ചങ്ങനാശ്ശേരി ഈസ്റ്റ്: നഗരത്തിലും പഞ്ചായത്തിലും പൊതുസ്ഥലത്ത് കുന്നുകൂടി മാലിന്യം. ചീഞ്ഞുനാറിയിട്ട് വഴി നടക്കാന്‍ കഴിയുന്നില്ല, എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ചങ്ങനാശ്ശേരി നഗര ഗ്രാമ പ്രദേശങ്ങളില്‍ മൂക്കുപൊത്താതെ വഴിനടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്.
വീടുകളില്‍ നിന്നും വ്യാപര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രിയിലാണ് റോഡരികില്‍ തള്ളുന്നത്. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കെയാണിത്. ചീഞ്ഞഴുകിയ നിലയിലാണ് പലയിടത്തും മാലിന്യം കുന്നുകൂടികിടക്കുന്നത്. ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്.
പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടുകളില്‍ നിന്നും ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യവും റോഡില്‍ തന്നെ തള്ളുന്നതായും മറ്റ് വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലും തള്ളുന്നതായും പരാതിയുണ്ട്.
നഗരത്തിലും ഉപറോഡുകളിലും ചാക്കില്‍ കെട്ടിയ നിലയിലും മാലിന്യം കിടക്കുന്നുണ്ട്. ഇവ തെരുവ് നായ്ക്കള്‍ മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചു കൊണ്ടിടുന്നു. നഗരസഭക്ക് ഡമ്പിങ്യാര്‍ഡ് ഉണ്ടെങ്കിലും അവിടെ മാലിന്യം തള്ളാന്‍ നാട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിയാണ്.
മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മിക്കാന്‍ നഗരത്തിലും പഞ്ചായത്തിലും സ്ഥലം ഉണ്ടെങ്കിലും അധികൃതര്‍ തയ്യാറാകുന്നില്ല. മാലിന്യ പ്രശ്നം നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇതോ, ആധുനിക മാലിന്യ സംസ്കരണം
മാലിന്യം പൊതുനിരത്തില്‍ വിതറിയിടുന്ന ആധുനിക മാലിന്യ സംസ്കരണരീതി നഗരസഭ തുടങ്ങിയോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മഹാമാരിയുടെ കാലത്തും മാലിന്യം ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.
ചാലുകുന്ന് സിഎംഎസ് കോളജ് റോഡില്‍ നിന്നും തിരുനക്കയിലേയ്ക്കുള്ള ശ്രീനിവാസ അയ്യര്‍ റോഡിലാണിത്. രണ്ടിടങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ബ്രാഹ്മണ സമൂഹമഠത്തിനു സമീപവും പാരഗണ്‍ റബ്ബര്‍ കമ്പനിയുടെ ഓഫീസിനു സമീപത്തെയും സ്ഥിതി വ്യത്യസ്തമല്ല. ആശുപത്രികളില്‍ ഉപയോഗിക്കുന്ന രക്തം പുരണ്ട കൈയ്യുറകള്‍ വരെ നിരത്തില്‍ ഇട്ടിട്ടുണ്ട്. ചിലത് മഴയത്ത് ഒലിച്ച് പോകുന്നത് പരിസരത്തുള്ള വീടുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കുമാണ്.
മാലിന്യ സംസ്കരണത്തിന്റെ പുതിയ രീതിയാണോ ഇത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: