തൃശ്ശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ജിഹാദികളുമായി കൂട്ടുകൂടി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുകയാണ്. കൊച്ചി കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണ്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെക്കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ നാട്ടില്‍. തല്ലിക്കൊല്ലുന്നവനും ആക്രമണം നടത്തുന്നവനും പ്രോത്സാഹനം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് വി.ഡി. സതീശന്റെ കീഴിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
കച്ചവടം ചെയ്യാനും കട തുറക്കാനും ഉത്സവത്തില്‍ പങ്കെടുക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കൊലപാതക പരമ്പര അരങ്ങേറുന്ന സംസ്ഥാനത്ത് മോര്‍ച്ചറി വരെ സ്പോണ്സര് ചെയ്യാന്‍ ആളുണ്ടെന്നും രാധാകൃഷ്ണന് പറഞ്ഞു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളിലായി ക്ഷതം കണ്ടെത്തി. ക്ഷതമേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ട്വന്റി ട്വന്റി കിഴക്കമ്പലത്തില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു. നേരത്തെ കിറ്റെക്സ് എംഡി ആരോപിച്ചതിന് സമാനമാണ് എഫ്ഐആറില്‍ പറയുന്ന കാര്യങ്ങള്‍. ട്വന്റി20 യുടെ പഞ്ചായത്ത് അംഗമായ നിഷ അലിയാര് നല്കിയ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര് തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട സൈനുദ്ദീന്‍ ദീപുവിനെ കഴുത്തിന് പിടിച്ച് തള്ളി നിലത്തിട്ട ശേഷം തലയില്‍ പലതവണ ചവിട്ടിയെന്നും മറ്റു പ്രതികള്‍ ആ സമയത്ത് ദീപുവിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പരാതിക്കാരിയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: