ആറാട്ടുപുഴ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം മാർച്ച് 16 ന്. 24 ദേവിദേവന്മാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളിൽ 108 ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശ്ശൂർ പൂരത്തിലെ പങ്കാളികളും നെന്മാറ – വല്ലങ്ങി വേലകളിലെ പങ്കാളികളും കുട്ടനെല്ലൂർ പൂരത്തിലെ പങ്കാളികളും എടാട്ട് മാണിക്യ മംഗലം പൂരങ്ങളിലെ പങ്കാളികളും ആറാട്ടുപുഴയിൽ എത്തിയിരുന്നുവെന്നാണ് പഴമൊഴി. ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്ക് പ്രാധാന്യമുള്ളതാണ് ആറാട്ടുപുഴ പൂരം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള ഈ പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവ്വാദികളും പിശാചരക്ഷോഗണങ്ങളും ആറാട്ടുപുഴ പൂരപ്പാടത്തെത്തും എന്നാണ് വിശ്വാസം. പൂരത്തോടനുബന്ധിച്ച് കാശി വിശ്വാനാഥക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം ഉൾപ്പടെയുള്ള ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പൂരം ദിവസം അത്താഴപൂജ വൈകീട്ട് 6ന് മുമ്പ് നടത്തി നട നേരത്തെയടക്കും.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് 4 മണിയോടു കൂടി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു. നിത്യപ്പൂജകൾ, ശ്രീഭൂതബലി എന്നിവയ്‌ക്കുശേഷം 6.30 മണിയോടുകൂടി ഭൂമിയിലെ എറ്റവും വലിയ ദേവമേളയ്‌ക്ക് സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും ശാസ്താവ് 15 ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽ കെട്ടിന് പുറത്തേയ്‌ക്കെഴുന്നള്ളുമ്പോൾ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാവീഥികളിലൂടേയും വിദേശികളടക്കമുള്ള പൂരപ്രേമികൾ ആറാട്ടുപുഴയിലേയ്‌ക്കൊഴുകും. 250ൽപരം പ്രമുഖ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടി. മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്.
മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്‌ക്കെഴുന്നള്ളും. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കുകയായി. തേവർ കൈതവളപ്പിലെത്തുന്നതു വരെ ഈ എഴുന്നള്ളിപ്പുകൾ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്‌ക്കും മദ്ധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് ഈ എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
കയറ്റം
ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. 7 ആനകളുടെ അകമ്പടിയോടെ ഗംഭീര പഞ്ചാരിമേളം.
തുടർന്ന് 1 മണിയോടുകൂടി പൂനിലാർക്കാവ്,കടുപ്പശ്ശേരി, ചാലക്കുടി ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ 5 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.
ഇറക്കം
12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു.5 ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും ശേഷം ഒരു മണിയോടുകൂടി അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ 6 ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളുന്നു.
പടിഞ്ഞാറുനിന്നുള്ള വരവ്
11 മണിയോടുകൂടി നെട്ടിശ്ശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി എഴുന്നെള്ളുന്നു.
കൂട്ടിയെഴുന്നള്ളിപ്പ്
ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാൽ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുന്നു. പല്ലിശ്ശേരി സെൻറർ മുതൽ കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമാണ്. പാണ്ടി മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടും കൂടി വിരാജിക്കുകയാണെന്ന സങ്കൽപം. ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രംഭക്തജനങ്ങൾ ഒത്തുചേരുന്നു. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടും കൂടി എഴുന്നെള്ളി നില്ക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുംമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.
മന്ദാരക്കടവിലെ ആറാട്ട്
ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാടുന്നു.കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളുന്നു. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂർവ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടയുന്നു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെക്കുന്നത്.
ഉപചാരം
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുകയായി. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങാണ് പിന്നീട്. ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകുന്നു. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്റ ജൗതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: