മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ഏതു കടന്നുകയറ്റവും ചെറുക്കപ്പെടേണ്ടതാണ് എന്നതില്‍ തര്‍ക്കമില്ല. മാധ്യമ പ്രവര്ത്തകന് എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വിട്ടുവീഴ്ച അസാധ്യവുമാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തവും നീചവുമായ ‘മാധ്യമ ഹിംസ’ നടന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്; കോണ്‍ഗ്രസിന്റെ ഭരണകാലത്ത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, അടിയന്തരാവസ്ഥക്കാലത്ത്. ‘ജന്മഭൂമി’യും, അതിന്റെ പത്രാധിപരും പ്രസാധകനും അതുമായി ബന്ധപ്പെട്ടവരൊക്കെ അന്ന് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. അങ്ങനെ അനവധിപേര്‍. കെ.ആര്. മല്‍ക്കാനി, ഖുശ്വന്ത് സിങ്, ബിജി വര്‍ഗീസ്, ജനാര്‍ദ്ദന്‍ താക്കൂര്‍… ആ ലിസ്റ്റ് ചെറുതൊന്നുമല്ല. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് കരുതിയവര്‍ക്കൊക്കെ അന്ന് ഇരുമ്പഴിക്കുള്ളില്‍ കിടക്കേണ്ടിവന്നു. അതിനെയൊക്കെ അക്കാലത്ത് ചെറുത്തുനിന്ന് പരാജയപ്പെടുത്താന്‍ സാധിച്ചത് ലക്ഷോപലക്ഷം പേര് ഒളിവിലും തെളിവിലും അണിനിരന്നതുകൊണ്ടാണ്; 1977ല്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു വീണ്ടും ശ്വസിക്കാനായത് അടിയന്തരാവസ്ഥക്കെതിരായ, ജനാധിപത്യ ധ്വംസനത്തിനെതിരായ, ആസൂത്രിതമായ, ശക്തമായ പ്രവര്‍ത്തനം കൊണ്ടാണ്. ഇതിപ്പോള്‍ സ്മരിച്ചത്, മാധ്യമ സ്വാതന്ത്ര്യത്തിനുമേല്‍ കേന്ദ്ര സര്‍ക്കാര്‍ കത്തിവയ്ക്കുന്നു എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ വീണ്ടും ചില കോണുകളില്‍ നിന്നുയര്ന്നതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ (പിഐബി) അടുത്തിടെ പുതുക്കി പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സംബന്ധിച്ച നിബന്ധനകളാണ് ചിലരെ വിഷമിപ്പിച്ചത്. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിഷ്കരിച്ച നിബന്ധനകള്‍ ഒരു പ്രശ്നമേയാവാന് പോകുന്നില്ല. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ രാജ്യതാല്പര്യത്തിന് ഹാനികരമായത് ചെയ്തുവരുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യും.
സാധാരണ നിലയ്ക്ക് അക്രഡിറ്റേഷന് പ്രശ്നമാവുന്നത് റിപ്പോര്‍ട്ടര്‍മാര്‍ക്കാണ്. അവര്‍ക്ക് ഒരു ഐഡന്റിറ്റി കാര്‍ഡ് പോലെയാണിത്; സര്‍ക്കാര്‍ അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍, പിന്നെ ഇക്കാലത്ത് ന്യൂസ് ചാനലുകളുടെ ക്യാമറാമാന്മാര്ക്കും സമാനമായ പ്രശ്നമുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാരുകളുടെ അധീനതയിലുള്ള സുരക്ഷിത കേന്ദ്രങ്ങള്‍, സുരക്ഷാ പ്രാധാന്യമുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടികള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡം ആ ലേഖകന്‍, അക്രഡിറ്റേഷന് ഉണ്ടോ എന്നതാണ്. മേല്‍ സൂചിപ്പിച്ചതില്‍ നിന്നുതന്നെ ഒരുകാര്യം വ്യക്തമാണ്; അക്രഡിറ്റേഷന് എന്നത് വെറും ഒരു ഐഡന്റിറ്റി കാര്‍ഡിന്റെ കാര്യമല്ല, അതിനപ്പുറം ചിലതൊക്കെ അതിലടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഏത് മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതാണ്. ദല്‍ഹിയിലൊക്കെ അക്രഡിറ്റേഷന് കൊടുക്കുംമുമ്പ് അയാളുടെ പിന്നാമ്പുറങ്ങള്‍ സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ തന്നെ പതിവുണ്ട്. മുന്‍പ് പ്രവര്‍ത്തിച്ച മേഖല, സ്വന്തം നാട് ഒക്കെയും പരിശോധനയില്‍ വരും.
ഇതൊക്കെത്തന്നെയല്ലേ ഇന്നിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍-അതായത് പിഐബി- പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഊന്നിപ്പറഞ്ഞത്? എന്താണതെന്ന് പരിശോധിക്കാം:
ഒന്ന് : ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമ പ്രവര്‍ത്തകന്റെ അക്രഡിറ്റേഷന് റദ്ദാക്കാം.
രണ്ട് : രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ അക്രഡിറ്റേഷനും റദ്ദാക്കപ്പെടാം.
മൂന്ന്: സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കുന്നവിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരൊക്കെ ശ്രദ്ധിക്കണമെന്ന്.
നാല്: രാജ്യസുരക്ഷയ്ക്ക് അപകടകരമായി നിലപാടെടുക്കുകയോ പെരുമാറുകയോ ചെയ്യുന്നവര്‍, മാന്യതയും ധാര്‍മ്മികതയും പുലര്‍ത്താത്തവര്‍, കോടതിയലക്ഷ്യ നടപടികള്‍ക്ക് വിധേയമാവുന്നവര്‍, ഏതെങ്കിലും ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍…
ഇതില്‍ എന്താണ് അപകടം? എന്താണ് മാധ്യമ പ്രവര്‍ത്തകരുടെ ദൗത്യം, ചുമതല? ചാനലുകളിലെ ക്യാമറമാന്മാര്, പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്ക് ഫിലിമില്‍ പകര്‍ത്തുന്ന ജോലിയാണ് പ്രധാനമായുമുള്ളത്. പക്ഷെ, അവരും ചിലപ്പോഴൊക്കെ പ്രതിക്കൂട്ടിലാവാറുമുണ്ട്. മേല്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ അവര്‍ക്കും പാലിക്കാനാവും, പാലിക്കേണ്ടതുണ്ട്. ഇവിടെ പലപ്പോഴും വിവാദത്തിലാവുന്നത് മാധ്യമ പ്രവര്‍ത്തകരാണ്, അതായത് റിപ്പോര്‍ട്ടര്‍മാര്‍. കണ്മുന്നില് കാണുന്ന അല്ലെങ്കില്‍ വിശ്വാസയോഗ്യമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ആദ്യകാലത്തൊക്കെ മാധ്യമ പ്രവര്‍ത്തനം. ഒരു വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍, അത് ചൂണ്ടിക്കാണിച്ചാല്‍, അക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന വിഷമവും കുറ്റബോധവുമൊക്കെ പറഞ്ഞറിയിക്കാനാവില്ല. അത്രമാത്രം പ്രതിബദ്ധത ആ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു വാര്‍ത്ത തെറ്റിയാല്‍ അത്രയേറെ കുറ്റബോധം ഉടലെടുക്കുന്നത്. ഓരോ വാര്‍ത്തയും വസ്തുതകള്‍ ശരിയാണെന്നുറപ്പുവരുത്തിയിട്ടേ അക്കാലത്തൊക്കെ ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫയല്‍ ചെയ്യൂ. മാധ്യമ പ്രവര്‍ത്തനത്തിന് വിദഗ്ധര്‍ നല്കുന്ന നിര്‍വചനവും അതൊക്കെയാണ്. ജേര്‍ണലിസം എന്നത് വാര്‍ത്ത ശേഖരിക്കുക, അത് വിലയിരുത്തുക, അവതരിപ്പിക്കുക എന്നതാണ് എന്ന് ‘അമേരിക്കന്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ‘
നിര്‍വ്വചിക്കുമ്പോള്‍ അതില്‍ എല്ലാമുണ്ട്. ആ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ക്ക് ഇനിയും ബേജാറുണ്ടാവേണ്ട കാര്യമില്ല. എന്നാലിന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പലപ്പോഴും നടക്കുന്നത് എന്താണ്? ഭരണകേന്ദ്രങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് അത് ദല്ലാള്‍ പണികൂടിയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ അഴിമതിക്കും കൂട്ടുകച്ചവടത്തിനുമൊക്കെ ഇടനിലക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ മുഖം പലരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്നില്ലേ? അടുത്തിടെ ഒരു പ്രമുഖ പ്രാദേശിക ന്യൂസ് ചാനലിന്റെ ദല്‍ഹിയിലെ റിപ്പോര്‍ട്ടറെ ഉദ്ധരിച്ചുകൊണ്ട് എന്റെ മാധ്യമ സുഹൃത്ത് പറഞ്ഞത്, ‘ഇത്തവണ ഉത്തര്‍പ്രദേശില്‍ മോദിയെ തോല്പിക്കണം; ഇന്ത്യയില്‍ ബിജെപി ഭരണത്തിന് അറുതിവരുത്തുന്നത് അങ്ങനെയാണ്. അതിനായി പറ്റിയ വാര്‍ത്ത ചെയ്യണം’. ഈ പ്രാദേശിക ഭാഷാ ചാനല്‍ കണ്ടിട്ടല്ല യുപി ജനത വോട്ട് ചെയ്യുന്നത് എന്നത് വേറെ കാര്യം. ഒരു ചലനവും ആ ചാനലിന് അവിടെ ഉണ്ടാക്കാനുമാവില്ല. എന്നിട്ട് അയാള്‍ തുടര്‍ന്നത്, അതാണ് ‘നമ്മുടെ തീരുമാനം’ എന്ന്. തീരുമാനം ചാനലിന്റെയാണോ, സംശയം കൊണ്ട് ആരാഞ്ഞു; അല്ല ആ പ്രാദേശിക ഭാഷയില്‍ നിന്നുള്ള തലസ്ഥാനത്തെ മാധ്യമ സുഹൃത്തുക്കളുടേത്. ഇത് രാഷ്ട്രീയ പ്രവര്‍ത്തനമല്ലേ; ഇതെങ്ങനെയാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാവുക?. കഴിഞ്ഞില്ല, അടുത്തതാണ് ഏറെ പ്രധാനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അത്താഴത്തിനും അതിനൊപ്പമുള്ള ‘കുടിക്കലിനും’ ( ഡ്രിങ്ക്സ്) ഒരു ദിവസം പോലും നയാപൈസ ചെലവായിട്ടില്ല. ദിവസേന ഡിന്നറുകളായിരുന്നു, സ്റ്റാര്‍ ഹോട്ടലുകളില്‍; മന്ത്രിമാര്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവ വക. ഇന്നിപ്പോള്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാനാവുന്നില്ല; അതുമാത്രമല്ല, കമ്മീഷന് ദല്ലാള്‍ പണികള്‍ ഉള്‍പ്പടെ മറ്റുപലതും മുടങ്ങി. അതുകൊണ്ട് മോദിയെ പുറത്താക്കണം. സ്വാഭാവികം, നിരാശയും ദുഃഖവുമൊക്കെ ഉണ്ടാവും. ഇവിടെ മാധ്യമ പ്രവര്ത്തകന് അവരുടെ ജോലിയല്ലല്ലോ ചെയ്യുന്നത്.
ഇനി വേറൊന്ന്; എത്രയോ മാധ്യമപ്രവര്‍ത്തകരെ നമുക്കറിയാം. കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്നവര്‍. എന്നാല്‍ ചിലര്‍ ഈ ജോലിതുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കകം ദല്‍ഹിയിലും മുംബൈയിലുമൊക്കെ സ്വന്തമായി വീടും ഫ്ളാറ്റും വാങ്ങിയിട്ടുണ്ടെങ്കില്‍? അയാള്‍ക്ക് മാധ്യമ പ്രവര്‍ത്തനം മാത്രമല്ല മറ്റുചിലതുകൂടി ഉണ്ടായിരുന്നു എന്ന് തീര്‍ച്ച. ശരിയാണ്, നേരത്തെ സൂചിപ്പിച്ചതുപോലെ, മുന്‍കാലങ്ങളില്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊക്കെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് മാധ്യമ സുഹൃത്തുക്കളാണ്. 2 ജി കേസിന്റെ ചരിത്രം എന്താണ് ഓര്‍മ്മിപ്പിക്കുന്നത്? അതുപോലെ അനവധി കഥകള്‍. എന്തിനേറെ ജിഹാദി-ദേശവിരുദ്ധ ശക്തികളുടെ കിമ്പളം മാസംതോറും കൈപ്പറ്റിയിരുന്നവര്‍ പോലുമുണ്ടല്ലോ.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘടനയൊക്കെ ആവാം; ഇന്ത്യയിലത് ഒഴിവാക്കാനാവാത്ത കാര്യമാണ് എന്നതും സമ്മതിക്കാം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ നെറികെട്ട രാഷ്ട്രീയക്കാരെപ്പോലെ പെരുമാറാമോ? കേരളത്തില്‍ സിപിഎമ്മുകാര്‍ എന്ത് തോന്യവാസം കാണിച്ചാലും, അവരുടെ ഭരണകാലത്ത് പോലീസ് തല തല്ലിപ്പൊളിച്ചാലും ഒരു പ്രശ്നവുമില്ല. ചിലയിടങ്ങളില്‍ ശമ്പളം കൊടുത്തില്ലെങ്കിലും കൂട്ട പിരിച്ചുവിടല്‍ നടന്നാലും പ്രശ്നമില്ല. ഇത് എന്ത് ന്യായമാണ്? ഒരു ട്രേഡ് യൂണിയന് പാലിക്കേണ്ട ചില നിബന്ധനകളില്ലേ?
കഴിഞ്ഞില്ല, ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരാളെ പിടികൂടിയാല്‍? അയാള്‍ ഏതോ കാലത്ത് മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നു എന്നതുകൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടയാളെ രക്ഷിക്കാന്‍ വേണ്ടി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങാമോ? പ്രകടനം നടത്തുക മാത്രമല്ല, രാജ്യത്തെ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ചില മുഖ്യമന്ത്രിമാരെയും അടച്ചാക്ഷേപിച്ചുകൊണ്ട് പ്രസംഗിച്ചും വ്യാജ വാര്‍ത്തയുണ്ടാക്കിയും അവര്‍ നടന്നാലോ? യുഎപിഎ പോലുള്ള നിയമങ്ങള്‍ ഒരാളില്‍ ചുമത്തപ്പെടുന്നത് തെളിവുകളുടെ വെളിച്ചത്തിലാണ്. അത് കോടതി പരിശോധിച്ചിട്ടാണ് ഒരാളെ റിമാന്‍ഡ് ചെയ്യുന്നത്. അന്താരാഷ്ട്ര ജിഹാദി ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് എല്ലാവരും പറയുന്ന ഒരാളെ സംരക്ഷിക്കാന്‍ മാധ്യമ സമൂഹം രംഗത്തിറങ്ങുമ്പോള്‍, അതില്‍ ചെന്ന് തലവെച്ചു കൊടുക്കുന്ന എല്ലാവരെയും സംശയിച്ചുകൂടെങ്കിലും, ഇത്തരം രാജ്യവിരുദ്ധ പ്രകോപനങ്ങള്‍ക്ക് ഒരുക്കം നടത്തുന്ന ചില ‘നേതാക്കളെ’ എല്ലാവിധത്തിലും വിലയിരുത്തേണ്ടിവരുമല്ലോ. അവരൊക്കെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലുണ്ടാവും, തീര്‍ച്ച.
മറ്റൊന്ന്, ഇന്ത്യയുടെ ശത്രുരാജ്യത്തിന്റെ സഹായം പറ്റുന്ന ഒരു കൂട്ടം മാധ്യമ സുഹൃത്തുക്കളെയും നമുക്കിവിടെ കാണാം. എന്‍ജിഒകളുടെയും ക്രൗഡ് ഫണ്ടിങ്ങിന്റെയും മറ്റും മറവില്‍ വഴിവിട്ട് പണം സമ്പാദിച്ചവരുമുണ്ട്. ചിലര്‍ വാങ്ങിക്കൂട്ടിയ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നും സംശയിക്കപ്പെട്ടിട്ടുണ്ട്. അവരൊക്കെ ഇന്ന് ഒരുതരം ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ മാധ്യമ പ്രവര്‍ത്തക സമൂഹത്തിന് എങ്ങിനെ അംഗീകരിക്കാന്‍ കഴിയും? അത്തരക്കാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുമോ എന്ന് പരിശോധിക്കപ്പെടേണ്ടേ? ‘അതീവ സുരക്ഷിത’മെന്ന് നാം വിശേഷിപ്പിക്കുന്ന പ്രദേശങ്ങളില്‍ ചെന്നുകയറാന്‍ അവര്‍ക്ക് ലൈസന്‍സ് കൊടുക്കണോ എന്നത് ചിന്തിക്കേണ്ടതുണ്ടല്ലോ. അത്രയേ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുള്ളൂ. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആശങ്കവേണ്ട; എന്നാല്‍ ചിലര്‍ക്ക് പ്രശനങ്ങളുണ്ടായാല് അതിശയിക്കാനുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: