കോട്ടയം: ഭാരത കേസരി മന്നത്ത് പദ്മനാഭനെ തമസ്‌കരിച്ച് സിപിഎം ചരിത്ര പ്രദര്‍ശനം. കൊച്ചിയില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശനത്തില്‍ നിന്നാണ് മന്നത്തെ ഒഴിവാക്കിയത്.
നാളുകളായി എന്‍എസ്എസിനെതിരേ ഒളിഞ്ഞും തെളിഞ്ഞും സിപിഎം നടത്തി വരുന്ന നീക്കങ്ങളുടെ ഭാഗമാണ് മന്നത്തെത്തന്നെ ചരിത്രത്തില്‍ നിന്നു കുടിയിറക്കാനുള്ള ശ്രമമെന്ന വിലയിരുത്തലാണ് എന്‍എസ്എസിനുള്ളത്. സമുദായ താത്പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാത്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു മന്നം. അദ്ദേഹത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വൃഥാവിലാകുകയേയുള്ളൂയെന്ന നിലപാടാണ് എന്‍എസ്എസിന്.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ മന്നത്തു പദ്മനാഭന്റെ ചിത്രം സൗകര്യംപോലെ ഉയര്‍ത്തിപ്പിടിക്കുകയും ചിലപ്പോള്‍ മാറ്റിവയ്‌ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ താത്കാലിക രാഷ്‌ട്രീയ നേട്ടത്തിനു മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചു. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്നു മനസ്സിലാക്കിയാല്‍ മതി.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരേ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മന്നത്തു പദ്മനാഭന്‍. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് അദ്ദേഹം ഒരിക്കലും നിലകൊണ്ടിട്ടില്ല. അതുതന്നെയാണ് നായര്‍ സര്‍വീസ് സൊസൈറ്റിയും പിന്തുടരുന്നത്. വിമോചന സമരത്തിന് അദ്ദേഹം നേതൃത്വം കൊടുത്തത് അന്നത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരേയും സാമൂഹ്യനീതിക്കുവേണ്ടിയുമായിരുന്നു. അത് ലോകം മുഴുവന്‍ അംഗീകരിച്ചതാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: