കീവ് : ഉക്രൈനിലെ സുമി നഗരത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്തെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് എല്ലാ വഴികളും തേടുകയാണ്. റെഡ്ക്രോസ് അടക്കമുള്ള എല്ലാ ഏജന്‍സികളുമായും സുരക്ഷിതമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സുമിയില്‍ ഷെല്ലാക്രമണം തുടരുന്നതാണ് രക്ഷാദൗത്യത്തിന് പ്രതികൂലമായത്. വിദ്യാര്‍ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായും അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അവരെ രക്ഷിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബാഗ്ചി അറിയിച്ചു.
സുരക്ഷിതമായി ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ തുടരണം ആരും അനാവശ്യമായി പുറത്തേയ്ക്കിറങ്ങരുത്. സുമിയില്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ അവിടെ ഇപ്പോള്‍ ഗതാഗതസൗകര്യങ്ങില്ല. പ്രാദേശിക വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയാല്‍മാത്രമേ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയൂ. അതിനായി റഷ്യക്കും ഉക്രൈനുംമേല് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഉടന്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
സുമിയിലെ വിദ്യാര്‍ത്ഥികള്‍ ബങ്കറുകളിലേക്ക് തിരിച്ചുപോയെന്നാണ് വിവരം. അവിടെ വൈദ്യുതിബന്ധം തിരിച്ചുവന്നു. വെള്ളലഭ്യതയില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. സുമിയില്‍നിന്ന് റഷ്യന്‍ അതിര്‍ത്തി 60 കിലോമീറ്റര്‍ ദൂരെയാണ്. അവിടേക്കുള്ള യാത്ര എളുപ്പമല്ല. സുരക്ഷിതപാത ഒരുങ്ങിയാല്‍മാത്രമേ ഒഴിപ്പിക്കല്‍ നടക്കൂവെന്ന് അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുമായി പ്രത്യേക വിമാനം മുംബൈയില്‍ എത്തി. 182 ഇന്ത്യന്‍ പൗരന്മാരാണ് എത്തിയത്. ഓപ്പറേഷന് ഗംഗയുടെ കീഴില്‍ റൊമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുമുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് പുലര്‍ച്ചെയോടെ എത്തിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്ര സഹമന്ത്രി കപില്‍ പാട്ടീല്‍ സ്വീകരിച്ചു
റഷ്യന്‍ സൈനിക ആക്രമണം നേരിടുന്ന ഉക്രൈനില്‍ നിന്നും ഓപ്പറേഷന് ഗംഗയുടെ കീഴില്‍ ഇതുവരെ 13,300 പേര് ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഖാര്‍കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും തിരിച്ചെത്തിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: