തിരുവനന്തപുരം: മുറിഞ്ഞപാലത്ത് സ്ഥിതിചെയ്യുന്ന കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റലിനു സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ആശുപത്രി മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ആശുപത്രിക്ക് പുറകുവശം പാര്‍ക്കിംഗ് ഗ്രൗണ്ട് അവസാനിക്കുന്നിടത്ത് റോഡിനടിയിലൂടെആമയിഴഞ്ചാന് തോട്ടിലേക്ക് ആശുപത്രിയില്‍ നിന്ന് മലിനജലം ഒഴുക്കാനായി ഡ്രൈയിനേജ് സംവിധാനമുണ്ട്. ഇതിനു സമീപം തന്നെയാണ് വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പമ്പ്ഹൗസും സ്ഥിതിചെയ്യുന്നത്. ആശുപത്രിയില്‍ നിന്നും ഒഴുക്കിവിട്ട വെള്ളത്തിലെ വിഷാംശമാണ് മരുന്നുകള്‍ ചത്തുപൊങ്ങാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ആശുപത്രിയുടെ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് ഭക്ഷണത്തിനായി മീനുകള്‍ കൂട്ടത്തോടെ വസിക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യത്തോടൊപ്പം ഒഴുക്കിവിടുന്ന രാസപദാര്‍ത്ഥങ്ങളും മറ്റും മീനുകള്‍ ഭക്ഷിക്കുകയും ഗുരുതരമായ രോഗം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് പരിസര വാസികള്‍ പറയുന്നു. മനുഷ്യാവശിഷ്ടങ്ങളും ശസ്ത്രക്രിയാമാലിന്യങ്ങളുമുള്പ്പെടെ തോട്ടിലേക്ക് നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. ശുദ്ധജലസ്രോതസുകളെ നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയും ആരോഗ്യവിഭാഗവും നടപടികള്‍ സ്വീകരിക്കാത്തത് ദുരൂഹമാണ്. പരാതികളുണ്ടായാല്‍ ഉടന്‍തന്നെ ആശുപത്രി ഉടമകള്‍ ഇടപെട്ട് അധികൃതരെ വേണ്ടതുപോലെ സ്വാധീനിച്ച് ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്നതുമൂലം പുഴയിലെ മീനുകളുടെ തലയില്‍ ദുര്‍ഗന്ധമുള്ള വ്രണം രൂപപ്പെടാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു. മീനുകള്‍ ചത്തുപൊങ്ങി അഴുകിയതിന്റെ ദുര്‍ഗന്ധം രൂക്ഷമായതോടെ പരിസരവാസികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാസ്കുള്ളതുകൊണ്ടുമാത്രം പിടിച്ചുനില്ക്കുന്നു. വീടിനുള്ളിലിരുന്നുപോലും ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നാണ് ജനങ്ങളുടെ പരാതി. കൂടാതെ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയും നിലനില്ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മെഡിക്കല്‍കോളജ് ഹോസ്പിറ്റലില്‍ നിന്നുള്ള മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് തുറന്നുവിട്ടിരുന്നു. അന്നും ഇതുപോലെ മീനുകള്‍ ചത്തുപൊങ്ങിയതായി നാട്ടുകാര്‍ ഓര്‍ക്കുന്നു.
എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു പറയുന്നത് തോട്ടില്‍ മീന്‍പിടിക്കാന്‍ വന്ന ആരോ വിഷം കലക്കിയതാണെന്നും ഇടയ്ക്കിടയ്ക്ക് ഇതുണ്ടാകാറുണ്ടെന്നുമാണ്. ആശുപത്രിയിലെ മാലിന്യമൊഴുക്കിയതാണ് കാരണമെന്നത് വിമര്‍ശകര്‍ വെറുതേ പറയുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: