ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി നിധി ത്രിപാദി, കഴിഞ്ഞ 5 ദിവസമായി ചെന്നൈയിലെ പുഴാല്‍ ജയിലില്‍ റിമാന്‍ഡിലാണ്. നിധി ത്രിപാദിക്കൊപ്പം എബിവിപിയുടെ ദേശീയ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 33 പേരെയാണ് സ്റ്റാലിന്റെ കീഴിലുള്ള ഡിഎംകെ ഭരണകൂടം, കള്ളക്കേസുകള്‍ ചുമത്തി തുറങ്കിലടച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാതിരിക്കാനായി തമിഴ്‌നാട് പോലീസ് ബോധപൂര്‍വ്വം കോടതിവ്യവഹാരങ്ങള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ പുതിയ കള്ളക്കേസുകള്‍ പ്രവര്‍ത്തകരുടെ പേരില്‍ ചുമത്തുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ദേശീയ ജനറല്‍ സെക്രട്ടറിയെ ജയിലിലെത്തി സന്ദര്‍ശിച്ചുവെന്ന കാരണത്താല്‍ ചിലരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ ശ്രമിക്കുന്നു. എന്താണ് ഇതിനും മാത്രം സ്റ്റാലിന്റെ ഏകാധിപത്യ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്?
അധികാരത്തിലെത്തിയ ഉടനെ മാധ്യമങ്ങളെ അപ്പാടെ വിലയ്‌ക്കെടുത്ത സ്റ്റാലിന്‍ ഭരണകൂടം, ‘തിരുവായ്‌ക്ക് എതിര്‍വാ’ ഇല്ലാത്ത തരത്തില്‍, ഇന്ന് തമിഴ്‌നാട്ടില്‍ നടത്തുന്നത് ഏകാധിപത്യ ഭരണമാണ്. സമാധാനമായി പ്രതിഷേധിക്കുവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു. കായികമായി ആക്രമിക്കുന്നു. മതംമാറ്റ ലോബിയ്‌ക്കെതിരെ പരാതി നല്‍കിയവരെ പിടിച്ച് ജയിലിലിടുന്ന അവസ്ഥയാണ് ഇന്ന് തമിഴ്‌നാട്ടിലുള്ളതെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ ഏവരേയും അടിച്ചമര്‍ത്തി മുന്നോട്ടു പോയ സ്റ്റാലിന്‍ ഭരണകൂടത്തെ ചോദ്യം ചെയ്യാനായി എബിവിപിഎന്ന സംഘടന സധൈര്യം മുന്നോട്ടു വന്നത് സ്റ്റാലിനെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. അതിന്റെ വൈരാഗ്യമാണ് നിലവിലെ സാഹചര്യങ്ങളിലേക്ക് നയിച്ചത്.
ഒരു കാര്യം അഭിമാനപൂര്‍വ്വം തന്നെ പറയട്ടെ.. എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി, ചെന്നൈയില്‍ തുറങ്കിലടയ്‌ക്കപ്പെട്ടത് ഈ രാഷ്‌ട്രത്തെ കഷ്ണം കഷ്ണമായി വെട്ടിനുറുക്കണമെന്ന് ആഹ്വാനം ചെയ്തതിനല്ല.. മറിച്ച് ലാവണ്യ എന്ന 17 വയസ്സുള്ള പെണ്‍കുട്ടിക്ക് നീതി ലഭിക്കുവാന്‍ വേണ്ടിയിട്ടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്. തഞ്ചാവൂര്‍ ജില്ലയിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ലാവണ്യ, ഹോസ്റ്റല്‍ വാര്‍ഡന്റെ നിരന്തരമായ മതംമാറ്റ ശ്രമത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിട്ട് മാസം ഒന്നു കഴിഞ്ഞു. മതംമാറ്റ ലോബിയോട് മൃദുസമീപനം പുലര്‍ത്തുന്ന സ്റ്റാലിന്‍ ഭരണകൂടം ലാവണ്യയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍ അടിയുറച്ച പിന്തുണയുമായി എബിവിപി, ലാവണ്യയുടെ കുടുംബത്തിനൊപ്പം നിന്നു. ശക്തമായ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മദ്രാസ് ഹൈക്കോടതി, കേസ് സിബിഐ ക്ക് കൈമാറാന്‍ ഉത്തരവിട്ടു. ആ ഉത്തരവ് സ്‌റ്റേ ചെയ്യിക്കാനായി ഡി എം കെ ഭരണകൂടം സുപ്രീംകോടതിയിലെത്തിയെങ്കിലും കോടതി വിസമ്മതിച്ചു. പിന്നീട് ഈ കേസുമായി സഹകരിക്കാത്ത നിലപാട് സ്റ്റാലിന്‍ ഭരണകൂടം സ്വീകരിച്ചതോടെയാണ് എബിവിപി സമരം ശക്തമാക്കിയത്. ലാവണ്യയ്‌ക്ക് നീതി ഉറപ്പാക്കുവാനായി എല്ലാ പിന്തുണയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിധി ത്രിപാദി, മുഖ്യമന്ത്രി സ്റ്റാലിന് വൈകാരികമായ ഒരു കത്തും അയച്ചിരുന്നു. എന്നാല്‍ അതിനോടൊക്കെ പുറംതിരിഞ്ഞു നില്‍ക്കുന്ന നിലപാടാണ് സ്റ്റാലിന്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ വസതിയിലേക്ക് നിധി ത്രിപാദിയുടെ നേതൃത്വത്തില്‍ എബിവിപിമാര്‍ച്ച് നടത്തിയത്. പൊതുവേ സമാധാനപരമായിരുന്ന ആ മാര്‍ച്ചിനെ, അതിക്രൂരമായിട്ടാണ് തമിഴ്‌നാട് പോലീസ് നേരിട്ടത്. ‘തിരുവായ്‌ക്ക് എതിര്‍വാ’ ഇല്ലാത്ത തമിഴ്‌നാട്ടില്‍ സ്റ്റാലിനെതിരെ പ്രതികരിക്കാന്‍ എബിവിപി സധൈര്യം മുന്നോട്ടു വന്നതിന്റെ ചൊരുക്കായിരുന്നു അതിനു പിന്നില്‍. കള്ളക്കേസില്‍ കുടുക്കി അകത്തിട്ട് എബിവിപിയെ നിശബ്ദമാക്കാമെന്നാകും സ്റ്റാലിന്റെ കണക്ക് കൂട്ടല്‍..
പക്ഷേ സ്റ്റാലിന് തെറ്റി. ഇന്ന് ഭാരതമെമ്പാടും ലാവണ്യക്കേസ് ചര്‍ച്ച ചെയ്യപ്പെടുകയാണ്. മതംമാറ്റ ലോബിക്ക് സ്റ്റാലിന്‍ ഭരണകൂടം നല്‍കുന്ന പരിരക്ഷ, ദേശീയ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. തന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍, ഹാലിളകി അതിനെ അടിച്ചമര്‍ത്താമെന്നു കരുതുന്ന സ്റ്റാലിന്‍, എബിവിപിയുടെ ചരിത്രം പഠിക്കാന്‍ തയ്യാറാകണം. ഓലപ്പാമ്പ് കാട്ടിയാല്‍ പേടിച്ചോടുന്ന പാരമ്പര്യമല്ല 75 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിനുള്ളത്. ഏകാധിപത്യത്തിന്റെ ആള്‍രൂപങ്ങളായ ഇന്ദിരാ ഗാന്ധിക്കും മമതാ ബാനര്‍ജിയ്‌ക്കും മുന്നില്‍ പോലും മുട്ടുമടക്കിയ ചരിത്രം ഞങ്ങള്‍ക്കില്ല. ഭാരതത്തെ നെഞ്ചിലേറ്റുന്ന ഒരാളേയും കാശ്മീരിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ഭീകരവാദികളുടെ തോക്കിന്‍കുഴലുകളെ ഭയപ്പെടാതെ, 1990കളില്‍ പതിനായിരങ്ങളെ അണിനിരത്തി, കാശ്മീരിന്റെ മണ്ണില്‍ ഉയര്‍ത്താന്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാകയുമേന്തി, കാശ്മീരിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥി പ്രസ്ഥാനമാണിത്. ബംഗ്ലാദേശീ അനധികൃത കുടിയേറ്റത്തിനെതിരെ 1980 മുതല്‍ ഏതാണ്ട് 40 വര്‍ഷത്തോളം എബിവിപിനടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ കൂടി ഫലമാണ് പൗരത്വ ഭേദഗതി നിയമങ്ങള്‍. അത്തരത്തില്‍ ഇതിലും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയിട്ടു തന്നെയാണ് ഭാരതത്തിന്റെ 748 ജില്ലകളിലും പ്രവര്‍ത്തനമുള്ള ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എബിവിപി തലയുയര്‍ത്തി നില്‍ക്കുന്നത്. അതു കൊണ്ട് ഇത്തരം പ്രതികാര നടപടികളിലൂടെ എബിവിപിയെ തളര്‍ത്താമെന്ന് സ്റ്റാലിന്‍ കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം മൂഢസ്വര്‍ഗ്ഗത്തിലാണെന്നു മാത്രമേ പറയാനാകൂ..
ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ട് സ്വദേശിയായ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാദിക്ക്, 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി, 2000 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ചെന്നൈയിലെ ജയിലില്‍ കിടക്കേണ്ടി വന്നെങ്കില്‍ ആ പരിശ്രമം ഒരിക്കലും വ്യര്‍ത്ഥമാകാന്‍ പോകുന്നില്ല. രാജ്യവിരുദ്ര മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്ന ജെഎന്‍യു വില്‍ നിന്നും ഇന്ന് ‘ഭാരത് മാതാ കീ ജയ്’ വിളികള്‍ ഉയരുന്നുവെങ്കില്‍ അതിന് പിന്നില്‍ ജെഎന്‍യു വിലെ സംസ്‌കൃത ഗവേഷണ വിദ്യാര്‍ത്ഥിയായ നിധി ത്രിപാദിയുടെ പരിശ്രമങ്ങള്‍ ചെറുതല്ല. അത്തരത്തില്‍ ഇതിലും കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടാണ് നിധി ത്രിപാദി, എബിവിപിയുടെ അമരത്തെത്തിയത്. അതിനാല്‍ ഇതൊക്കെ കാട്ടി എബിവിപിയെ തളര്‍ത്താമെന്ന പാഴ്‌മോഹം സ്റ്റാലിന്‍ തല്ക്കാലം ഉപേക്ഷിക്കുന്നതാകും നല്ലത്. ഓരോ പ്രതിസന്ധിഘട്ടങ്ങളും എബിവിപിപ്രവര്‍ത്തകര്‍ക്ക് പുതിയ അനുഭവങ്ങളും അവസരങ്ങളുമാണ്. അതില്‍ നിന്നും ലഭിക്കുന്ന പാഠങ്ങളും പരിചയസമ്പത്തുമാണ് ഞങ്ങളുടെ മൂലധനം. അതാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ലാവണ്യക്ക് നീതി ലഭിക്കുന്നതു വരെ എബിവിപിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. അതിന്റെ പേരില്‍ നിങ്ങള്‍ എത്ര കള്ളക്കേസ് എടുത്താലും, എത്ര പേരെ തുറങ്കിലടച്ചാലും, ലാവണ്യയ്‌ക്ക് നീതി ലഭിക്കുന്നതു വരെ ഞങ്ങള്‍ പോരാടും. ഭാരതത്തിലെ ജനതയ്‌ക്ക് മുന്‍പില്‍ രാഷ്‌ട്രീയമായും നിയമപരമായും നിങ്ങളെ ഞങ്ങള്‍ തുറന്നുകാട്ടുക തന്നെ ചെയ്യും.
Dr. വൈശാഖ് സദാശിവന്‍
എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: