തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചതിന് ജല അതോറിറ്റിക്കും കരാറുകാര്‍ക്കുമെതിരെ പോലീസ് കേസെടുക്കുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി കത്ത് നല്‍കിയിരിക്കുകയാണ് പോലീസ്, പൊതുമരാമത്ത് വകുപ്പ് തൊടുപുഴ, കരിമണ്ണൂര്‍ സെക്ഷനുകളിലെ അസി. എന്‍ജിനീയര്‍മാരാണ് പോലീസില്‍ പരാതി നല്‍കിയത്. തൊടുപുഴ – പാലാ റോഡില്‍ ആശിര്‍വാദ് തീയറ്ററിന് സമീപവും കുന്നം – പടിഞ്ഞാറെ കോടിക്കുളം റോഡില്‍ വിവിധയിടങ്ങളുമാണ് പണമടച്ച്് നിയമപ്രകാരമുള്ള അനുമതി വാങ്ങാതെ റോഡ് കുത്തിപ്പൊളിച്ചത്. കഴിഞ്ഞ ദിവസം തൊടുപുഴ ആശിര്‍വാദ് തീയറ്ററിന് സമീപം രാത്രി റോഡ് വെട്ടിപ്പൊളിക്കുന്നത് അതുവഴി വന്ന ഇടുക്കി റോഡ്സ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.പി. ജാഫര്‍ഖാന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
അസി. എക്സി. എന്‍ജിനീയറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാര്‍ പോലീസില്‍ പരാതി നല്‍കിയത്. ജല അതോറിറ്റി അസി. എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഉടന്‍ തന്നെ കേസെടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: