വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ദൂരം കുറയുകയാണ്. ആദ്യപാദ സെമിയില്‍ വമ്പന്മാരായ ജംഷ്ഡ്പൂര്‍ എഫ്സിയെ ഒറ്റ ഗോളിന് വീഴ്ത്തിയ കൊമ്പന്മാര്ക്ക് രണ്ടാംപാദ സെമിയില്‍ ഒരു സമനില കൊണ്ട് ഫൈനലിലേക്ക് കുതിക്കാം. നിര്‍ണായകമായ രണ്ടാം പാദ സെമി നാളെ നടക്കും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യപാദ സെമിയിലെ ഒരു ഗോള്‍ വിജയത്തിന്റെ മുന്‍തൂക്കവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴസ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനം നേടി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂരിന് രണ്ടാം പാദ സെമിയില്‍ കുറഞ്ഞത് രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയിച്ചാലേ ഫൈനലില്‍ കടക്കാനാകൂ. ഐഎസ്എല്ലില്‍ എവേ ഗോളിന്റെ ആനുകുല്യം ഇല്ലാത്തതിനാല്‍ മത്സരം നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിക്കും.
ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ ടീമാണ് ജംഷഡ്പൂര്‍. 42 ഗോളുകളാണ് അവര്‍ നേടിയത്. പ്രതിരോധത്തിലും അവര്‍ മികവ് കാട്ടി. 21 ഗോളുകളാണ് വഴങ്ങിയത്. എന്നാല്‍ ഒന്നാം പാദ സെമിയില്‍ അവര്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. കൂടാതെ ഒരു ഗോളും വഴങ്ങി. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തില്‍ 34 ഗോളുകളാണ് നേടിയത്. 24 ഗോളുകള്‍ വഴങ്ങുകയും ചെയ്തു. എന്നാല്‍ ആദ്യ സെമിയില്‍ അവര്‍ കരുത്തുകാട്ടി. ജംഷഡ്പൂരിനെ ഫലപ്രദമായി പ്രതിരോധിച്ച മഞ്ഞപ്പട ഒരു ഗോളും സ്കോര്‍ ചെയ്തു.
ഐഎസ്എല്‍ ഈ സീസണില്‍ ഇത് നാലാം തവണയാണ് ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും ഏറ്റുമുട്ടുന്നത്. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. എന്നാല്‍ റിട്ടേണ്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി. ഒന്നാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് 1-0 ന്റെ വിജയം സ്വന്തമാക്കി. എന്നിരുന്നാലും ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പൂരിന് മികച്ച റിക്കാര്‍ഡാണുള്ളത്. ഇതുവരെ പതിനൊന്ന് തവണ ഈ ടീമുകള്‍ ഏറ്റുമുട്ടി. ഇതില്‍ മൂന്നു തവണയും ജംഷഡ്പൂരാണ് വിജയിച്ചത്. ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങള്‍ നേടി. ആറു മത്സരങ്ങള്‍ സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: