കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയന് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ അവരെ പടിക്ക് പുറത്ത് നിര്‍ത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സിഎജി,ലോകായുക്ത,ഗവര്‍ണര്‍ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ല. കസ്റ്റഡി മരണങ്ങളുടേയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തില്‍ വന്ന് രാജ്യത്തെ കുറ്റംപറയാന്‍ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രന് ചോദിച്ചു.
കൊവിഡ് നേരിടുന്നതില്‍ ഇടത് സര്‍ക്കാരാണ് ദയനീയമായി പരാജയപ്പെട്ടത്. കൊവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നമ്പര്‍വണ്‍ കേരളമായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തി. കൊവിഡ് മരണങ്ങള് മറച്ച് വെച്ച് മരണനിരക്ക് കുറയ്ക്കാന്‍ ശ്രമിച്ച മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് പിണറായി വിജയന്റേത്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന സിപിഎം ജനറല്‍സെക്രട്ടറി കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം നടത്തുകയാണെന്ന് പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. മലപ്പുറത്ത് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയുടെ വീടും സമ്മേളന നഗരിക്ക് തൊട്ടടുത്ത് സിപിഎം ക്രിമിനലുകള്‍ കൊല ചെയ്ത ദളിത് യുവാവ് ദീപുവിന്റെ വീടും യെച്ചൂരി സന്ദര്‍ശിക്കണം. കേരളത്തില്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗക്കാര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ യെച്ചൂരി തയ്യാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: