മട്ടാഞ്ചേരി: സ്ത്രീ സുരക്ഷയ്ക്കായുള്ള ലേഡീസ് ഒണ്‍ലി ബസുകള്‍ ഇന്നും കടലാസില്‍ മാത്രം. കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസും സ്വകാര്യ മേഖലയുടെ വുമണ്‍ ഫ്രണ്ട്ലി സര്‍വീസും നിരത്തൊഴിഞ്ഞു. 2017 ജനുവരിയില്‍ തിരുവനന്തപുരത്ത് തുടങ്ങിയ പിങ്ക് ബസ് മറ്റു നഗരങ്ങളിലേയ്ക്കുമെത്തുമെന്നായിരുന്നു വാഗ്ദാനം. വനിതകളായ ഡ്രൈവറും കണ്ടക്ടറുമായി രണ്ട് പിങ്ക് ബസുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയത്. എന്നാല്‍ അത് അധികകാലം നീണ്ടില്ല. കാരണം വ്യക്തമാക്കാന്‍ ഇപ്പോഴും അധികൃതര്‍ തയ്യാറായിട്ടില്ല. കെഎസ്ആര്‍ടിസിയിലെ സ്ത്രീപീഡന വാര്‍ത്തകള്‍ വീണ്ടും എത്തുമ്പോഴാണ് പിങ്ക് ബസ് എവിടെയെന്ന ചോദ്യം ഉയരുന്നത്.
പിങ്ക് പോലീസ്, ഷീ ടാക്സി എന്നിവയുടെ ചുവടുപിടിച്ചാണ് പിങ്ക് ബസ് സര്‍വീസ് തുടങ്ങിയത്. 2010 മുതല്‍ സ്ത്രീ സുരക്ഷയുടെ പേരിലുയര്‍ന്ന ആവശ്യങ്ങളിലൊന്നായിരുന്നു ലേഡീസ് ഒണ്‍ലി ബസുകള്‍. ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ ഇത് നടപ്പായില്ല. ലക്ഷക്കണക്കിന് സ്ത്രീകളാണ് പല മേഖലകളിലായി സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. രാവിലെയും വൈകിട്ടുമുള്ള യാത്രകള്‍ക്കിടയില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ നിരവധിയാണെന്ന് ഒട്ടേറെ സര്‍വേഫലങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെ തിരക്കുള്ള സമയങ്ങളിലെങ്കിലും ലേഡീസ് ഒണ്‍ലി ബസ് സര്‍വീസുകള്‍ നടത്തണമെന്നാവശ്യമാണ് ഉയര്‍ന്നത്.
കെഎസ്ആര്‍ടിസിയുടെ പിങ്ക് സര്‍വീസ് അകാല ചരമമടഞ്ഞതോടെ സമാന മാതൃകയില്‍ ആലുവയിലും, ഇടുക്കി, മൂന്നാര്‍ അടക്കമുള്ള മേഖലയിലും തുടങ്ങിയ സ്വകാര്യ ബസുകളും നിരത്തുകളില്‍ നിന്നും പിന്മാറുകയായിരുന്നു.
കൊച്ചിയില്‍ 2012 മുതല്‍ പ്രഖ്യാപിച്ച വുമണ്‍ ഫ്രണ്ട്ലി ബസ് സര്‍വീസ് ഇന്നും ചുവപ്പുനാടയിലാണ്. നഗരങ്ങള്‍ കേന്ദ്രീകരിച്ചെങ്കിലും തിരക്കുള്ള സമയങ്ങളില്‍ സ്ത്രീ സൗഹൃദ ബസുകള്‍ സര്‍വീസ് നടത്തണമെന്നാണ് സ്ത്രീ യാത്രക്കാരും ജനകീയ സാംസ്കാരിക സംഘടനകളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: