കോട്ടയം: കല്ലില്‍ കാലഘട്ടത്തെ കൊത്തിയെടുത്ത അങ്കണങ്ങള്‍ ഇനി സിഎംഎസ് കോളജിന് സ്വന്തം. വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും പ്രകൃതിയുമെല്ലാം കവിതപോലെ കല്ലില്‍ വിരിയിച്ചിരിക്കുകയാണ് സിഎംഎസ് കോളജിന്റെ മുറ്റത്ത്. 21 ദിവസങ്ങള്‍ നീണ്ടുനിന്ന ശില്പ നിര്‍മാണത്തിലൂടെ 7 ശില്പികള്‍ കലാലയത്തിന് നല്കിയത് വിവിധ ആശയങ്ങള്‍ ആവിഷ്‌കരിച്ച 7 ശില്പങ്ങള്‍. വിദ്യാഭ്യാസം, പ്രകൃതി, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ സാമൂഹിക ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങളാണ് കലാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
വഴിക്കാട്ടി പ്രകൃതിയും, മഷിയും തൂലികയും ലിവിങ് ബോഡിയും മൂവിങ് ലാന്‍ഡും ശില്പകുതുകികളുടെ ഹൃദയം കവരും വിധത്തില്‍ ഒരുക്കിയവയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കൃത്യമായി ചിത്രീകരിക്കാന്‍ ശില്പങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. തവിയും പുസ്തകവുമായി ഉയരങ്ങളിലേക്ക് ഉറ്റുനോക്കുന്ന സ്ത്രീ ഈ കാലഘട്ടത്തിന്റെ സ്ത്രീയെ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതാണ്. തലമുടികള്‍ക്ക് തുറന്ന പുസ്തകത്തെ ചിത്രീകരിച്ച ശില്പം അക്ഷരങ്ങളുടെ ലോകത്തേക്ക് അടുക്കുന്ന പെണ്‍ശക്തിയെ നമുക്ക് മുന്നില്‍ പറഞ്ഞുവെക്കുന്നു.
നാല് ഭാഗത്തും വൃക്ഷവും മനുഷ്യനും നിറഞ്ഞ ശില്പം പ്രകൃതിയും ജീവജാലങ്ങളും ഇഴുകി ജീവിക്കുന്ന പ്രൗഡിയുടെ കാലത്തെ കാഴ്ചക്കാരന് മുന്നില്‍ കാട്ടിതരുന്നു. മഷിയും തുലികയും കൊത്തിയ ശില്പം അക്ഷരനഗരിയുടെ പൈതൃകത്തെ അതിന്റെ വിശുദ്ധിയെ കാഴ്ചക്കാരന് മുന്നില്‍ അവതരിപ്പികുക മാത്രമല്ല സമൂഹത്തിന് മുന്നില്‍ വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവ്യാപ്തിയെ പകരുന്ന ടാഗോര്‍, ഐന്‍സ്റ്റീന്‍ വരികളും കുറിക്കുന്നു. ജൈവ അവസ്ഥകളെ അനാവരണം ചെയ്യുന്ന ശില്പം വിവിധ ജൈവഭാവത്തെ സ്ത്രീ ശരീരത്തിലുടെ പ്രതിനിധാനം ചെയ്യുന്നു.
7 ശില്പങ്ങളില്‍ 6 എണ്ണം രചന പൂര്‍ത്തിയായി കാലാലയത്തിന്റെ മുറ്റത്ത് സ്ഥാപിക്കാന്‍ കാത്തിരിക്കുകയാണ്. സ്ഥാപിക്കാനുള്ള തറയും അലങ്കാരപണികളും പൂര്‍ത്തിയാകുന്ന മുറക്ക ശില്പങ്ങള്‍ സ്ഥാപിക്കാനാകും എന്നാണ് കണക്കാക്കുന്നത്. എത്തിചേരാന്‍ ബാക്കിയുള്ളത് കെ.എസ് രാധാകൃഷണന്റെ ശില്പമാണ്. 22 അടി പൊക്കണുള്ള ശില്പമാണ് ഇത്. 6 ടണ്‍ ഭാരം വരുന്ന ശില്പങ്ങളാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. വിവിധ ആശയങ്ങളെ സ്ഥാപിക്കുന്നതിന് തുല്യമാണ് ശില്പങ്ങള്‍ സ്ഥാപിക്കുന്നത്. അജയന്‍ വി. കാട്ടുങ്ങല്‍, സനുല്‍ കുട്ടന്‍, ഹര്‍ഷ വത്സന്‍, വി. സതീശന്‍, ഇ.ജി. ചിത്ര, എം.കെ ജോണ്‍സണ്‍ എന്നിവരാണ് ശില്പങ്ങളൊരുക്കിയത്. ശില്പങ്ങള്‍ കാലഘട്ടത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുമെന്നതില്‍ സംശയമില്ല.
അശ്വിന്‍ കുമാര്‍ ആര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: