെടുക്കുമെന്ന ഭയമുള്ളതിനാല്‍ അതിവേഗം അത് ലിവോവിലെ അമേരിക്കന്‍ എംബസിയിലേക്ക് മാറ്റിയെന്നും പറയുന്നു.
ഇത് റഷ്യയുടെ ജൈവ-രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള തന്ത്രമെന്ന് അമേരിക്ക
ഉക്രൈനില്‍ അമേരിക്ക ജൈവ-രാസായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണത്തിലൂടെ തങ്ങളുടെ ചെയ്തികള്‍ മറയ്‌ക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ജൈവ-രാസായുധങ്ങള്‍ ഉക്രൈനില്‍ പ്രയോഗിച്ച ശേഷം അത് യുഎസിന്റെ മേല്‍ വെച്ചുകെട്ടാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: