കൊട്ടിയം: ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ തഴുത്തല പ്രദേശം കുടിവെള്ള പദ്ധതിക്കായുള്ള നീണ്ട കാത്തിരിപ്പിലാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മ ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്നു. തഴുത്തല ഗണപതി ക്ഷേത്രത്തിന് അടുത്തുനിന്ന് കൊട്ടിയംകണ്ണനല്ലൂര് റോഡിലൂടെ വഞ്ചിമുക്കിനു സമീപം വരെ പൈപ്പ്ലൈന് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഈ ജനകീയ ആവശ്യത്തിനോട് പൊതുമരാമത്തും വാട്ടര്‍അതോറിട്ടിയും പ്രതികരിക്കാത്തതിനാല്‍ പൈപ്പിടല്‍ സ്വപ്നമായി അവശേഷിക്കുന്നു. റോഡ് കുഴിച്ച് പൈപ്പിടാന്‍ പണ്ടിഡബ്ല്യുഡി അനുമതി നല്‍കുന്നില്ലെന്നു പറഞ്ഞ് വാട്ടര്‍ അതോറിറ്റി കൈയൊഴിയുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ 1, 2, 19, 20 വാര്‍ഡുകളിലെ മുന്നൂറിലേറെ കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭിക്കാത്തത്. ശുദ്ധജലം കൊണ്ടുവരുന്ന മെയിന്‍ പൈപ്പ് ലൈന്‍ ഇല്ലെങ്കിലും ജല്‍ജീവന്‍ മിഷന് കണക്ഷനുകള്‍ നല്‍കുന്നതിന് ഉള്ഭാഗങ്ങളിലേക്കുവരെ പൈപ്പുകള്‍ ഇട്ടു.
മെയിന്‍ പൈപ്പ്ലൈന് സ്ഥാപിച്ച് തഴുത്തലയിലും വഞ്ചിമുക്കിലും എത്തുന്ന പൈപ്പുമായി യോജിപ്പിച്ച് ജലവിതരണം നടത്താനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന പഞ്ചായത്തുതല അവലോകനയോഗത്തില്‍ എംഎല്‍എ ജി.എസ്. ജയലാലിനോട് പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: