തൃശ്ശൂര്‍: ഡീസല്‍ വില വര്‍ധിച്ചതും കൊവിഡ് പ്രതിസന്ധിയും കാരണം സിഎന്‍ജിയിലേക്ക് മാറ്റിയ ബസിന്റെ ഉടമകള്‍ പ്രതിസന്ധിയില്‍. വരുമാനം കുറഞ്ഞതോടെ ഡീസല്‍ വില താങ്ങാനാകാത്ത സാഹചര്യത്തിലാണ് ജില്ലയില്‍ നൂറിലധികം ബസുകള്‍ സിഎന്‍ജിയിലേക്ക് മാറിയത്.
എന്നാല്‍ മാറ്റം വരുത്തിയ ബസുകള്‍ ഓടി തുടങ്ങിയപ്പോഴേക്കും സിഎന്‍ജിയുടെ വില 54ല്‍ നിന്ന് 73ലെത്തിയത് ഉടമകള്‍ക്ക് തിരിച്ചടിയായി. കൂടാതെ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസിന്റെ ലഭ്യത കുറഞ്ഞതും ഇരട്ടപ്രഹരമായി. ഡീസലില്‍ ഓടുന്ന ബസുകളേക്കാള്‍ ദിവസേന 2000 രൂപവരെ ലാഭം കിട്ടുമെന്നതാണു ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. വിലക്കുറവിനൊപ്പം മൈലേജ് 15 ശതമാനം കൂടുതലാണെന്നതും 2000 രൂപയോളം ശരാശരി ലാഭത്തിലേക്ക് ബസുടമകളെ എത്തിക്കുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ വിലവര്‍ധന തിരിച്ചടിയായതായി ബസുടമകള്‍ പറയുന്നു.
ഇരുപത് കിലോ ഭാരമുള്ള നാല് സിലിണ്ടറുകളാണ് ഒരു ബസില്‍ ആവശ്യമായി വരിക. ദീര്‍ഘദൂര ബസിന് എട്ട് മുതല്‍ 10 സിലിണ്ടറുകള്‍ വരെ വേണ്ടിവരും. ഇതിനായി നാല് മുതല്‍ അഞ്ചു ലക്ഷം രൂപവരെ മുടക്കിയാണ് ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നത്. ഡീസല്‍ എഞ്ചിന് പെട്രോള്‍ എഞ്ചിനാക്കി മാറ്റിയ ശേഷമേ സിഎന്‍ജി ആക്കാന്‍ സാധിക്കൂ എന്നതും തരംമാറ്റ ചെലവ് വര്‍ധിപ്പിക്കുന്നു.
ഭാരിച്ച ചെലവ് ആണെങ്കിലും സിഎന്‍ജി ആക്കുന്നതുവഴിയുള്ള ലാഭം ലക്ഷ്യംവെച്ചാണ് ഉടമകള്‍ ഇതിന് മുന്‍കൈയെടുക്കുന്നത്. ജില്ലയില്‍ ഇരുന്നൂറോളം ഓട്ടോകളും നൂറിലധികം ടാക്സി കാറുകളും സിഎന്‍ജിയിലേക്ക് മാറിക്കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം കുറവായതിനാല്‍ സര്‍ക്കാരും ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി പത്തോളം പമ്പുകളില്‍ സിഎന്‍ജി സംവിധാനമുണ്ട്. എന്നാല്‍ ഈ പമ്പുകളില്‍ എല്ലാം വൈകിട്ട് സമയങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ജില്ലയില്‍ പുതിയ സിഎന്‍ജി പ്ലാന്റുകള്‍ ആരംഭിക്കുമെന്ന ഭരണകര്‍ത്താക്കളുടെ വാഗ്ദാനം ഇതുവരെ ഫലംകണ്ടില്ല.
ജില്ലയില്‍ സിഎന്‍ജി ഇന്ധനം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൈപ്പിടല്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഗതാഗതച്ചെലവ് കുറയുന്നതോടെ വില ഇടിയുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: