മുംബൈ: റഷ്യ-ഉക്രൈന് യുദ്ധ സാഹചര്യത്തില്‍ ചൈന കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി അവരുടെ പ്രതിരോധ ബജറ്റ് 7.1 ശതമാനത്തോളം ചൈന കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ ഇന്ത്യയെ പിന്തുണച്ച് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ എംഡി ആനന്ദ് മഹീന്ദ്ര.
മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ആനന്ദ് മഹീന്ദ്ര വ്യത്യസ്തമായ ട്വീറ്റുകളിലൂടെ ലോക ശ്രദ്ധ നേടുന്ന വ്യക്തിയാണ്. ‘വലിപ്പത്തില്‍ കാര്യമില്ല’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. റഷ്യ-ഉക്രൈന് യുദ്ധം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാണ് തകിടം മറിച്ചത്. ഇതോടെയാണ് സൈനികശക്തി കൂട്ടണമെന്ന തീരുമാനം ചൈനയ്ക്കുണ്ടായത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 23000 കോടി അമേരിക്കന്‍ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.
എന്നാല്‍ ആധുനിക യുദ്ധതന്ത്രങ്ങളില്‍ വലിപ്പത്തിന് വലിയ കാര്യമില്ലെന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആനന്ദ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. എത്ര പണം ചെലവഴിക്കുന്നു എന്നതിലല്ല, എത്ര സ്മാര്‍ട്ടായി ആ തുക ചെലവഴിക്കുന്നു എന്നതിലാണ് കാര്യമെന്ന് മഹീന്ദ്ര പറയുന്നു. ‘വലിപ്പത്തില്‍ കാര്യമില്ല…ഭാവിയിലെ യുദ്ധതന്ത്രം വ്യത്യസ്തമായിരിക്കും. ഉക്രൈനില്‍ സായുധ ഡ്രോണുകള്‍ക്ക് യുദ്ധടാങ്കുകളുടെ നീണ്ട നിരയ്ക്ക് നാശം വിതയ്ക്കാന്‍ കഴിയും. എത്ര നമ്മള് ചെലവഴിക്കുന്നു എന്നതിലല്ല, എത്ര മിടുക്കോടെ അത് ചെലവഴിക്കുന്നു എന്നതിലാണ് കാര്യം’- ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: