ന്യൂദല്‍ഹി : അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് കൂട്ടത്തോല്‍വിയുണ്ടായതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ്സില്‍ നേതൃമാറ്റമില്ലാതെ ഒരു പരിഷ്കാരവും ഗുണം ചെയ്യില്ല. നേതൃത്വം മാറുക തന്നെ വേണമെന്നും കപില്‍ സിബല്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബില്‍ ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ രാഹുലിന് എന്ത് അധികാരമാണുള്ളത്. നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തയാള്‍ എങ്ങനെയാണ് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത്. ഇത് വിരോധാഭാസമാണ്.
രാഹുലിനെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ചിലര്‍ ആവശ്യപ്പെട്ടുന്നത്. അദ്ദേഹം ചട്ടപ്രകാരം പ്രസിഡന്റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അതില്‍ കാര്യമില്ല. എട്ട് വര്‍ഷമായി പാര്‍ട്ടി ചിന്തന്‍ ശിബിര്‍ നടത്തിയിട്ടില്ല. ചിന്തന്‍ ശിബര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം. നേതാക്കളുടെ മനസ്സിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടത്. നെഹ്റു കുടുംബം ഇല്ലെങ്കില്‍ പാര്‍ട്ടി ഇല്ലെന്ന മനോഭാവം മാറണം. തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ‘നെഹ്റു’ കുടുംബത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചിരുന്നു. അതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്. പ്രവര്‍ത്തക സമിതിക്ക് പുറത്തും പാര്ട്ടിക്കാര് ഉണ്ടെന്ന് തിരിച്ചറിയണം. അവരുടെ കഴിവ് മനസിലാക്കി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ സിബല്‍ 2014 മുതല്‍ കോണ്‍ഗ്രസ് താഴേക്ക് പോവുകയാണെന്നും പറഞ്ഞു. ഒന്നിന് പിന്നാലെ ഒന്നായി സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. വിജയിച്ചിടത്ത് പോലും എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. അതിനിടെ, നേതൃത്വത്തിന്റെ അടുപ്പക്കാരടക്കം പ്രധാന വ്യക്തികള്‍ പാര്‍ട്ടി വിട്ടു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേതൃത്വത്തോട് അടുപ്പമുള്ളവര്‍ പാര്‍ട്ടി വിട്ടുപോയി. 2014 മുതല്‍ 177 എംപിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കപില്‍ സിബലടക്കമുള്ള കോണ്‍ഗ്രസിലെ വിമതരായ ജി23 നേതാക്കളുടെ യോഗം ബുധനാഴ്ച നടക്കും. രാത്രി ഏഴിന് ദല്‍ഹിയിലാണ് യോഗം. കേരളത്തില്‍ നിന്നുള്ള ചില നേതാക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു. നേതൃസ്ഥാനത്ത് നിന്ന് ‘ഗാന്ധി’ കുടുംബം മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സിബലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: