തൊഴിലാളി വര്‍ഗത്തിന്റെ കാഴ്ചപ്പാടില്‍ സമൂലമാറ്റം വരണമെന്ന നിര്‍ദേശവും നിക്ഷേപം സംബന്ധിച്ചുള്ള കടുംപിടിത്തം ഉപേക്ഷിക്കുന്നതുമായ പ്രധാന ചുവടുമാറ്റത്തോടെയാണ് വികസന നയരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്. മാറുന്ന സമൂഹത്തിനു പ്രചോദനമായി മുന്നില്‍ നടക്കേണ്ടിയിരുന്ന പാര്‍ട്ടി 10 വര്‍ഷമെങ്കിലും പിറകിലാണെന്ന വിമര്‍ശനം വൈകിയാണെങ്കിലും ഉള്‍ക്കൊള്ളുന്നതായി. സമരം യാന്ത്രികമായി ചെയ്യേണ്ടതല്ലെന്ന യാഥാര്‍ഥ്യവും ഉള്‍ക്കൊണ്ടു. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയാതിരിക്കുന്നതിനു തൊഴില്‍ സമരങ്ങള്‍ കാരണമായിട്ടുണ്ടെന്ന തിരിച്ചറിവും കൈവന്നു. വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് കേരള വികസനത്തിനു നയം രൂപീകരിക്കാനായി രണ്ട് രേഖകള്‍ സംസ്ഥാന സമിതിയില്‍ കൊണ്ടുവന്നിരുന്നു. അതു നടപ്പാക്കുന്നതില്‍ വി എസ് താല്പര്യം കാണിച്ചില്ലെന്നു മാത്രമല്ല, അതെല്ലാം മാറ്റിവയ്ക്കുകയും ചെയ്തു. വിഎസ് ഇല്ലാത്ത സമ്മേളനത്തിലാണ് പുതിയ കാഴ്ചപ്പാട് അംഗീകരിക്കപ്പെടുന്നത്. പാര്‍ട്ടിയും ഭരണവും പിണറായിയുടെ നിയന്ത്രണത്തിലായതോടെ വികസനത്തിനായി പ്രത്യയശാസ്ത്ര ഭാരം ഇറക്കിവയ്ക്കുന്നതില്‍ തെറ്റില്ലെന്ന ചിന്തയിലേക്ക് പാര്‍ട്ടിയാകെ മാറി.
അച്യുതാനന്ദന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും ശക്തി ചോര്‍ന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ഏതു വികസനത്തെയും കണ്ണടച്ച് എതിര്‍ക്കുകയെന്നതായിരുന്നു സിപിഎമ്മിന്റെ പഴയ രീതി. നയവ്യതിയാനമുണ്ടായപ്പോഴെല്ലാം തിരുത്തല്‍ ശക്തിയെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അതാണ് പിണറായി വിജയന്റെ നിലപാടുകള്‍ ഇതിനു മുന്‍പ് അംഗീകരിക്കപ്പെടാതെ പോയതിനു കാരണം. സ്വകാര്യ മൂലധനത്തെയോ വിദേശ മൂലധന നിക്ഷേപത്തെയോ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയിരുന്നെങ്കിലും എന്തിനും ഏതിനും തടസ്സവാദങ്ങള്‍ ഉയര്‍ത്തിയുള്ള എതിര്‍പ്പ് പാര്‍ട്ടിയില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നിക്ഷേപങ്ങള്‍ പാടില്ലെന്ന നയമാണ് സിപിഎമ്മിന്. എന്നാല്‍ എല്ലാ നിക്ഷേപങ്ങള്‍ക്കു പിന്നിലും ചരടുകളുണ്ടെന്ന എതിര്‍വാദം പാര്‍ട്ടിക്കകത്തു തന്നെ ഉയര്‍ന്നിരുന്നു. ഇതാണ് സിപിഎമ്മിന്റെ മനംമാറ്റം വൈകിപ്പിച്ചത്.
യന്ത്രവത്ക്കരണം, കമ്പ്യൂട്ടര്‍വത്ക്കരണം, സ്വാശ്രയ വിദ്യാഭ്യാസം, പൊതു–സ്വകാര്യ പങ്കാളിത്തം, എക്സ്പ്രസ് ഹൈവേ എന്നുവേണ്ട സകലതിനെയും എതിര്‍ക്കുന്നതായിരുന്നു ഒരുകാലത്ത് സിപിഎം രീതി. ശാസ്ത്ര–വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റാന്‍ പൊതുതാല്‍പ്പര്യം ഹനിക്കാത്ത ഏതു മൂലധനവും ആവാമെന്ന നിലപാടാണ് ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നത്. അടിസ്ഥാന വര്‍ഗത്തിന് പരിഗണന നല്‍കുന്നതോടൊപ്പം ആധുനിക സമൂഹത്തെ തൃപ്തിപ്പെടുത്തുന്ന സമീപനം കൂടിയില്ലെങ്കില്‍ തുടര്‍ച്ചയായ ഭരണമെന്ന ആഗ്രഹം നടക്കില്ലെന്നാണു വിലയിരുത്തല്‍. പാര്‍ട്ടിയില്‍, നയവ്യതിയാനം ചൂണ്ടിക്കാട്ടി എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നവരുടെ ചിറകരിയപ്പെട്ടതോടെ കൂടുതല്‍ കാറ്റും വെളിച്ചവും കടക്കുന്ന തരത്തിലേക്ക് സിപിഎം പരിവര്‍ത്തനപ്പെടുകയാണ്.
ഖേദത്തോടെയാണ് ഇക്കാര്യം പറയുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചു കൊണ്ടാണ് മന്ത്രി ബിന്ദു വിമര്‍ശനം ഉന്നയിച്ചത്. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് പറയേണ്ടി വരുന്നതായി അവര്‍ തുറന്നടിച്ചു. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്കിയാലും ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം പൊതു ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനില്‍ക്കുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച കാര്യം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാഅംഗത്തിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്പെന്ഷന്. നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി. സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് എ.കെ. ബാലനും പി.കെ.ശ്രീമതിയുംഅംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. പാ
ര്‍ട്ടി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതിനു പകരം അധികാര സ്ഥാനത്തിരിക്കാനാണ് പലര്‍ക്കും താല്പര്യം. ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും പുറത്ത് വിമര്‍ശകരായി നടിക്കുകയും ചെ യ്യുന്ന നേതാക്കളുണ്ടെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു
സ്ത്രീപീഡനങ്ങളുടെയും ദളിത് പീഡനങ്ങളുടെയും പെരുമഴക്കാലമായിരുന്നു 5 വര്‍ഷവും. മൂന്നു വയസുള്ള പിഞ്ചുകുഞ്ഞു മുതല്‍ 90 വയസുള്ള അമ്മൂമ്മവരെ പീഡിക്കപ്പെട്ടു. പീഡനകേസുകളില്‍ നിയമപാലകരോടൊപ്പം നിന്ന് സംരക്ഷണം നല്കി എന്ന ആവലാതി ആരും പറയാന്‍ ധൈര്യപ്പെട്ടില്ല. വടക്കാഞ്ചേരിയിലെ പീഡനം പുറംലോകം അറിഞ്ഞത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നാവില്‍ നിന്നാണ്. അതും കമ്മ്യൂണിസ്റ്റ് സഹയാത്രിക. അവര്‍ക്കാകട്ടെ പ്രശംസ ഒട്ടും കിട്ടിയുമില്ല, പേരുദോഷം ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: