മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ആണവ ഭീഷണി ഉയര്‍ത്തിയതോടെ ചര്‍ച്ചകള്‍ക്ക് വഴങ്ങി ഉക്രൈന്‍. റഷ്യ പറയുന്ന സ്ഥലത്ത് ചര്‍ച്ചയ്‌ക്കെത്താമെന്ന് ഉടനെ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി സമ്മതിച്ചു.
ആണവ പ്രതിരോധ സേനയ്‌ക്ക് പ്രത്യേക ഉത്തരവാദിത്വം ഏല്‍പ്പിക്കുമെന്ന് സേനാത്തലവന്‍മാരുടെ യോഗത്തിലാണ് പുടിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ എന്താണ് ഈ പ്രത്യേക ഉത്തരാവാദിത്വം എന്ന് വെളിപ്പെടുത്തിയില്ല. എന്തായാലും ഇത് തന്ത്രപരമായതോ തന്ത്രപരമല്ലാത്തതോ ആയ ഉത്തരവാദിത്വങ്ങളില്‍ ഏതായാലും അപകടകരമാണെന്ന് ചാതം ഹൗസ് തിങ്ക്ടാങ്കിലെ സുരക്ഷാ വിദഗ്ധ ബെയ്‌സാ ഉനന്‍ വിലയിരുത്തുന്നു.
തന്ത്രപരമായ സൈനിക ശക്തിയെയാണ് ജാഗ്രതയില്‍ ഒരുക്കുന്നതെങ്കില്‍ അത് യുഎസിന് ഉള്‍പ്പെടെ നേരിട്ടുള്ള ഭീഷണിയാകും. അതല്ല, തന്ത്രപരമായ ആണവായുധങ്ങള്‍ തന്ത്രപരമല്ലാത്ത ലക്ഷ്യത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് യൂറോപ്പിനും നാറ്റോ അംഗങ്ങള്‍ക്കും ഭീഷണിയാകും. രണ്ടായാലും യുദ്ധത്തില്‍ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവര്‍ പറയുന്നു. നാലാം ദിവസമായിട്ടും ഉക്രൈന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്കാരണം തലസ്ഥാനമായ കീവ് പിടിക്കാന്‍ കഴിയാത്തതില്‍ പുടിന്‍ നിരാശനാണ്. രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഉക്രൈന് നല്‍കുന്ന പരസ്യപിന്തുണയും പുടിനെ പ്രകോപിപ്പിക്കുന്നു. ഞായറാഴ്ച റഷ്യന്‍ ബാങ്കുകളുടെ പണമിടപാടുകള്‍ മരവിപ്പിക്കാവുന്ന രീതിയില്‍ സ്വിഫ്റ്റ് സമ്പ്രദായത്തില്‍ നിന്നും റഷ്യയെ പുറന്തള്ളാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ഇത് റഷ്യയുടെ സാമ്പത്തിക ചക്രത്തെ നിശ്ചലമാക്കാന്‍ പോകുന്ന ഒന്നാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ ഉക്രൈന് ആയുധങ്ങള്‍ എത്തിക്കുകയാണ്. ഇതും പുടിനെ പ്രകോപിപ്പിക്കുന്നു. ഇതോടെയാണ് ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാത്തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടിയന്തരമായി വിളിച്ചുകൂട്ടിയ സേനാത്തലവന്‍മാരുടെ യോഗത്തില്‍ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും നാറ്റോയെയും പുടിന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ സൗഹൃദപരമല്ലാത്ത നടപടികളാണ് കൈക്കൊള്ളുന്നത്.
നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. എന്തായാലും പുടിന്റെ ഈ താക്കീതുമുന്നിലാണ് ഉക്രൈന്‍ മുട്ടുമടക്കിയത്. റഷ്യ പറഞ്ഞ ചര്‍ച്ചാ വേദിയായ ബെലാറൂസില്‍ ഉക്രൈന്‍ പ്രതിനിധി സംഘം വൈകാതെ എത്തുകയായിരുന്നു. സമാധാന ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: