ചിസിനൗ: ഉക്രൈനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയും താമസവും ഒരുക്കി നല്‍കി മൊള്‍ദോവിയന്‍ സര്‍ക്കാര്‍. ഒഡേസ തുറമുഖ നഗരത്തില്‍ കുടുങ്ങിയ നൂറോളം വിദ്യാര്‍ഥികളാണ് അതിര്‍ത്തി കടന്ന് മൊള്‍ദോവയില്‍ എത്തിയത്. സൈനിക ആശുപത്രികളില്‍ അടക്കം അവര്‍ക്ക് താത്ക്കാലിക താമസ സൗകര്യം ഒരുക്കിയ അധികൃതര്‍ കുടിവെള്ളവും ഭക്ഷണവും എല്ലാം എത്തിച്ചു നല്‍കി.
ഒഡേസയില്‍ നിന്ന് ഒരുമണിക്കൂര്‍ കൊണ്ട് മൊള്‍ദോവയില്‍ എത്തിയതായും ഇപ്പോള്‍ സുരക്ഷിതരാണെന്നും നാഷണല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സഖിബ് പറഞ്ഞു. അതിര്‍ത്തിയിലെ താത്ക്കാലിക താവളങ്ങളിലാണ് ഞങ്ങള്‍ സുഖമായി കഴിയുന്നത്, അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മൊള്‍ദോവ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് സുരക്ഷിത താമസം ഒരുക്കി നല്‍കിയതിന് അവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട്. അവര്‍ എത്തി ഇന്ത്യക്കാരെ മൊള്‍ദോവന്‍ തലസ്ഥാനമായ ചിസിനൗ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടക്കി അയക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: