കോട്ടയം: പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി തുടങ്ങിയതാണ് കോട്ടയം പ്രദീപിന്റെ അഭിനയ ജീവിതം. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിന് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പേള്‍്, മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് സീരിയലില്‍ ആദ്യ അവസരം. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം.
എന്നാല്‍ കോട്ടയം പ്രദീപിനെ അടയാളപ്പെടുത്തുന്നത് . ‘കരിമീനൊണ്ട്… ചിക്കനൊണ്ട് …. മട്ടനൊണ്ട്….കഴിച്ചോളൂ…കഴിച്ചോളൂ..’ ‘വിണ്ണൈത്താണ്ടി വരുവായാ’യിലെ ഈ ഒരൊറ്റ ഡയലോഗാണ്. പ്രശസ്തി തന്ന ആ ഡയലോഗിന്റെ പിറവിയെക്കുറിച്ച് പ്രദീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
”ഒരിക്കല്‍ സുഹൃത്ത് ആര്‍ട്ടിസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റഫീഖ്് പറഞ്ഞു. ഗൗതം മേനോന്‍ സാറിന്റെ ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ കുറച്ചു ഭാഗം ആലപ്പുഴയില്‍ ഷൂട്ടുണ്ട്, തൃഷയുടെ അമ്മാവനെ അന്വേഷിക്കുകയാണ്. വേഷം കെട്ടിയാലും ഇല്ലെങ്കിലും ഗൗതം സാറിനെ കാണാമല്ലോ, പോയി. ‘പേരെന്താ?, വീടെവിടെയാ? രണ്ടേ രണ്ടു ചോദ്യം മാത്രം. മുറിക്കു പുറത്തിറങ്ങി കാത്തു നിന്നു. കുറേ കഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നു പറഞ്ഞു, ‘പ്രദീപേ നിനക്കാണ് നറുക്ക് വീണിരിക്കുന്നത്….’ഈ ഡയലോഗ് ആദ്യം പറഞ്ഞപ്പോള്‍ സാറിന് തൃപ്തിയായില്ല. ‘ഒരു ഒഴുക്കന്‍ രീതിയില്‍ പാട്ടു പോലെ പറഞ്ഞു നോക്കൂ.’ എന്നു പറഞ്ഞു. കരിമീനൊണ്ട്… ചിക്കനൊണ്ട് …. മട്ടനൊണ്ട്….കഴിച്ചോളൂ…കഴിച്ചോളൂ…എന്ന് നീട്ടി നീട്ടി പറഞ്ഞ് കാണിച്ചു തന്നു. അതേ പോലെ ഞാനങ്ങു പറഞ്ഞു. ആ ഡയലോഗ് ഇത്രയും ഹിറ്റായെങ്കില്‍ മുഴുവന്‍ ക്രെഡിറ്റും ഗൗതം സാറിനാണ്. അതിനു ശേഷം നല്ല വേഷങ്ങളും കിട്ടിത്തുടങ്ങി”
പിന്നെ, ഇത് പ്രദീപിന്റെ സ്ഥിരം ഡയലോഗ് ആയി. ഒരു സിനിമയില്‍ സുകുവൊണ്ട്, രാജുവൊണ്ട്…. എന്നാണെങ്കില്‍ മറ്റൊന്നില്‍ ബെഡ്‌റൂമൊണ്ട്, കിച്ചണൊണ്ട്, ലോണൊണ്ട്…എന്നാകും.
സത്യന്‍ അന്തിക്കാടിന്റെ “എന്നും എപ്പോഴും”സിനിമയില്‍ കോടതി കന്റീനിലെ ജോലിക്കാരനാകാന്‍ വിളിച്ചു. റോള്‍ അറിഞ്ഞപ്പോഴേ പ്രദീപിനു തോന്നി…’കന്റീനാണല്ലോ. അപ്പോള്‍ ഈ ഡയലോഗ് ഉറപ്പ്. പ്രതീക്ഷിച്ച പോലെ, മോദയൊണ്ട് …കാളാഞ്ചിയൊണ്ട്… കക്കാഇറച്ചിയൊണ്ട്…പോത്തൊണ്ട് എടുക്കട്ടെ?’ അവിടെയും കിട്ടി. ‘.സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ പ്രദീപിനുവേണ്ടി പ്രത്യേകം എഴുതിയ ഡയലോഗാ’ എന്നായിരുന്നു അന്തിക്കാടിന്റെ മറുപടി.
കോട്ടയത്ത് മോഹന്‍ലാലും മഞ്ചുവാര്യരും ഉള്‍പ്പെടെയുള്ള വന്‍ താരനിര പങ്കെടുത്ത ജന്മഭൂമി സിനിമാ അവാര്‍ഡ് നിശയില്‍ കൂടുതല്‍ കയ്യടി പ്രദീപിന് നേടിക്കൊടുത്തതും ഈ ഡയലോഗാണ്. പ്രദീപിനെ വേദിയിലേക്ക് ക്ഷണിച്ച ഉടന്‍ സദസ്സു മുഴുവന്‍ പറയാന്‍ തുടങ്ങി. കരിമീനൊണ്ട്… ചിക്കനൊണ്ട് …. മട്ടനൊണ്ട്….
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കല്‍ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്.
എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രദീപ് സിനിമയില്‍ സജീവമായി. ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.











