ന്യൂദല്‍ഹി: വീര സവര്‍ക്കറെക്കുറിച്ച് ഇടത് ബുദ്ധിജീവികളും തീവ്ര ഇസ്ലാംവാദികളും പാടി നടന്ന നുണകള്‍ പൊളിച്ചടക്കുന്ന പുസ്തകം രചിച്ച ഡോ.വിക്രം സമ്പത്തിനെ അപവാദപ്രചാരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമം.
ഇടത്, ലിബറല്‍, തീവ്രഇസ്ലാം ഗൂഢസംഘമാണ് ഇതിന് പിന്നില്‍. ഏറെ വര്‍ഷത്തെ ഗവേഷണഫലമായി വിക്രം സമ്പത്ത് എഴുതിയ വീര സവര്‍ക്കറുടെ ജീവിതകഥയിലെ വസ്തുതകള്‍ ഖണ്ഡിക്കാന്‍ കഴിയാത്ത അത്രയും തെളിവുകള്‍ നിരത്തപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അപവാദം പ്രചരിപ്പിച്ച് ഡോ. വിക്രം സമ്പത്തിന്റെ സല്‍പ്പേര് കളയാനാണ് ഇവര്‍ ശ്രമം നടത്തുന്നത്.
2017ല്‍ ഇന്ത്യാ ഫൗണ്ടേഷന് പരിപാടിയില്‍ ഡോ. വിക്രം സമ്പത്ത് നടത്തിയ പ്രഭാഷണം സാഹിത്യമോഷണമാണെന്ന ആരോപണവുമായാണ് ഗൂഢസംഘം രംഗത്തെത്തിയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരായ അനന്യ ചക്രവര്‍ത്തി, രോഹിത് ചോപ്ര, ഓഡ്രി ട്രഷ്കെ എന്നിവരാണ് വിക്രം സമ്പത്ത് ഇന്ത്യാ ഫൗണ്ടേഷന് ജേണലില്‍ എഴുതിയ ലേഖനം(അദ്ദേഹം ഇന്ത്യാ ഫൗണ്ടേഷന് പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ലേഖന രൂപം) സാഹിത്യ ചോരണമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് ബ്രിട്ടനിലെ റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയിലെ ഫെലോഷിപ്പ് റദ്ദാക്കാനും ആവശ്യമുയര്‍ത്തിയിരിക്കുകയാണ്.
വിക്രം സമ്പത്ത് നടത്തിയ പ്രഭാഷണത്തില്‍ ഡോ. വിനായക ചതുര്‍വേദി, ഡോ. ജാനകി ബഖാലെ എന്നിവരുടെ രചനകളില്‍ നിന്നുള്ള ഭാഗങ്ങള്‍ മോഷ്ടിച്ചെടുത്തിട്ടുണ്ട് എന്നാണ് ആരോപണം. അതുപോലെ വീരസവര്‍ക്കറുടെ ജീവചരിത്രത്തിലെ ആദ്യ വാള്യത്തില്‍ വിദ്യാര്‍ത്ഥിയായ പോള്‍ സ്കാഫേലിന്റെ രചനയില്‍ നിന്നുള്ള ഭാഗം മോഷ്ടിച്ചിട്ടുണ്ടെന്നതാണ് രണ്ടാമത്തെ ആരോപണം.
വാസ്തവത്തില്‍ തന്റെ പ്രസംഗത്തില്‍ വിക്രം സമ്പത്ത് ഡോ. വിനായക് ചതുര്‍വേദിയെയും ഡോ. ജാനകി ബകാലെയെയും അംഗീകരിച്ചിട്ടുണ്ട്. 2019 സപ്തംബറില്‍ വിക്രം സമ്പത്തിന്റെ സവര്‍ക്കര്‍ പുസ്തകത്തെക്കുറിച്ച് ഇന്ത്യാടുഡേയില്‍ നിരൂപണം എഴുതിയപ്പോള്‍ ഡോ. ജാനകി ബകാലെ സാഹിത്യ ചോരണത്തെപ്പറ്റി മിണ്ടിയിട്ടേയില്ല.
അതുപോലെ ഗവേഷക വിദ്യാര്‍ത്ഥിയായ പോള്‍ സ്കാഫേലിനെ ഉദ്ധരിച്ചിട്ടില്ലെങ്കിലും പുസ്തകത്തിന്റെ ഗ്രന്ഥസൂചിയില്‍ അദ്ദേഹം പോള്‍ സ്കാഫേലിന്റെ രചനയെക്കുറിച്ച് വ്യക്തമായി സൂചിപ്പിട്ടുമുണ്ട്. ഡോ. വിക്രം സമ്പത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ എങ്ങിനെയാണ് ഇടത്-ലിബറല്‍, തീവ്രഇസ്ലാം ഗൂഢസംഘങ്ങള്‍ ശ്രമിച്ചതെന്നതിന്റെ വിശദാംശങ്ങള്‍ കോളമെഴുത്തുകാരന് സഞജീവ് സന്യാല്‍ വിശദീകരിക്കുന്നതിങ്ങിനെ.
സഞ്ജീവ് സന്യാല്‍ പറയുന്നു: “ഇവര്‍ സാഹിത്യ ചോരണം ആരോപിക്കുന്ന ഭാഗങ്ങളില്‍ വിക്രം സമ്പത്തിന്റെ പ്രധാനരചനകള്‍ ഒന്നുപോലും ഇല്ല. ഇന്ത്യാ ഫൗണ്ടേഷനില്‍ നടന്ന പ്രഭാഷണത്തിന്റെ കയ്യെഴുത്ത് പ്രതിയെയാണ് അവര്‍ വിമര്‍ശിക്കുന്നത്. ഈ പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. വിക്രം സമ്പത്ത് അപ്പോള്‍ നടത്തിയ പ്രസംഗമായിരുന്നു അത്. അതില്‍ സ്വന്തം രചനകളില്‍ നിന്നും വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഉദ്ധരിച്ചിരുന്നുള്ളൂ. അതുപോലെ സാഹിത്യമോഷണം ആരോപിച്ച വാചകങ്ങള്‍ പണ്ഡിതരായ വിനായക് ചതുര്‍വേദിയുടെയും ജാനകി ബകാലെയുടേതുമാണ്. ഈ രണ്ട് പേരുകളും അദ്ദേഹം റഫറന്‍സില്‍ സൂചിപ്പിച്ചിട്ടുണ്ട്. എവിടെനിന്നെടുത്തു എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എങ്ങിനെ സാഹിത്യ ചോരണമാകും?’”
“വിക്രം സമ്പത്തിന്റെ സവര്‍ക്കര്‍ പുസ്തകത്തെക്കുറിച്ച് ജാനകി ബകാലെ നിരൂപണം നടത്തിയിട്ടുണ്ട്. അവര്‍ അപ്പോള്‍ രചനയെ പുകഴ്ത്തിയും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ എവിടെയും വിക്രം സമ്പത്ത് മോഷണം നടത്തി എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്പ്രചാരണം മാത്രമാണ്. കാരണം സവര്‍ക്കറെക്കുറിച്ച് ഇടതുപക്ഷ ബുദ്ധിജീവികള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ പൊളിക്കുന്ന സുവ്യക്തമായ രചനയായിരുന്നു വിക്രം സമ്പത്തിന്റേത്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തിക്കൊണ്ട് മാത്രമേ അവര്‍ക്ക് നില്ക്കാന് കഴിയൂ”- സന്യാല്‍ പറയുന്നു.
എല്ലായ്പോഴും ഒരാളെ തകര്‍ക്കണമെങ്കില്‍ ബക്കറ്റ് കണക്കിന് ചെളിവാരിയെറിയുന്ന രീതിയാണ് ഇടത് ഗൂഢസംഘങ്ങള്‍ നടത്തുകയെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ സീനിയര്‍ ഉപദേശകന് കാഞ്ചന് ഗുപ്ത പറയുന്നു. അപ്പോള്‍ അല്പം ചെളിയെങ്കിലും അവിടെ പറ്റിയിരുന്നോളും എന്നതാണ് അവരുടെ കണക്ക് കൂട്ടല്‍. ചരിത്രത്തെ അതുപോലെ പകര്‍ത്തിയെഴുതുന്നവരെ ഇടത് ഗൂഢസംഘങ്ങള്‍ക്ക് ഭയമാണ്. ചരിത്രത്തില്‍ അവര്‍ക്കുള്ള ഏകാധിപത്യം നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഹിന്ദുക്കളായ ഇന്ത്യന്‍ ചരിത്രത്തിലെ സൂപ്രധാന വ്യക്തിത്വങ്ങളെ ഒതുക്കാനാണ് എല്ലായ്പോഴും ഇടത് ചരിത്രകാരന്മാര് ശ്രമിച്ചിരുന്നതെന്നും കാഞ്ചന് ഗുപ്ത പറയുന്നു.
സവര്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്ട് പുസ്തകമാണ് വിക്രം സമ്പത്ത് എഴുതിയത്. സവര്‍ക്കര്‍: എകോസ് ഫ്രം എ ഫോര്‍ഗോട്ടന്‍ പാസ്റ്റ് (1883-1924) എന്നത് സവര്‍ക്കറുടെ ആദ്യജീവിതഘട്ടവും സവര്‍ക്കര്‍: എ കെണ്ടെസ്റ്റഡ് ലെഗസി എന്നത് സവര്‍ക്കറുടെ അവസാനഘട്ടവും തുറന്ന് കാട്ടുന്ന പുസ്തകങ്ങളാണ്. ഇടത്-ഇസ്ലാമിക വാദികള്‍ വീര സവര്‍ക്കറെക്കുറിച്ച് പാടി നടന്നിട്ടുള്ള പല നുണകളും ഈ പുസ്തകങ്ങള്‍ പൊളിക്കുന്നു. 2021ല്‍ ആണ് റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയില്‍ വിക്രം സമ്പത്ത് ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനും ചരിത്രകാരന്മാര്ക്ക് സഹായം നല്കുന്ന സംഘടനയാണ് ബ്രിട്ടനിലെ 150 വര്‍ഷത്തെ ചരിത്രമുള്ള റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി. ചരിത്രത്തില്‍ യഥാര്‍ത്ഥ പാണ്ഡിത്യമുള്ളവരെ മാത്രമാണ് ഫെലോഷിപ്പിന് തെരഞ്ഞെടുക്കുക. മൈ നെയിം ഈസ് ഗോഹര്‍ ജാന്‍: ദ ലൈഫ് ആന്റ് ടൈംസ് ഓഫ് എ മ്യുസിഷ്യല് എന്ന പുസ്തകത്തിന് സാഹിത്യ അക്കാദമി യുവ പുരസ്കാരം വിക്രം സമ്പത്തിന് ലഭിച്ചിട്ടുണ്ട്.
‘ഇപ്പോള്‍ റോയല്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയെ ഭീഷണിപ്പെടുത്തി വിക്രം സമ്പത്തിന്റെ ഫെലോഷിപ്പ് റദ്ദാക്കാനാണ് ഗൂഢസംഘം ശ്രമിക്കുന്നത്.’- ശാസ്ത്രഞ്ജനായ ഡോ. ആനന്ദ് രംഗനാഥന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: